പരമശിവന്‍, ത്രിശൂലം, ഡമരു, ചന്ദ്രകല; മോദിയുടെ മണ്ഡലത്തിലെ ക്രിക്കറ്റ് സ്റ്റേഡിയം ഒരു കുഞ്ഞു 'കൈലാസം' തന്നെ
മുന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ദിലീപ് വെങ്സര്‍ക്കാര്‍, രവി ശാസ്ത്രി, മദന്‍ ലാല്‍, ഗുണ്ടപ്പ വിശ്വനാഥ്, ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി, സെക്രട്ടറി ജയ് ഷാ തുടങ്ങിയവര്‍ പങ്കെടുക്കും.
വാരണാസി: ഇന്ത്യയില്‍ മറ്റൊരു ക്രിക്കറ്റ് സ്‌റ്റേഡിയം കൂടി. ശനിയാഴ്ച്ച വാരണാസിയിലെ ഗഞ്ചാരിയില്‍ അത്യാധുനിക സംവിധാനങ്ങളോട് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. ഏകദേശം 30,000 പേര്‍ക്ക് കളി കാണാന്‍ സൗകര്യമുള്ള സ്‌റ്റേഡിയമാണ് വാരണാസിയില്‍ ഒരുക്കുക. 450 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേന്‍ ഭാരവാഹികളും ബിസിസിഐ ഉന്നതരും തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കും. നിരവധി മുന്‍ താരങ്ങളും ചടങ്ങിന്റെ ഭാഗമാകുമെന്നാണ് പുറത്തുവരുന്ന വിവരം.
സ്‌റ്റേഡിയത്തിന്റെ രൂപത്തെ കുറിച്ച് ഡിവിഷണല്‍ കമ്മീഷണര്‍ കൗശല്‍ രാജ് ശര്‍മ വിശദീരിക്കുന്നതിങ്ങനെ... ''നിര്‍ദിഷ്ട രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മുന്‍ഭാഗം കാശിയേയും പരമശിവനേയും അനുസ്മരിപ്പിക്കും. മേല്‍ക്കൂര ശിവനെ കിരീടമണിയിക്കുന്ന ചന്ദ്രക്കലയോട് സാമ്യമുള്ളതായിരിക്കും. ഫ്‌ളഡ്‌ലൈറ്റുകളുടെ കാലുകള്‍ക്ക് ത്രിശൂലത്തിന്റെ മാതൃക നല്‍കും. ഗ്യാലറി കാശിയുടെ ഘാട്ടുകളുടെ മാതൃകയില്‍ ഒരുക്കും. പവലിയനും വിഐപി ലോഞ്ചും ശിവന്റെ കയ്യിലുള്ള വാദ്യോപകരണമായി ഡമരു രൂപത്തിലാണ് ഒരുക്കുക. മെറ്റാലിക് ഫ്രെയിമുകളില്‍ ബില്‍വ പത്രയുടെ കൂറ്റന്‍ രൂപങ്ങള്‍ സ്ഥാപിക്കും.'' അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
മോദിയുടെ പാര്‍ലമെന്റ് മണ്ഡലത്തിലാണ് സ്‌റ്റേഡിയമെന്ന സവിശേഷതയുമുണ്ട്. മുന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ദിലീപ് വെങ്സര്‍ക്കാര്‍, രവി ശാസ്ത്രി, മദന്‍ ലാല്‍, ഗുണ്ടപ്പ വിശ്വനാഥ്, ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി, സെക്രട്ടറി ജയ് ഷാ തുടങ്ങിയവര്‍ പങ്കെടുക്കും.
450 കോടി രൂപയുടെ പദ്ധതിയില്‍ ബിസിസിഐ 330 കോടി നല്‍കും. സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ 120 കോടി ചെലവഴിച്ചിരുന്നു. എല്‍ ആന്‍ഡ് ടിക്കാണ് നിര്‍മാണ ചുമതല. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സ്‌റ്റേഡിയം തയ്യാറാകും. അതിനുശേഷം നിര്‍ദ്ദിഷ്ട സ്റ്റേഡിയത്തിന് സമീപമുള്ള പ്രദേശത്തിന്റെ വികസനത്തിന് അന്തിമരൂപം നല്‍കാന്‍ യുപി പ്രധാനമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.