രോഹിത്തിനെ വീണ്ടും ക്യാപ്റ്റനാക്കണണമെന്ന് ആരാധകന്‍, ഉടന്‍ മറുപടി നല്‍കി ആകാശ് അംബാനി
ട്വിറ്ററില്‍ ഒരു ആരാധകന്‍ പോസ്റ്റ് ചെയ്ത വീഡിയോ മുംബൈ ഇന്ത്യന്‍സ് തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു.
ദുബായ്: ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുന്നതിനിടെ മുംബൈ ഇന്ത്യന്‍സ് നായകനായി രോഹിത് ശര്‍മയെ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആരാധകന്‍. ഐപിഎല്‍ ലേലത്തില്‍ മുംബൈ ടീം ഉടമകളായ ആകാശ് അംബാനിയും നിത അംബാനിയും അടക്കമുളളവര്‍ ഇരിക്കുമ്പോഴായിരുന്നു കാണികളായി എത്തിവരില്‍ നിന്ന് ഒരു ആരാധകന്‍ രോഹിത്തിനെ വീണ്ടും ക്യാപ്റ്റനാക്കണമെന്ന് ആവശ്യപ്പട്ടത്. ലേലത്തിന്‍റെ ഇടവേളയിലായിരുന്നു സംഭവം.
ആരാധകന് അപ്പോള്‍ തന്നെ ആകാശ് അംബാനി മറുപടിയും നല്‍കി. വിഷമിക്കേണ്ട, രാഹിത് ബാറ്റു ചെയ്യുമെന്നായിരുന്നു ആകാശ് അംബാനിയുടെ മറുപടി. ട്വിറ്ററില്‍ ഒരു ആരാധകന്‍ പോസ്റ്റ് ചെയ്ത വീഡിയോ മുംബൈ ഇന്ത്യന്‍സ് തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു. ലേലത്തിന് മുമ്പ് അപ്രതീക്ഷത തീരുമാനത്തിലൂടെ രോഹിത്തിനെ മാറ്റി മുംബൈ ഇന്ത്യന്‍സ് ടീം മാനേജ്മെന്‍റ് ഹാര്‍ദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയിരുന്നു. ഇതില്‍ ഒരു വിഭാഗം ആരാധകര്‍ ഇപ്പോഴും കടുത്ത നീരസത്തിലുമാണ്.
രോഹിത്തിന് പകരം ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിന്‍റെ സമൂഹമാധ്യമങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ആരാധകരാണ് അണ്‍ ഫോളോ ചെയ്ത് പോയത്. ഇതിന് പിന്നാലെ രോഹിത് ടീം വിട്ടേക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. രണ്ട് വര്‍ഷം മുമ്പ് മുംബൈ വിട്ട് ഗുജറാത്ത് ടൈറ്റന്‍സ് നായകനായി പോയ ഹാര്‍ദ്ദിക് ടീമിനെ വഞ്ചിച്ചവനാണെന്നും തിരിച്ചുവരവില്‍ തന്നെ നായക സ്ഥാനം കൊടുക്കേണ്ടിയിരുന്നില്ലെന്നുമായിരുന്നു ആരാധകരില്‍ പലരുടെയും നിലപാട്.
ഐപിഎല്ലില്‍ മൂന്ന് വര്‍ഷമായി കിരീടം നേടിയിട്ടില്ലാത്ത മുംബൈ ഇന്ത്യന്‍ ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനാക്കിയതിലൂടെ ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. വിമര്‍ശകരുടെ വായടപ്പിക്കാന്‍ വ്യക്തിപരമായി ഹാര്‍ദ്ദിക്കിനും മുംബൈ കിരീടം നേടേണ്ടത് അനിവാര്യമാണ്. ഈ സീസണില്‍ മോശം പ്രകടനം നടത്തിയാല്‍ ഹാര്‍ദ്ദിക്കിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം സുരക്ഷിതമായിരിക്കില്ലെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക