'ഓസ്‌ട്രേലിയന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനാവാനില്ല'; നിലപാട് വ്യക്തമാക്കി മിച്ചല്‍ മാര്‍ഷ്

35കാരനായ ഡേവിഡ് വാര്‍ണര്‍ക്ക് ക്യാപ്റ്റന്‍സിയില്‍നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ബോള്‍ ചുരണ്ടല്‍ വിവാദത്തിന് പിന്നാലെയായിരുന്നു ഈ നടപടി.

Mitchell Marsh says he is not in race for Australia odi captaincy

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഏകദിന ടീമിനെ ആര് നയിക്കുമെന്നുള്ള കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. പാറ്റ് കമ്മിന്‍സ് നായകസ്ഥാനമേറ്റെടുക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അദ്ദേഹത്തിന് താല്‍പര്യമില്ലെന്നാണ് പുറത്തുവരുന്ന വിവരം. അടുത്തിടെ നായകസ്ഥാനമാഴിഞ്ഞ ആരോണ്‍ ഫിഞ്ച് നിര്‍ദേശിച്ചത് ഡേവിഡ് വാര്‍ണറുടെ പേരായിരുന്നു. ഇതിനിടെ ഗ്ലെന്‍ മാക്സ്വെല്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍  മാര്‍ഷ് എന്നിവരുടെ പേരുകളും ചര്‍ച്ചയ്ക്ക് വന്നു.

ക്യാപ്റ്റനാവാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാര്‍ഷ്. മാര്‍ഷിന്റെ വാക്കുകള്‍. ''നായക സ്ഥാനത്തേക്ക് താനില്ല. അടുത്തയാഴ്ച തുടങ്ങുന്ന ടി20 ലോകകപ്പ് മാത്രമാണ് മനസില്‍. ക്യാപ്റ്റന്‍സി ഏറ്റെടുത്താല്‍ ബാറ്റിംഗില്‍ അധികം ശ്രദ്ധ ചെലുത്താനാവില്ല. ആര് ക്യാപ്റ്റനാകണം എന്നത് സംബന്ധിച്ച് കൃത്യമായ തീരുമാനം എടുക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് കഴിയും.'' മാര്‍ഷ് കൂട്ടിചേര്‍ത്തു. ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റനാകുന്നത് എങ്ങനെയുണ്ടാകുമെന്ന ചോദ്യത്തിന് നേരിട്ട് മറുപടി നല്‍കാന്‍ മാര്‍ഷ് തയ്യാറായില്ല.

ഗാംഗുലിയെ വെട്ടിയൊതുക്കി ജയ് ഷാ; ദാദാ ബിസിസിഐയിൽ നിന്ന് പുറത്തേക്ക്

എന്നാല്‍ അദ്ദേഹത്തിനൊപ്പം ക്രിക്കറ്റ് കളിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്ന് മാര്‍ഷ് പറയുന്നു. 35കാരനായ ഡേവിഡ് വാര്‍ണര്‍ക്ക് ക്യാപ്റ്റന്‍സിയില്‍നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ബോള്‍ ചുരണ്ടല്‍ വിവാദത്തിന് പിന്നാലെയായിരുന്നു ഈ നടപടി. വാര്‍ണറെ ക്യാപ്റ്റനാക്കണമെങ്കില്‍ ആദ്യം ഈ വിലക്ക് നീക്കണം. കഴിഞ്ഞ മാസമാണ് ആരോണ്‍ ഫിഞ്ച് ഓസീസ് ഏകദിന ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞത്. 

ലോകകപ്പിന് പിന്നാലെ ട്വന്റി 20 ടീം ക്യാപ്റ്റന്‍ സ്ഥാനവും ഫിഞ്ച് കൈമാറിയേക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയ കിരീടം നേടിയത് മാര്‍ഷിന്റെ മിന്നും പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു. മാര്‍ഷിനെ ചൊല്ലിയുടെ ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് താരം തന്നെ നിലപാട് വ്യക്തമാക്കുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios