മഴക്കളിയില്‍ മുങ്ങി ലോകകപ്പ്: മെല്‍ബണില്‍ മേല്‍ക്കൂര ഉണ്ടായിട്ടും ഉപയോഗിക്കാത്തതിനെതിരെ മൈക്കല്‍ വോണ്‍
സെമിഫൈനലിസ്റ്റുകളെ നിര്‍ണയിക്കുന്നതില്‍ വലിയ പ്രാധാന്യമുള്ള ഇംഗ്ലണ്ട്-ഓസ്ട്രേലിയ പോരാട്ടം മഴമൂലം ഉപേക്ഷിക്കേണ്ടിവന്നാല്‍ ഇരു ടീമുകള്‍ക്കും അത് തിരിച്ചടിയാവും. ഈ സാഹചര്യത്തില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ മേല്‍ക്കൂരകള്‍ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി രംഗത്തുവന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍.
മെല്‍ബണ്‍: ടി20 ലോകകപ്പില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍(എംസിജി) നടക്കുന്ന മത്സരങ്ങള്‍ തുടര്‍ച്ചയായി മഴ മൂലം തടസപ്പെടുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ഇന്ന് എംസിജിയില്‍ നടക്കേണ്ട ഇംഗ്ലണ്ട്-ഓസ്ട്രേലിയ സൂപ്പര്‍ 12 പോരാട്ടവും രാവിലെ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാന്‍-അയര്‍ലന്‍ഡ് പോരാട്ടവും മഴമൂലം തടസപ്പെട്ടിരുന്നു. അഫ്ഗാന്‍-അയര്‍ലന്‍ഡ് മത്സരം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചപ്പോള്‍ ഓസ്ട്രേലിയ-ഇംഗ്ലണ്ട് പോരാട്ടം മഴമൂലം ഇതുവരെ ആരംഭിക്കാനായിട്ടില്ല.
സെമിഫൈനലിസ്റ്റുകളെ നിര്‍ണയിക്കുന്നതില്‍ വലിയ പ്രാധാന്യമുള്ള ഇംഗ്ലണ്ട്-ഓസ്ട്രേലിയ പോരാട്ടം മഴമൂലം ഉപേക്ഷിക്കേണ്ടിവന്നാല്‍ ഇരു ടീമുകള്‍ക്കും അത് തിരിച്ചടിയാവും. ഈ സാഹചര്യത്തില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ മേല്‍ക്കൂരകള്‍ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി രംഗത്തുവന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ഓസ്ട്രേലിയയില്‍ മഴക്കാലമാണിപ്പോള്‍. മെല്‍ബണ്‍ സ്റ്റേഡിയത്തിന് മേല്‍ക്കൂരയുണ്ട്. ഈ സമയത്ത് അത് ഉപയോഗിക്കുന്നതല്ലെ ബുദ്ധിപരമായ കാര്യമെന്ന് മൈക്കല്‍ വോണ്‍ ട്വീറ്റിലൂടെ ചോദിച്ചു.
തുടര്‍ച്ചയായി മഴ പെയ്തിട്ടും മെല്‍ബണ്‍ ഗ്രൗണ്ട് കവര്‍ ചെയ്യാതിരുന്നതിനെയും വോണ്‍ വിമര്‍ശിച്ചു. ശ്രീലങ്കയില്‍ കനത്ത മഴ പെയ്യുമ്പോള്‍ അവര്‍ ഗ്രൗണ്ട് മുഴുവന്‍ കവര്‍ ചെയ്യുകയും മഴ മാറിയാല്‍ ഉടന്‍ മത്സരം ആരംഭിക്കുകയും ചെയ്യാറുണ്ട്. അതുപോലെ എംസിജിയും രണ്ട് ദിവസം കവര്‍ ചെയ്തിടാന്‍ കഴിയുമായിരുന്നില്ലെ, വെറുതെ ചോദിച്ചുവെന്നേയുള്ളു-വോണ്‍ പറഞ്ഞു.
മെല്‍ബണില്‍ നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ പോരാട്ടവും മഴ ഭീഷണിയിലാണ് നടന്നത്. മത്സരത്തിന് മുമ്പ് മഴ പെയ്തെങ്കിലും മത്സരം 20 ഓവര്‍ വീതം നടത്താനായി. ആദ്യ മത്സരത്തില്‍ അവസാന പന്തില്‍ പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ ജയം ആഘോഷിക്കുകയും ചെയ്തു.ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ മഴമൂലം തുടര്‍ച്ചയായി തടസപ്പെടുന്നത് ആരാധകരുടെ ആവേശം ചോര്‍ത്തിയിട്ടുണ്ട്. ടൂര്‍ണമെന്‍റില്‍ സെമി, ഫൈനല്‍ മത്സരങ്ങള്‍ക്ക് മാത്രമെ റിസര്‍വ് ദിനമുള്ളു.