മുഹമ്മദ് ഷമിക്ക് വീണ്ടും പരിക്ക്? തിരിച്ചുവരവ് ഉടനില്ല, വിജയ് ഹസാരെയില്‍ ബംഗാളിനായി ആദ്യ മത്സരം കളിച്ചില്ല
ദില്ലിക്കെതിരെ, ഇന്ന് ബംഗാള്‍ ആദ്യ മത്സരം കളിക്കാനെത്തിയപ്പോള്‍ ഷമി ടീമിലില്ല. അദ്ദേഹം പൂര്‍ണമായും ഫിറ്റല്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ഹൈദരാബാദ്: ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്താമെന്നുള്ള വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി. ഇന്ത്യന്‍ ജേഴ്‌സിയിലേക്കുള്ള തിരിച്ചുവരവിന്റെ ഭാഗമായി രഞ്ജി ട്രോഫിയില്‍ ബംഗാളിന് വേണ്ടി ഒരു മത്സരം കളിച്ച ഷമി പിന്നീട് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലും കളിച്ചിരുന്നു. ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഷമി പിന്നീട്, വിജയ് ഹസാരെ ട്രോഫിക്കുള്ള ബംഗാള്‍ ടീമിലും ഷമി ഇടം നേടിയിരുന്നു. ഫിറ്റ്‌നെസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഷമി വിജയ് ഹസാരെ കളിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ ദില്ലിക്കെതിരെ, ഇന്ന് ബംഗാള്‍ ആദ്യ മത്സരം കളിക്കാനെത്തിയപ്പോള്‍ ഷമി ടീമിലില്ല. അദ്ദേഹം പൂര്‍ണമായും ഫിറ്റല്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതുകൊണ്ടുതന്നെ ഷമിക്ക് വിശ്രമം നല്‍കിയിരിക്കുകയാണെന്ന്. വരും മത്സരങ്ങളിലേക്ക് താരം തിരിച്ചെത്തുമോ എന്നുള്ള കാര്യം കാത്തിരുന്ന് കാണാം. അതേസമയം, ബംഗാളിനെതിരെ ദില്ലി നിശ്ചിത 50 ഓവറില്‍ 272 റണ്‍സാണ് അടിച്ചെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദില്ലിയെ അനുജ് റാവത്ത് (66 പന്തില്‍ പുറത്താവാതെ 79), ഹിമ്മത് സിംഗ് (57 പന്തില്‍ 60) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. വൈഭവ് കഡ്പാല്‍ (47), ക്യാപ്റ്റന്‍ ആയുഷ് ബദോനി (41) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ബംഗാളിന് വേണ്ടി മുകേഷ് കുമാര്‍ നാല് വിക്കറ്റ് വീഴ്ത്തി.
23 ലക്ഷത്തിന്റെ പിഎഫ് ഫണ്ട് തട്ടിപ്പ്! മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറണ്ട്
ഷമിയുടെ തിരിച്ചുവരവിനെ കുറിച്ച് കഴിഞ്ഞ ദിവസം ഇന്ത്യന്‍ താരം രോഹിത് ശര്‍മ സംസാരിച്ചിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള വിദഗ്ധരാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടതെന്ന് ബ്രിസ്‌ബേന്‍ ടെസ്റ്റിനുശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ രോഹിത് വ്യക്തമാക്കി. ഷമിയുടെ കാര്യത്തില്‍ എന്താണ് തീരുമാനമെന്ന് അറിയിക്കേണ്ട സമയം വൈകിയെന്നാണ് ഞാന്‍ കരുതുന്നത്. അതില്‍ അന്തിമ തീരുമാനം പറയേണ്ടത് ദേശീയ ക്രിക്കറ്റ് അക്കാദമി അധികൃതരാണ്. അവിടെയാണ് ഷമി പരിക്കില്‍ നിന്ന് മോചിതനാവാനുള്ള ചികിത്സകള്‍ തുടര്‍ന്നത്.
അതുകൊണ്ട് തന്നെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ളവര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. നാട്ടില്‍ ഷമി ഒരുപാട് മത്സരങ്ങളില്‍ കളിക്കുന്നുണ്ടെന്നാണ് ഞാനറിഞ്ഞത്. അതേസമയം അദ്ദേഹത്തിനിപ്പോഴും കാല്‍മുട്ടില്‍ വേദനയുള്ളതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതുകൊണ്ട് റിസ്‌ക് എടുക്കാന്‍ ഞങ്ങള്‍ തയാറാല്ല. കഴിഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞപോലെ അദ്ദേഹത്തിന് മുന്നില്‍ ടീമിന്റെ വാതില്‍ തുറന്നു കിടക്കുകയാണ്. ദേശീയ ക്രിക്കറ്റ് അക്കാദമി അധികൃതര്‍ സമ്മതിച്ചാല്‍ ഷമിക്ക് എപ്പോള്‍ വേണമെങ്കിലും ടീമില്‍ തിരിച്ചെത്താമെന്നും രോഹിത് പറഞ്ഞു.