'ദൈവത്തിന്റെ പോരാളികൾ തോറ്റുകൊണ്ടേ തുടങ്ങാറുള്ളൂ'; മുംബൈ ആരാധകർ ഇത് വെറുതെ പറയുന്നതല്ല, കാരണം
പരസ്പരം ഏറ്റുമുട്ടിയപ്പോഴുള്ള കണക്കിൽ മുംബൈ മുന്നിലാണെങ്കിലും ഹിറ്റ്മാനെയും സംഘത്തെയും ഭയപ്പെടുത്തുന്ന മറ്റൊരു കണക്കിലെ കളി കൂടെയുണ്ട്.
ബംഗളൂരു: ഐപിഎൽ 2023 സീസണിലെ ആദ്യ മത്സരത്തിനിറങ്ങുകയാണ് മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും. ഇരുടീമും വിജയിച്ച് തന്നെ സീസൺ ആരംഭിക്കാനാണ് താത്പര്യപ്പെടുന്നത്. മുംബൈക്കാണെങ്കിൽ കഴിഞ്ഞ വർഷമുണ്ടായ നാണക്കേടിൽ നിന്ന് മുക്തി നേടണമെങ്കിൽ ഇക്കുറി കിരീടം വീണ്ടും സ്വന്തമാക്കണം. ആർസിബിക്ക് ആണെങ്കിൽ കിട്ടാക്കനിയായ കപ്പ് ആദ്യമായി സ്വന്തമാക്കണം എന്ന ലക്ഷ്യം മാത്രമേയുള്ളൂ.
പരസ്പരം ഏറ്റുമുട്ടിയപ്പോഴുള്ള കണക്കിൽ മുംബൈ മുന്നിലാണെങ്കിലും ഹിറ്റ്മാനെയും സംഘത്തെയും ഭയപ്പെടുത്തുന്ന മറ്റൊരു കണക്കിലെ കളി കൂടെയുണ്ട്. ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മുംബൈ വിജയം നേടിയിട്ട് വർഷങ്ങളേറെയായി. അവസാനമായി ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ 2012ൽ സിഎസ്കെയ്ക്ക് എതിരെയാണ് അവസാനമായി സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ വിജയിച്ചത്. അന്ന് ഹർഭജൻ സിംഗ് ആയിരുന്നു മുംബൈയെ നയിച്ചത്.
പിന്നെ 2013ൽ റിക്കി പോണ്ടിംഗിന്റെ നേതൃത്വത്തിൽ ഇറങ്ങിയ മുംബൈ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിരാട് കോലിയുടെ ആർസിബിയോട് തോൽവിയറിഞ്ഞു. പിന്നീട് ഇതുവരെ സീസണിലെ ആദ്യ മത്സരം ജയിക്കാൻ മുംബൈക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം ഡൽഹി ക്യാപിറ്റൽസിനോട് തോൽവിയറിഞ്ഞതോടെ തുടർച്ചയായി 10 സീസണുകൾ ആദ്യ മത്സരത്തിൽ തോറ്റവർ എന്ന റെക്കോർഡ് മുബൈ പേരിലാക്കിയിരുന്നു.
ആദ്യ മത്സരത്തിൽ തോൽക്കുമെങ്കിലും പിന്നീട് കുതിക്കുന്ന ചരിത്രമുള്ള ഹിറ്റ്‍മാനും സംഘവും അഞ്ച് കിരീടങ്ങൾ നേടിയതാണ് ചരിത്രം. എന്തായാലും ആർസിബിക്ക് എതിരെ അവരുടെ മൈതാനത്ത് തുടങ്ങി വച്ച ഈ മാറാപ്പ് അവിടെ തന്നെ ഇറക്കിവയ്ക്കാനാണ് ഇത്തവണ മുംബൈ ലക്ഷ്യമിടുന്നത്. നേർക്കുനേർ പോരിൽ 30 മത്സരത്തിൽ 17ൽ ജയിച്ച മുംബൈക്കാണ് മേൽക്കൈ. ബംഗളൂരു 13 കളിയിലും ജയിച്ചു. പ്ലേ ഓഫ് കാണാതെ പുറത്തായ സീസണുകൾക്ക് തൊട്ടടുത്ത വർഷം കിരീടവുമായി തിരിച്ചെത്തുന്നതാണ് മുംബൈയുടെ പതിവ്. 2017ലും 19ലും കിരീടം നേടിയ മുംബൈ തൊട്ട് മുമ്പുള്ള സീസണിൽ പ്ലേഓഫ് കണ്ടിരുന്നില്ല. ആരാധകർ ഈ കണക്കിലും പ്രതീക്ഷ വയ്ക്കുന്നുണ്ട്.