IPL 2022 : മുംബൈ ഇന്ത്യന്‍സില്‍ സൂപ്പര്‍താരം പുറത്തേക്ക്? കൊല്‍ക്കത്തയ്‌ക്കെതിരായ സാധ്യതാ ഇലവന്‍
പ്ലേഓഫ് കാണില്ലെന്ന് ഇതിനകം ഉറപ്പായ മുംബൈ കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ചാണ് വരുന്നതെങ്കിലും പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്തിയേക്കും
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) ഒന്നും നഷ്‌ടപ്പെടാനില്ലാത്ത മുംബൈ ഇന്ത്യന്‍സ് (Mumbai Indians) ഇന്നിറങ്ങുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് (Kolkata Knight Riders) എതിരാളികള്‍. മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ (DY Patil Sports Academy) വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. പ്ലേഓഫ് കാണില്ലെന്ന് ഇതിനകം ഉറപ്പായ മുംബൈ കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ചാണ് വരുന്നതെങ്കിലും സൂപ്പര്‍താരം കെയ്റോണ്‍ പൊള്ളാര്‍ഡിനെ (Kieron Pollard) പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയേക്കും.
ആശങ്ക പൊള്ളാര്‍ഡിന്‍റെ ഫോം
വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കെയ്റോണ്‍ പൊള്ളാര്‍ഡിന്‍റെ മോശം ഫോം മുംബൈ ഇന്ത്യന്‍സിന് ബാധ്യതയാവുകയാണ്. 10 കളിയിൽ ടീമിലുണ്ടായിട്ടും ഒരിക്കല്‍ പോലും 30 കടക്കാന്‍ പൊള്ളാര്‍ഡിനായില്ല. ബൗളിംഗിലും മൂര്‍ച്ചയില്ലാത്ത പൊള്ളാര്‍ഡിനെയാണ് ഇക്കുറി ഇതുവരെ ആരാധകര്‍ കണ്ടത്. പൊള്ളാര്‍ഡ് 10 കളിയിൽ നേടിയത് 129 റൺസെങ്കില്‍ സ്ട്രൈക്ക് റേറ്റ് 109.32 മാത്രമാണ്. 12 വര്‍ഷത്തിനിടയിലെ ഏറ്റവും നിരാശാജനമായ പ്രകടനമാണ് പൊള്ളാര്‍ഡില്‍ നിന്ന് പുറത്തുവന്നത്. കൊല്‍ക്കത്തയ്‌ക്കെതിരെ പൊള്ളാര്‍ഡിന് പകരം കൗമാര വിസ്‌മയം ഡെവാള്‍ഡ് ബ്രെവിസിന് അവസരം നല്‍കാനാണ് സാധ്യത.
അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ഫോമിലേക്ക് തിരിച്ചെത്തിയത് മുംബൈക്ക് ആശ്വാസമാണ്. മത്സരം മുംബൈ അഞ്ച് വിക്കറ്റിന് ജയിച്ചപ്പോള്‍ ഇരുവരും 74 റണ്‍സ് ചേര്‍ത്തിരുന്നു. ബ്രെവിസും വെടിക്കെട്ട് നടത്തിയാല്‍ മുംബൈ ബാറ്റിംഗ് സുരക്ഷിതം. ഗുജറാത്തിനെതിരെ 21 പന്തില്‍ പുറത്താകാതെ 44 റണ്‍സെടുത്ത ടിം ഡേവിഡ് സ്ഥാനം നിലനിര്‍ത്തും. ടിം ഡേവിഡ് ഫോമിലായതോടെ ഫിനിഷറുടെ റോളില്‍ പൊള്ളാര്‍ഡിനെ ഇനിയും ആശ്രയിക്കേണ്ടതില്ല മുംബൈക്ക്. ബൗളിംഗില്‍ മുരുകന്‍ അശ്വിന്‍ കഴിഞ്ഞ മത്സരത്തില്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഡാനിയേല്‍ സാംസ് റണ്ണൊഴുക്ക് തടഞ്ഞതും പ്രതീക്ഷയാണ്.
മുംബൈ ഇന്ത്യന്‍സ് സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ടിം ഡേവിഡ്, മുരുകന്‍ അശ്വിന്‍, ഡാനിയേല്‍ സാംസ്, ജസ്‌പ്രീത് ബുമ്ര, കാര്‍ത്തികേയ സിംഗ്, റിലെ മെരിഡിത്ത്.