കാര്‍ത്തിക്, ചാഹല്‍ ടി20 ലോകകപ്പില്‍ വേണ്ട! സഞ്ജുവിനെ തിരിച്ചുവിളിക്കൂ; ബിസിസിഐക്ക് മുന്നില്‍ നിര്‍ദേശം
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് മുന്നിലെത്തി. അതിനേക്കാളേറെ ചര്‍ച്ചയാകുന്നത് ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനാണ്. വിരാട് കോലിക്കും (2), രോഹിത് ശര്‍മയ്ക്കും (11) മത്സരത്തില്‍ തിളങ്ങാനായില്ല.
മൊഹാലി: ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പരയില്‍ തോല്‍വിയോടെയാണ് ഇന്ത്യ തുടങ്ങിയത്. മൊഹായില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. 30 പന്തില്‍ പുറത്താവാതെ 71 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. കെ എല്‍ രാഹുല്‍ (35 പന്തില്‍ 55), സൂര്യകുമാര്‍ യാദവ് (25 പന്തില്‍ 46) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
റിവ്യൂന് അപ്പീല്‍ ചെയ്തില്ല, ദിനേശ് കാര്‍ത്തികിന്റെ കഴുത്തിന് പിടിച്ച് രോഹിത് ശര്‍മ- വൈറല്‍ വീഡിയോ
വലിയ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ജയിക്കാന്‍ ഇന്ത്യക്കായില്ല. 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് ലക്ഷ്യം മറികടന്നു. 30 പന്തില്‍ 61 റണ്‍സ് നേടിയ കാമറോണ്‍ ഗ്രീനാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 21 പന്തില്‍ പുറത്താവാതെ 45 റണ്‍സെടുത്ത മാത്യൂ വെയ്ഡും നിര്‍ണായക പ്രകടനം പുറത്തെടുത്തു.
ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് മുന്നിലെത്തി. അതിനേക്കാളേറെ ചര്‍ച്ചയാകുന്നത് ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനാണ്. വിരാട് കോലിക്കും (2), രോഹിത് ശര്‍മയ്ക്കും (11) മത്സരത്തില്‍ തിളങ്ങാനായില്ല. റിഷഭ് പന്തിന് പകരം ടീമിലെത്തിയ ദിനേശ് കാര്‍ത്തിക് (6), രവീന്ദ്ര ജഡേജയ്ക്ക് പകരം ടീമിലെത്തിയ അക്‌സര്‍ പട്ടേല്‍ (6) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി.
ബൗളര്‍മാരില്‍ ആവട്ടെ പരിക്കിന് ശേഷം ടീമില്‍ തിരിച്ചെത്തിയ ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ തല്ലുമേടിച്ചു. ഭുവി നാല് ഓവറില്‍ 52 റണ്‍സാണ് വിട്ടുകൊടുത്തത്. ഡെത്ത് ഓവറുകളില്‍ റണ്ണൊഴുക്ക് തടയാന്‍ ഭുവിക്കായില്ല.
ഹര്‍ഷല്‍ ആവട്ടെ ഇത്രയും തന്നെ ഓവറില്‍ 49 റണ്‍സ് വിട്ടുകൊടുത്തു. രണ്ട് പേര്‍ക്കും വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞതുമില്ല. ഉമേഷ് യാദവ് രണ്ട് ഓവറില്‍ 27 റണ്‍സാണ് നല്‍കിയത്. ചാഹല്‍ 3.2 ഓവറില്‍ 42 റണ്‍സാണ് നല്‍കിയത്. ഒരു വിക്കറ്റും വീഴ്ത്തി. മുഹമ്മദ് ഷമിക്ക് പകരം ടീമിലെത്തിയ ഉമേഷിന് രണ്ട് വിക്കറ്റ് നേടാന്‍ സാധിച്ചിരുന്നു. തോല്‍വിയുടെ ആരാധകരും നിരാശരാണ്.
ടി20 ലോകകപ്പ് ജയിക്കണമെങ്കില്‍ ഈ ടീമുമായി പോയാല്‍ ശരിയാവില്ലെന്നാണ് ആരാധകപക്ഷം. ഏതൊക്കെ താരങ്ങളെ മാറ്റണം, ആരൊക്കെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശവും പലരും പങ്കുവെക്കുന്നുണ്ട്. ടി20 ലോകകപ്പ് നേടണമെങ്കില്‍ മലയാളി താരം സഞ്ജു സാംസണ്‍, മുഹമ്മദ് ഷമി, മുഹ്‌സിന്‍ ഖാന്‍, രവി ബിഷ്‌ണോയ് എന്നിവരെ ടീമിലെത്തിക്കൂവെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
ഫോമില്‍ അല്ലാഞ്ഞിട്ടും കാര്‍ത്തികിന് വീണ്ടും വീണ്ടും അവസരം നല്‍കുന്നതും ആരാധകരെ ചൊടിപ്പിച്ചു. അവസാന 11 ടി20 ഇന്നിംഗ്‌സില്‍ 107 മാത്രമാണ് കാര്‍ത്തികിന്റെ സമ്പാദ്യം. ഒരിക്കല്‍ 19 പന്തില്‍ 41 റണ്‍സെടുത്തത് ഒഴിച്ചാല്‍ എടുത്തുപറയത്തക്ക പ്രകടനങ്ങളൊന്നും കാര്‍ത്തികിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.