ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്കില്ല! വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയ്
2018ലെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലാണ് 38കാരന്‍ അവസാനമായി ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സി അണിഞ്ഞത്. 61 ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച മുരളി 3982 റണ്‍സാണ് നേടിയത്.
ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെറ്ററന്‍ ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയ്. 2018ലെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലാണ് 38കാരന്‍ അവസാനമായി ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സി അണിഞ്ഞത്. 61 ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച മുരളി 3982 റണ്‍സാണ് നേടിയത്. ഇതില്‍ 12 സെഞ്ചുറികളും 15 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. 2013ല്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ 167 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 17 ഏകദിന മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞു. 339 റണ്‍സാണ് സമ്പാദ്യം. ഒമ്പത് ടി20 മത്സരങ്ങില്‍ 169 റണ്‍സും നേടി.
അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞതിങ്ങനെ.. ''ഒരുപാട് നന്ദിയോടെ, വിനയത്തോടെ ഇന്ന് ഞാന്‍ എന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തുന്നു. ഇന്ത്യന്‍ ടീമിനൊപ്പം 2002 മുതല്‍ 2018 വരെയുള്ള കാലയളവ് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഏടായിരുന്നു. എനിക്ക് നല്‍കിയ അവസരത്തിന് ഞാന്‍ ബിസിസിഐയോട് കടപ്പെട്ടിരിക്കുന്നു. അതോടൊപ്പം തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനോടും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടും ഞാന്‍ നന്ദി പറയുന്നു. അതോടൊപ്പം സഹതാരങ്ങള്‍, പരിശീകര്‍, മെന്റര്‍മാര്‍, കോച്ചിംഗ് സ്റ്റാഫ്... എല്ലാവരേയും ഞാന്‍ ഈ നിമിഷം ഓര്‍ക്കുന്നു. അവര്‍ക്കൊപ്പം കളിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. എന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെയൊന്നും പിന്തുണയില്ലാതെ ഞാനിവിടെ എത്തില്ല.'' മുരളി വിജയ് പ്രസ്താവനയില്‍ വ്യക്താക്കി.
സുനില്‍ ഗവാസ്‌കര്‍ക്കും വിരേന്ദര്‍ സെവാഗിനും ശേഷം ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഓപ്പണറാണ് മുരളി. ഗവാസ്‌കര്‍ 203 ഇന്നിംംഗില്‍ 33 സെഞ്ചുറികളാണ് നേടിയത്. സെവാഗ് 168 ഇന്നിംഗ്‌സില്‍ 22 സെഞ്ചുറിയാണ് സ്വന്തമാക്കിയത്. മുരളി 100 ഇന്നിംഗ്‌സുകള്‍ കളിച്ചപ്പോള്‍ 12 സെഞ്ചുറികള്‍ സ്വന്തമാക്കി.
ഓസ്‌ട്രേലിയക്കെതിരെ നാല് സെഞ്ചുറികള്‍ മുരളി സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരെ മൂന്നും ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെ രണ്ട് വീതം സെഞ്ചുറികളും സ്വന്തമാക്കി. അഫ്ഗാനിസ്ഥാനെതിരെ ഒരു സെഞ്ചുറിയും സ്വന്തമാക്കാന്‍ മുരളിക്കായി.