സാനിയ മിർസയുമായുള്ള വിവാഹവാര്‍ത്ത; ഒടുവില്‍ പ്രതികരിച്ച് മുഹമ്മദ് ഷമി
യാതൊരു ആധികാരികതയും ഇല്ലാത്ത പേജുകളില്‍ വരുന്ന വാര്‍ത്തകളൊക്കെയാണ് ഇത്തരം ആളുകള്‍ പങ്കുവെക്കുന്നത്.
കൊല്‍ക്കത്ത: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിര്‍സയെ വിവാഹം കഴിക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. സാനിയയും ഷമിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും ഇരുവരും ഉടന്‍ വിവാഹിതരാവുമെന്നുമുള്ള വാര്‍ത്തകളും ട്രോളുകളും കഴിഞ്ഞ മാസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സ ഇത് നിഷേധിച്ചെങ്കിലും അഭ്യൂഹങ്ങള്‍ തുടര്‍ന്നു. സാനിയ പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കുമായി വിവാഹമോചനം നേടിയതിന്‍റെ പിന്നാലെയായിരുന്നു ഇത്തരം ഷമിയെയും സാനിയയെും ബന്ധപ്പെടുത്തി വാര്‍ത്തകളും ട്രോളുകളും വന്നത്. കഴിഞ്ഞ ദിവസം ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷമി ഇതിനോട് പ്രതികരിച്ചത്.
സമൂഹമാധ്യമങ്ങളില്‍ ഇത്തരം കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ഇതുപോലുള്ള ട്രോളുകള്‍ ഉണ്ടാക്കുന്നതിലൂടെ ആളുകള്‍ക്ക് ചിലപ്പോള്‍ സന്തോഷം കിട്ടുമായിരിക്കും. പക്ഷെ അത് അതുപോലെ ദ്രോഹിക്കുന്നതുമാണ്. ഒരാളെ മോശക്കാരനാക്കാന്‍ വേണ്ടി ബോധപൂര്‍വം ചെയ്യുന്നതാണ് ഇതൊക്കെ. പക്ഷെ ഇതിനെതിരെ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും. ഇപ്പോള്‍ ഞാനെന്‍റെ ഫോണ്‍ തുറന്നാലും ഇത്തരം ട്രോളുകള്‍ കാണാനാവും. തമാശക്ക് വേണ്ടി ഉണ്ടാക്കുന്നതാണെങ്കിലും അത് മറ്റൊരാളുടെ ജീവിതത്തെ ബാധിക്കുന്നതാണെങ്കില്‍ ഇത്തരം ട്രോളുകളുണ്ടാക്കുകയോ അത് ഷെയര്‍ ചെയ്യുകയോ അരുതെന്നാണ് എനിക്ക് പറയാനുള്ളത്.
യാതൊരു ആധികാരികതയും ഇല്ലാത്ത പേജുകളില്‍ വരുന്ന വാര്‍ത്തകളൊക്കെയാണ് ഇത്തരം ആളുകള്‍ പങ്കുവെക്കുന്നത്. നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ഏതെങ്കിലും വെരിഫൈഡ് പേജില്‍ നിന്ന് ഇത്തരം വാര്‍ത്തകള്‍ കാണിക്കാന്‍ പറ്റുമെങ്കില്‍ മാത്രം ഞാന്‍ ഇത്തരം കാര്യങ്ങള്‍ക്കൊക്കെ മറുപടി പറയാം. ജീവിത്തില്‍ വിജയം നേടാന്‍ ശ്രമിക്കുകയും സ്വയം നവീകരിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്താല്‍ മതി ഒരാള്‍ നല്ല മനുഷ്യനാവാനെന്നും ഷമി പറഞ്ഞു.
പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സാനിയ ആറ് മാസം മുമ്പാണ് പാക് ക്രിക്കറ്റ് താരം ഷൊയൈബ് മാലിക്കുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയത്. 2010ലായിരുന്നു സാനിയയും ഷൊയ്ബ് മാലിക്കും വിവാഹിതരായത്. പിന്നീട് ദുബായിലേക്ത് ഇരുവരും താമസം മാറിയിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഇഹ്സാന്‍ എന്ന മകനുണ്ട്. പ്രസവശേഷവും ടെന്നീസ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയ സാനിയ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിച്ചത്. കഴിഞ്ഞ ദിവസം ഹജ്ജിന് പോകുന്ന വിവരം സാനിയ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.
2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമിയാകട്ടെ പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായി ഇപ്പോള്‍ വിശ്രമത്തിലാണ്. മുഹമ്മദ് ഷമി ഭാര്യ ഹസിന്‍ ജഹാനുമായുള്ള വിവാഹ ബന്ധം ഓദ്യോഗികമായി വേര്‍പെടുത്തിയിട്ടില്ലെങ്കിലും ഇരുവരും ദീര്‍ഘകാലമായി വേര്‍പിരിഞ്ഞു കഴിയുകയാണ്. 2014ലാണ് ഷമിയും ഹസിന്‍ ജഹാനും വിവാഹിതരായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക