ഐപിഎല്ലിലെ മൂല്യമേറിയ ടീം, ചെന്നൈയെ പിന്നിലാക്കി മുംബൈ ഇന്ത്യൻസ്; സഞ്ജുവിന്‍റെ രാജസ്ഥാന്‍ അവസാന സ്ഥാനത്ത്
ഷാരൂഖ് ഖാന്‍റെ ഉടമസ്ഥതതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് ബ്രാന്‍ഡ് മൂല്യത്തില്‍ മൂന്നാമത്. 78.6 മില്യണ്‍ ഡോളറാണ് കൊല്‍ക്കത്തയുടെ ബ്രാന്‍ഡ് മൂല്യമായി കണക്കാക്കുന്നത്.
മുംബൈ: ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡ് എന്ന പദവി നിലനിര്‍ത്തി മുംബൈ ഇന്ത്യന്‍സ്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ ടീമുകളിൽ ഒന്നാമത് എത്തിയത്. ആരാധക പിന്തുണ, ജനകീയത, പരസ്യ കരാറുകള്‍, സൂപ്പര്‍ താര സാന്നിധ്യം എന്നിങ്ങനെ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള ബ്രാന്‍ഡ് മൂല്യത്തില്‍ 87 മില്യണ്‍ ഡോളറിന്‍റെ ബ്രാന്‍ഡ് മൂല്യവുമായാണ് മുംബൈ ഒന്നാമത് എത്തിയത്.
ഐപിഎല്ലില്‍ അഞ്ച് തവണ കിരീടം നേടിയ രണ്ട് ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യൻസ് എന്നതും ബ്രാന്‍ഡ് മൂല്യം ഉയര്‍ത്തുന്ന ഘടകമായി. രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര എന്നിങ്ങനെ ലോക ക്രിക്കറ്റിലെ സൂപ്പര്‍താര സാന്നിധ്യവും മുംബൈയെ മുന്നിലെത്തിച്ചു.
എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് ബ്രാന്‍ഡ് മൂല്യത്തില്‍ രണ്ടാമത്. 81 മില്യണ്‍ ഡോളറാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ബ്രാന്‍ഡ് മൂല്യമായി കണക്കാക്കിയിരിക്കുന്നത്. ധോണിയുടെ സാന്നിധ്യം തന്നെയാണ് ചെന്നൈയുടെ ബ്രാന്‍ഡ് മൂല്യം ഉയര്‍ത്തുന്നതില്‍ നിര്‍ണായക ഘടകം. പരിചയസമ്പന്നരായ മാനേജ്മെന്‍റും അഞ്ച് കിരീടങ്ങള്‍ നേടിയിട്ടുള്ള സ്ഥിരതയും ചെന്നൈയുടെ മൂല്യം ഉയര്‍ത്തുന്നു.
ഷാരൂഖ് ഖാന്‍റെ ഉടമസ്ഥതതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് ബ്രാന്‍ഡ് മൂല്യത്തില്‍ മൂന്നാമത്. 78.6 മില്യണ്‍ ഡോളറാണ് കൊല്‍ക്കത്തയുടെ ബ്രാന്‍ഡ് മൂല്യമായി കണക്കാക്കുന്നത്. കിംഗ് ഖാന്‍റെ സാന്നിധ്യമാണ് കൊല്‍ക്കത്തയുടെ മൂല്യം ഉയര്‍ത്തുന്ന പ്രധാന ഘടകങ്ങളിലൊന്ന്. 69.8 മില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യം കണക്കാക്കുന്ന വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു ആണ് ബ്രാന്‍ഡ് മൂല്യത്തില്‍ നാലാമത്. വിരാട് കോലി തന്നെയാണ് ആര്‍സിബിയുടെ ഏറ്റവും വലിയ സ്വത്ത്. ആരാധകരോടുള്ള ഫലപ്രദമായ ഇടപെടലുകളും അവരെ ജനപ്രിയ ടീമാക്കുന്നു.
റിഷഭ് പന്തിന്‍റെ ഡല്‍ഹി ക്യാപിറ്റല്‍സ് 64.1 ഡോളര്‍ ബ്രാന്‍ഡ് മൂല്യവുമായി അഞ്ചാമതാണ്. 48.2 മില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യമുള്ള സണ്‍റൈസേഴ്സ് ഹൈദാരബാദ് ആറാമതും 45.3 മില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യമുള്ള പഞ്ചാബ് കിംഗ്സ് ഏഴാമതും ഉള്ളപ്പോള്‍ 42 മില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യമുള്ള സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ് എട്ടാമതാണ്. ലഖ്നൗവും ഗുജറാത്തും പുതിയ ടീമുകളായതിനാല്‍ ബ്രാന്‍ഡ് മൂല്യം കണക്കാക്കിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക