ക്യാപ്റ്റൻ ഹാർദ്ദിക്ക് പാണ്ഡ്യയെ വിമർശിച്ച ആരാധകന്‍റെ പോസ്റ്റ് അതേപടി പങ്കുവെച്ച് മുംബൈ താരം; ഞെട്ടി ആരാധകർ
ഇജാസ് അസീസി07 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് പങ്കുവെച്ച വിമര്‍ശന പോസ്റ്റാണ് നബി അറിയാതെ പങ്കുവെച്ചത്.
മുള്ളൻപൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ വിമര്‍ശിച്ച ആരാധകന്‍റെ പോസ്റ്റ് പങ്കുവെച്ച് മുംബൈ താരം മുഹമ്മദ് നബി. ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ഹാര്‍ദ്ദിക്കിന്‍റെ പല തീരുമാനങ്ങളും വിചിത്രമായിരുന്നുവെന്നും നബിയെക്കൊണ്ട് ബൗള്‍ ചെയ്യിക്കാതിരുന്ന ഹാര്‍ദ്ദിക്കിന്‍റെ തീരുമാനം ആരാധകരെ അത്ഭുതപ്പെടുത്തിയെന്നും നബിയുടെ ചിത്രത്തിന്‍റെ തലക്കെട്ടായി കുറിച്ച ആരാധകന്‍റെ പോസ്റ്റാണ് അഫ്ഗാന്‍ താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്.
നബി ക്യാച്ചെടുക്കുന്ന ചിത്രത്തിന്‍റെ അടിക്കുറിപ്പായി പ്രസിഡന്‍റ്, ഗെയിം ചേഞ്ചര്‍, നിര്‍ണായക സമയത്ത് രണ്ട് ക്യാച്ചുകളും ഒരു റണ്ണൗട്ടും എന്നും ആരാധകന്‍ കുറിച്ചിരുന്നു. എന്നാല്‍ ക്യാപ്റ്റനെ വിമര്‍ശിക്കുന്ന ഭാഗം കാണാതെ തന്‍റെ പ്രകടനത്തെ ആരാധകന്‍ പുകഴ്ത്തിയത് മാത്രം വായിച്ചതാണ് നബിക്ക് അബദ്ധം സംഭവിക്കാന്‍ കാരണമെന്നാണ് കരുതുന്നത്. പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം നബി സ്റ്റോറി ഡീലിറ്റ് ചെയ്തെങ്കിലും അതിനു മുമ്പ് മുംബൈ ആരധകര്‍ അത് കണ്ടെത്തി സ്ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.
ഇജാസ് അസീസി07 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് പങ്കുവെച്ച വിമര്‍ശന പോസ്റ്റാണ് നബി അറിയാതെ പങ്കുവെച്ചത്. ഇയാളുടെ അക്കൗണ്ടില്‍ ഈ പോസ്റ്റ് ഇപ്പോഴുമുണ്ട്. ഇന്നലെ പഞ്ചാബിനെതിരായ മത്സരത്തില്‍ നബിക്ക് ഒരോവര്‍ പോലും ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. ടീമിലെ മറ്റൊരു സ്പിന്നറായ ശ്രേയസ് ഗോപാല്‍ രണ്ടോവര്‍ പന്തെറിഞ്ഞ് 26 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തപ്പോള്‍ പേസര്‍മാരായ ആകാശ് മധ്‌വാള്‍ 3.1 ഓവറില്‍ 46 റണ്‍സും റൊമാരിയോ ഷെപ്പേര്‍ഡ് രണ്ടോവറില്‍ 20 റണ്‍സും വഴങ്ങിയിട്ടും നബിക്ക് ഒരോവര്‍ പോലും നല്‍കാതിരുന്ന ഹാര്‍ദ്ദിക്കിന്‍റെ തീരുമാനം ആരാധകരെ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ഇന്നലെ നാലോവര്‍ ഹാര്‍ദ്ദിക് തന്നെ എറിഞ്ഞതിനാല്‍ മുംബൈക്ക് നബിയെ ഉപയോഗിക്കേണ്ടിവന്നിരുന്നില്ല.
Mohammad Nabi's Instagram story. pic.twitter.com/Rk4qWoIOsl
— Mufaddal Vohra (@mufaddal_vohra) April 19, 2024
മത്സരത്തില്‍ അവസാന ഓവറില്‍ പഞ്ചാബിന് ജയിക്കാന്‍ 12 റണ്‍സ് വേണ്ടപ്പോള്‍ കാഗിസോ റബാഡയെ റണ്ണൗട്ടാക്കിയത് നബിയുടെ ത്രോ ആയിരുന്നു. അവസാനം തകര്‍ത്തടിച്ച് മുംബൈയെ ആശങ്കയിലാഴ്ത്തിയ അശുതോഷ് ശര്‍മയുടെയും ഹര്‍പ്രീത് ബ്രാറിന്‍റെയും നിര്‍ണായക ക്യാച്ചുകളെടുത്തും നബി ഫീല്‍ഡിംഗില്‍ തിളങ്ങയിരുന്നു. മുംബൈ ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയെങ്കിലും റണ്ണെടുക്കും മുമ്പ് നബി റണ്ണൗട്ടായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക