ട്വന്‍റി 20 ലോകകപ്പ്: സ്‌ക്വാഡില്‍ നിന്ന് ആദ്യം ഒഴിവാക്കിയത് ഷമിയെ നിരാശനാക്കി; വെളിപ്പെടുത്തല്‍
ബുമ്ര പരിക്കേറ്റ് ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് പുറത്തായതോടെയാണ് ഷമിയെ ഇന്ത്യ ഉള്‍പ്പെടുത്തിയത്
മുംബൈ: ട്വന്‍റി 20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ സ്‌ക്വാഡിനെ ആദ്യം പ്രഖ്യാപിച്ചപ്പോള്‍ സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ പേരുണ്ടായിരുന്നില്ല. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര പരിക്കേറ്റ് ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് പുറത്തായതോടെയാണ് ഷമിയെ ഇന്ത്യ ഉള്‍പ്പെടുത്തിയത്. ലോകകപ്പ് ടീമില്‍ തുടക്കത്തിലെ ഷമിയെ ഉള്‍പ്പെടുത്താതിരുന്നത് അന്ന് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. ടീമിലുള്‍പ്പെടാതിരുന്നതില്‍ ഷമിക്ക് നിരാശയുണ്ടായിരുന്നു എന്നാണ് അദ്ദേഹത്തിന്‍റെ മുന്‍ കോച്ച് ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുന്നത്.
'ഷമിക്ക് ചെറിയ സങ്കടമുണ്ടായിരുന്നു, പക്ഷേ അത് പ്രകടിപ്പിച്ചില്ല. ഓസ്ട്രേലിയയിലെ ലോകകപ്പ് സ്ക്വാഡിലുണ്ടാകുമെന്ന് ഷമി പ്രതീക്ഷിച്ചിരുന്നു. ഓസീസ് പിച്ചുകള്‍ ഷമിക്ക് അനുയോജ്യമാണ്. സെലക്ഷന്‍ ലഭിക്കാതെ വന്നപ്പോള്‍ ഷമി നിരാശനായി. പക്ഷേ അത് വ്യക്തമാക്കിയില്ല. ഷമി ലോകകപ്പ് കളിക്കണമായിരുന്നു എന്നുതന്നെയാണ് ഞാന്‍ പറഞ്ഞിരുന്ന്. നോക്കൂ, അദേഹം ഇപ്പോള്‍ ഓസ്ട്രേലിയയില്‍ കളിക്കുകയാണ്. ഷമി നനഞ്ഞ 10 പന്തുകള്‍ തുടര്‍ച്ചയായി എറിയും. നനഞ്ഞ പന്തില്‍ ഗ്രിപ് കിട്ടാന്‍ പ്രയാസമാണ്. തന്‍റെ ബൗളിംഗ് മെച്ചപ്പെടുത്താന്‍ ഷമി ദിവസേന 100 പന്തെങ്കിലും എറിയും. ഷമി വേഗവും സാവധാനവുള്ള രണ്ട് പിച്ചുകള്‍ പരിശീലനത്തിനായി തയ്യാറാക്കിയിട്ടുണ്ട്. നാല് മണിക്കൂറെങ്കിലും ഓടാന്‍ ഇപ്പോഴും ഷമിക്കാകും. ഓട്ടമാണ് ഷമിക്ക് പ്രധാനം' എന്നും ഷമിയുടെ പരിശീലകന്‍ മുഹമ്മദ് ബദ്രുദ്ദീന്‍ ഇന്ത്യന്‍ എക്സ്‌പ്രസിനോട് പറഞ്ഞു.
ഓസ്ട്രേലിയയില്‍ പുരോഗമിക്കുന്ന ഈ ടി20 ലോകകപ്പില്‍ ഇന്ത്യ ഇതുവരെ കളിച്ച നാല് സൂപ്പര്‍-12 മത്സരങ്ങളിലും മുഹമ്മദ് ഷമി പന്തെറിഞ്ഞിരുന്നു. എല്ലാ മത്സരത്തിലും ഓരോ വിക്കറ്റ് താരം വീഴ്ത്തി. ഞായറാഴ്‌ച സിംബാബ്‌വെക്കെതിരെയാണ് ടീം ഇന്ത്യയുടെ അവസാന സൂപ്പര്‍-12 മത്സരം. പ്ലേയിംഗ് ഇലവനില്‍ മാറ്റത്തിന് സാധ്യതയില്ല എന്നതിനാല്‍ സിംബാബ്‌വെക്കെതിരെയും ഷമി ഇറങ്ങും എന്നാണ് സൂചനകള്‍.
ധോണി ഇടപെട്ടു; രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലനിര്‍ത്തും- റിപ്പോര്‍ട്ട്