മുഷീര്‍ ഖാന്‍ അപകടനില തരണം ചെയ്തു; തുടര്‍ചികിത്സയ്ക്കായി അദ്ദേഹത്തെ മുംബൈയിലേക്ക് മാറ്റും

മുംബൈയില്‍ നിന്ന് ടീമിനൊപ്പമായിരുന്നില്ല മുഷീര്‍ ലഖ്‌നൗവിലേക്ക് പോയത്.

musheer khan car accident injury update

ലഖ്‌നൗ: വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റ് താരം മുഷീര്‍ ഖാന്‍ അപകടനില തരണം ചെയ്തു. കഴിഞ്ഞ ദിവസാണ് മുംബൈ ക്രിക്കറ്ററും ഇന്ത്യന്‍ ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാന്റെ സഹോദരനുമായ മുഷീര്‍ ഖാന്‍ അപകടത്തില്‍ പെട്ടത്. ഇറാനി കപ്പ് ടൂര്‍ണമെന്റിനായി കാണ്‍പൂരില്‍ നിന്ന് ലഖ്നൗവിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ കൈക്ക് പൊട്ടലുള്ള മുഷീര്‍ ഖാന് ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന ഇറാനി ട്രോഫി മത്സരം നഷ്ടമാവും. റെസ്റ്റ് ഓഫ്  ഇന്ത്യക്കെതിരായ ഇറാനി ട്രോഫിയില്‍ മുംബൈക്കായാണ് 19കാരനായ മുഷീര്‍ കളിക്കുന്നത്.

താരത്തിന്റെ കഴുത്തിന് പരിക്കേറ്റെന്നും മൂന്ന് മാസത്തോളം വിശ്രമം വേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുഷീറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് താരത്തെ ചികിത്സിക്കുന്ന ലഖ്നൗവിലെ മേദാന്ത ആശുപത്രിയിലെ ഡോ. ഭോല സിംഗ് സ്ഥിരീകരിച്ചു. ഒക്ടോബര്‍ ഒന്നു മുതല്‍ ലഖ്‌നൗവിലെ ഏക്‌നാ സ്റ്റേഡിയത്തിലാണ് ഇറാനി ട്രോഫി മത്സരം നടക്കുക. ഇറാനി ട്രോഫിക്ക് പുറമെ ഒക്ടോബര്‍ 11ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയിലെ ആദ്യ റൗണ്ട് മത്സരങ്ങളും മുഷീറിന് നഷ്ടമാകുമെന്നാണ് കരുതുന്നത്. 

മുംബൈയില്‍ നിന്ന് ടീമിനൊപ്പമായിരുന്നില്ല മുഷീര്‍ ലഖ്‌നൗവിലേക്ക് പോയത്. അസംഗഡില്‍ നിന്ന് പിതാവും കോച്ചുമായ നൗഷാദ് ഖാനൊപ്പമായിരുന്നു മുഷീര്‍ ലഖ്‌നൗവിലേക്ക് പോയത്. യാത്ര ചെയ്യാന്‍ സാധിക്കുന്ന നിലയിലേക്ക് മുഷീര്‍ എത്തിയാല്‍ ഉടന്‍ തന്നെ തുടര്‍ചികിത്സയ്ക്കായി അദ്ദേഹത്തെ മുംബൈയിലേക്ക് കൊണ്ടുപോകുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബിക്കായി അരങ്ങേറിയ മുഷീര്‍ 181 റണ്‍സടിച്ച് തിളങ്ങിയിരുന്നു. കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ മുംബൈക്കായി 51.14 ശരാശരിയില്‍ 716 റണ്‍സടിച്ച മുഷീര്‍ ക്വാര്‍ട്ടറില്‍ ബറോഡക്കെതിരെ പുറത്താകാതെ 203 റണ്‍സും ഫൈനലില്‍ വിദര്‍ഭക്കെതിരെ 136 റണ്‍സും നേടി. ബാറ്ററെന്നതിലുപരി പാര്‍ട് ടൈം സ്പിന്നര്‍ കൂടിയായ മുഷീര്‍ അണ്ടര്‍ 19 ലോകകപ്പിലും ഇന്ത്യക്കായി തിളങ്ങിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios