ഐപിഎല്‍: അടുത്ത സീസണിന് രണ്ടുംകല്‍പിച്ച് മുംബൈ ഇന്ത്യന്‍സ്; ബേസില്‍ തമ്പിയടക്കമുള്ളവർ ഇംഗ്ലണ്ടിലേക്ക്
ഐപിഎല്ലിന്‍റെ അടുത്ത സീസണിനായി ഇനിയുമുണ്ട് ഒന്‍പത് മാസം. എന്നാൽ കാത്തിരിക്കാൻ മുംബൈ ഇന്ത്യൻസും പരിശീലകൻ മഹേല ജയവർധനെയും തയ്യാറല്ല.
മുംബൈ: ഐപിഎല്ലില്‍(IPL) തിരിച്ചുവരവിനൊരുങ്ങി മുംബൈ ഇന്ത്യൻസ്(Mumbai Indians). യുവതാരങ്ങൾക്ക് അടുത്ത മാസം ഇംഗ്ലണ്ടിൽ പരിശീലനം നൽകും. മലയാളി താരം ബേസിൽ തമ്പി(Basil Thampi), തിലക് വർമ്മ(Tilak Varma), ഡിവാൾ ബ്രെവിസ്(Dewald Brevis) ഉൾപ്പെടെയുള്ളവർക്കാകും അവസരം കിട്ടുക. പരിശീലകൻ മഹേല ജയവർധനെ(Mahela Jayawardene) മേല്‍നോട്ടം വഹിക്കും.
ഐപിഎല്ലിന്‍റെ അടുത്ത സീസണിനായി ഇനിയുമുണ്ട് ഒന്‍പത് മാസം. എന്നാൽ കാത്തിരിക്കാൻ മുംബൈ ഇന്ത്യൻസും പരിശീലകൻ മഹേല ജയവർധനെയും തയ്യാറല്ല. കാരണം മുംബൈ ഇന്ത്യൻസ് ആരാധകർ സ്വപ്നത്തിൽ പോലും ഓർക്കാൻ ആഗ്രഹിക്കുന്നില്ല കഴിഞ്ഞ സീസൺ. 14 കളിയിൽ വെറും 4 ജയം മാത്രമായിരുന്നു നേട്ടം. പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനക്കാരുമായി. കരുത്തരെന്ന് എക്കാലവും വാഴ്ത്തപ്പെട്ട മുംബൈയെ ഞെട്ടിക്കുന്നതായിരുന്നു ഓരോ മത്സര ഫലവും. ഈ സാഹചര്യത്തിലാണ് അടുത്ത സീസണിന് മുൻകൂട്ടി ഒരുങ്ങാൻ മുംബൈ മാനേജ്മെന്‍റ് തീരുമാനിച്ചത്.
ദേശീയ ടീമിൽ ഇടംപിടിച്ചിട്ടില്ലാത്ത യുവ താരങ്ങളെ മുൻനിർത്തിയാകും ആദ്യഘട്ട പരിശീലനം. ജൂലൈയിൽ ഇവരെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകും. മൂന്ന് ആഴ്ചത്തെ ട്രെയിനിംഗാണ് താരങ്ങള്‍ക്ക് നല്‍കുക. ഇംഗ്ലണ്ടിലെ മുൻനിര ക്ലബ്ബുകളുമായി കളിക്കും. കളിക്കാരുടെ പ്രകടനം നേരിട്ട് കണ്ട് വിലയിരുത്താൻ പരിശീലകൻ മഹേല ജയവർധനെയും ഒപ്പമുണ്ടാകും.
മലയാളി പേസർ ബേസിൽ തമ്പി, കഴിഞ്ഞ സീസണിൽ മുംബൈയ്ക്കായി തിളങ്ങിയ തിലക് വർമ്മ, കുമാർ കാർത്തികേയ, മായങ്ക് മാർകണ്ഡേ, അൻമോൽപ്രീത് സിംഗ്, മുരുഗൻ അശ്വിൻ, ദക്ഷിണാഫ്രിക്കയുടെ ഭാവി താരം ഡിവാൾഡ് ബ്രെവിസ് തുടങ്ങിയവരൊക്കെ ഇംഗ്ലണ്ടിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഇംഗ്ലണ്ടിലുള്ള സച്ചിന്‍റെ മകൻ അർജുൻ ടെന്‍ഡുല്‍ക്കറും ഈ സംഘത്തിനൊപ്പം ചേരും.
അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറുടെ ചിത്രം പങ്കുവെച്ച് ഇംഗ്ലണ്ട് വനിതാ സൂപ്പര്‍ താരം