ഒഡീഷ ട്രെയ്‌നപകടം: അനുശോചനം രേഖപ്പെടുത്തി പാക് ക്രിക്കറ്റര്‍ റിസ്‌വാന്‍; കൂടെയുണ്ടെന്ന് അക്തറും ഹസന്‍ അലിയും
12 ബോഗികളാണ് പാളം തെറ്റിയത്. പാളംതെറ്റി മറിഞ്ഞു കിടന്ന കോറമാണ്ഡല്‍ എക്‌സ്പ്രസിലേക്ക് ബംഗളൂരുവില്‍ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന 12864 നമ്പര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ ഇടിച്ചുകയറിയതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിച്ചത്.
ഇസ്ലാമാബാദ്: രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയനപകടത്തില്‍ വിഷമം പങ്കുവച്ച് പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍. രാജ്യത്തെ നടുക്കിയ ട്രെയിന്‍ അപകടത്തില്‍ 280ല്‍ കൂടുതല്‍ പേര്‍ മരിച്ചുവെന്നാണ് കണക്ക്. വെള്ളിയാഴ്ച്ച വൈകീട്ട് 6.55 നാണ് 12841 ഷാലിമാര്‍- ചെന്നൈ കോറമാണ്ഡല്‍ എക്‌സ്പ്രസ്, പശ്ചിമ ബംഗാളിലെ ഷാലിമാരില്‍നിന്ന് പുറപ്പെട്ട് ഒഡീഷയിലെ ബാലസോറില്‍ എത്തിയപ്പോള്‍ പാളംതെറ്റി മറിഞ്ഞത്.
12 ബോഗികളാണ് പാളം തെറ്റിയത്. പാളംതെറ്റി മറിഞ്ഞു കിടന്ന കോറമാണ്ഡല്‍ എക്‌സ്പ്രസിലേക്ക് ബംഗളൂരുവില്‍ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന 12864 നമ്പര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ ഇടിച്ചുകയറിയതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിച്ചത്. നേരത്തെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ട്രെയ്ന്‍ അപകടത്തില്‍ അനുശോചനം അറിയിച്ചിരുന്നു.
അതിന് പിന്നാലെയാണ് റിസ്‌വാന്‍ ട്വിറ്ററില്‍ കുറിപ്പുമായെത്തിയത്. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ... ''മനുഷ്യരുടെ ജീവന്‍ നഷ്ടമാകുന്നത് എപ്പോഴും കടുത്ത വേദനയാണുണ്ടാക്കുന്നത്. നമ്മളെല്ലാവരും ഒരു കൂട്ടമാണ്. ഇന്ത്യയിലെ ട്രെയ്ന്‍ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കൊപ്പമാണ് എന്റെ മനസും പ്രാര്‍ത്ഥനയും.'' റിസ്‌വാന്‍ ട്വിറ്ററില്‍ കുറിച്ചിട്ടു. നിരവധി മറുപടികളും റിസ്‌വാന് താഴെയുണ്ട്.
പാകിസ്ഥാന്‍ പേസര്‍ ഹസന്‍ അലിയും അനുശോചനം അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തറും വിഷമം രേഖപ്പെടുത്തി. ട്വീറ്റുകള്‍ വായിക്കാം...
നേരത്തെ, ട്രെയിനപകടത്തില്‍ മരിച്ചവരുടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് പ്രഖ്യാരിച്ചിരുന്ന. ട്വിറ്ററിലൂടെയാണ് സെവാഗ് മരിച്ചവരുടെ കുട്ടികള്‍ക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ബോര്‍ഡിംഗ് സൗകര്യത്തോടെ സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്തത്. അപകടമുണ്ടായ ഉടനെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ എല്ലാവരെയും പ്രത്യേകിച്ച് മെഡിക്കല്‍ സംഘത്തെയും രക്തദാനത്തിന് സ്വമേധയാ എത്തിയവരെയും സെവാഗ് പ്രകീര്‍ത്തിച്ചിരുന്നു.
ഈ ദുരന്തവും നമ്മള്‍ ഒരുമിച്ച് നേരിടുമെന്നും സെവാഗ് കുറിച്ചിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കമെന്ന സെവാഗിന്റെ ട്വീറ്റിന് ആരാധകര്‍ കൈയടികളോടെയാണ് വരവേറ്റത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം