ഒന്നും രണ്ടുമല്ല, 10 തവണ മുട്ടുകുത്തിച്ചു! കോലിക്കെതിരെ ഇംഗ്ലണ്ടിന്‍റെ മാസ്റ്റര്‍ പ്ലാന്‍ മറ്റാരുമല്ല, പക്ഷേ..
ഇംഗ്ലണ്ടിനെതിരെയെന്നല്ല ലോക ക്രിക്കറ്റിൽ തന്നെ വിരാട് കോലിയെ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയത് മോയിൻ അലിയാണ്. പത്ത് തവണയാണ് വിരാടിനെ അലി മടക്കി അയച്ചിട്ടുള്ളത്
അഡ്‌ലെയ്‌ഡ്: ട്വന്‍റി 20 ലോകകപ്പില്‍ കലാശപ്പോരാട്ടത്തിന് ഇടം തേടി ഇന്ത്യയും ഇംഗ്ലണ്ടും പോരിനിറങ്ങുമ്പോൾ കിംഗ് കോലിയെ സംബന്ധിച്ച് ആരാധകരെ അസ്വസ്ഥമാക്കുന്ന ഒരു കണക്കുണ്ട്. ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിൽ കോലിക്ക് പലപ്പോഴും പിഴച്ചുപോയിട്ടുള്ളത് മൊയിൻ അലിയുടെ പന്തുകൾക്ക് മുന്നിലാണ്. ഇംഗ്ലണ്ടിനെതിരെയെന്നല്ല ലോക ക്രിക്കറ്റിൽ തന്നെ വിരാട് കോലിയെ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയത് മോയിൻ അലിയാണ്. പത്ത് തവണയാണ് വിരാടിനെ അലി മടക്കി അയച്ചിട്ടുള്ളത്. ഇത് തന്നെയാകും ടി 20 ലോകകപ്പ് സെമി പോരാട്ടത്തിൽ ഇന്ത്യക്കെതിരായ ഇംഗിഷ് മാസ്റ്റർ പ്ലാനെന്ന കാര്യത്തിൽ അർക്കും സംശയമുണ്ടാകില്ല.
എന്നും ഓഫ് സ്പിന്നർമാർക്കെതിരെ മികച്ച രീതിയിൽ ബാറ്റ് വീശാറുള്ള മുൻ ഇന്ത്യൻ ക്യാപ്റ്റൻ പക്ഷേ പത്ത് തവണയാണ് അലിക്ക് മുന്നിൽ മുട്ടുകുത്തിയത്. മൂന്ന് ഫോർമാറ്റുകളിലും കോലിയുടെ വിക്കറ്റ് വീഴ്ത്താൻ അലിക്ക് സാധിച്ചിട്ടുണ്ട്. ടി20യിൽ ഓഫ് സ്പിന്നിനെതിരെ 80 ലധികം ശരാശരിയുള്ള കോലിയെയാണ് അലി പലതവണ പുറത്താക്കിയതെന്നത് പലർക്കും വിശ്വസിക്കാൻ പ്രയാസമാകും. എന്നാൽ കണക്കുകളുടെ യാഥാർത്ഥ്യം അതാണ്.
ഇതുവരെ ആദ്യ ഓവറില്‍ ഒരൊറ്റ ബൗണ്ടറി മാത്രം, കളിച്ചത് 40 പന്തുകളും; വന്‍ നാണക്കേടായി കെ എല്‍ രാഹുല്‍
ഐ പി എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ കോലിക്കൊപ്പം കളിച്ചത് മൊയിൻ അലിക്ക് ഗുണമായിട്ടുണ്ടാകാൻ സാധ്യതയുണ്ട്. കോലി നെറ്റ്‌സിൽ ബാറ്റ് ചെയ്യുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ടെന്നും മത്സരങ്ങളിൽ അടുത്ത് നിന്ന് ബാറ്റ് ചെയ്യുന്നത് ശ്രദ്ധിച്ചിട്ടുണ്ടെന്നും അതിനാൽ കോലിയുടെ ശക്തിയും ബലഹീനതയും അറിയാമെന്നും അത് തനിക്ക് ഗുണമാണെന്നും അലി പറഞ്ഞിട്ടുണ്ട്.
' കോലി ഇപ്പോൾ നന്നായി കളിക്കുന്നുണ്ട്, ഞങ്ങൾക്ക് ഞങ്ങളുടെ പ്ലാനുകളുണ്ട്, അത് നടപ്പാക്കാനാകും ശ്രമിക്കുക, പക്ഷേ കോലി മികച്ച കളിക്കാരനാണ്, വലിയ സമ്മർദത്തിൻകീഴിൽ കളിക്കുന്നത് കോലിക്കും ഇന്ത്യയ്ക്കും ശീലമാണ് , പക്ഷേ ഞങ്ങൾ പരമാവധി ജയിക്കാനായി പോരാടും ' - ഇങ്ങനെയാണ് സെമിഫൈനലിന് മുമ്പ് മൊയിൻ അലി പറഞ്ഞത്.
ആരാധകരെ അസ്വസ്ഥത പെടുത്തുന്ന കണക്കുകളാണെങ്കിലും പലപ്പോഴും മോയിൻ അലിയെ മികച്ച നിലയിൽ കോലി നേരിട്ടിട്ടുണ്ടെന്നതും യാഥാത്ഥ്യമാണ്. മാത്രമല്ല അലിയെ പോലുള്ള സ്ലോ സ്പിന്നർമാർക്ക് വലിയ സഹായമുള്ള ഒരു പിച്ചല്ല അഡ്‌ലെയ്ഡ് എന്നതും ആരാധകർക്ക് ആഹ്ളാദത്തിന് ഇടനൽകുന്നതാണ്. മാത്രമല്ല 5 ഇന്നിംഗ്‌സുകളിൽ നിന്ന് 246 റൺസ് നേടിയ കോലി ഇത്തവണത്തെ ടോപ് സ്‌കോറർ ആണ്. അത്രമേൽ മികച്ച ഫോമിലുള്ള കോലിയെ പുറത്താക്കുക അലിക്ക് എളുപ്പമാകില്ല.
അതേസമയം ഇന്ന് കോലിയെ പുറത്താക്കാൻ സാധിച്ചാൽ അലിക്ക് അതൊരു സുവർണ നേട്ടമാകും. നിലവിൽ കോലിയെ പുറത്താക്കിയവരുടെ പട്ടികയിൽ ഇംഗ്ലിഷ് പേസർ ആൻഡേഴ്സണൊപ്പമാണ് അലി ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇരുവരും പത്ത് തവണയാണ് കോലിയെ മടക്കി വിട്ടത്. ഇന്ന് അലിക്ക് വിക്കറ്റ് വീഴ്ത്താനായാൽ കോലിയെ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയ ആളെന്ന ഖ്യാതി ഒറ്റയ്ക്ക് സ്വന്തമാകും.