സ്ലോ വിക്കറ്റായിരുന്നുവെന്ന് സഞ്ജു, അത്രയില്ലെന്ന് സംഗ! രാജസ്ഥാന്റെ തോല്‍വിയുടെ കാരണം വ്യക്തമാക്കി ഡയറക്റ്റര്‍
തോല്‍ക്കാനുണ്ടായ കാരണത്തെ കുറിച്ച് സംസാരിക്കുകയാണ് രാജസ്ഥാന്‍ ഡയക്റ്റല്‍ കുമാര്‍ സംഗക്കാര. പവര്‍ പ്ലേയില്‍ റണ്‍സ് വന്നില്ലെന്നാണ് സംഗക്കാര പറഞ്ഞത്.
ചെന്നൈ: ഐപിഎല്‍ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള സുവര്‍ണാവസരമാണ് കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സ് നഷ്ടപ്പെടുത്തിയത്. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ പരാജയപ്പെടുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 18.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഇപ്പോള്‍ തോല്‍ക്കാനുണ്ടായ കാരണത്തെ കുറിച്ച് സംസാരിക്കുകയാണ് രാജസ്ഥാന്‍ ഡയക്റ്റര്‍ കുമാര്‍ സംഗക്കാര. പവര്‍ പ്ലേയില്‍ റണ്‍സ് വന്നില്ലെന്നാണ് സംഗക്കാര പറഞ്ഞത്. സംഗയുടെ വാക്കുകള്‍... ''പിച്ച് സ്ലോ ആയിരിക്കുമെന്ന് ഞങ്ങള്‍ കരുതിയതാണ്. എന്നാല്‍ വിചാരിച്ച അത്രയും സ്ലോ ആയിരുന്നില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നന്നായി പന്തെറിഞ്ഞു. രാജസ്ഥാന്‍ മധ്യനിരയ്ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ആദ്യ ഓവറുകളിലെ ചില പന്തുകള്‍ അതിര്‍ത്തി കടത്തേണ്ടതായിരുന്നു. ഡോട്ട് പന്തുകള്‍ ഒഴുക്കിനെ ബാധിച്ചു. വിടവുകള്‍ നോക്കി കളിക്കാനും വിക്കറ്റുകള്‍ക്കിടയിലെ ഓട്ടത്തിലും പിന്നിലായി. ശരിയാണ്, ചെന്നൈയില്‍ കനത്ത ചൂടാണ്. എന്നാല്‍ ചെന്നൈ നന്നായി പന്തെറിഞ്ഞു. ടോട്ടലില്‍ 25-30 റണ്‍സ് കുറവ് വന്നു. 170-180 റണ്‍സ് പിറക്കേണ്ട പിച്ചായിരുന്നു ഇത്. എന്നാല്‍ ഞങ്ങള്‍ ഏറെ പിറകിലായിരുന്നു.'' സംഗക്കാര വ്യക്തമാക്കി.
നേരത്തെ ചെന്നൈയിലേത് സ്ലോ വിക്കറ്റായിരുന്നുവെന്ന് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വ്യക്തമാക്കിയിരുന്നു. തോല്‍വിയുടെ കാരണത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് സഞ്ജു ഇത്തരത്തില്‍ സംസാരിച്ചത്. ''സ്ലോ വിക്കറ്റായിരുന്നു. പന്തിന്റെ വേഗം മനസിലാക്കുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പവര്‍ പ്ലേയ്ക്ക് ശേഷവും 170 റണ്‍സ് സ്‌കോര്‍ പ്രതീക്ഷിച്ചു. എന്നാല്‍ 20-25 പിറകിലായിരുന്നു ടീം. സിമാര്‍ജീത് സിംഗ് നന്നായി പന്തെറിഞ്ഞു. എവേ ഗ്രൗണ്ടുകളില്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നുള്ള കാര്യത്തില്‍ ധാരണ കുറവുണ്ടായി. ആദ്യം ബാറ്റ് ചെയ്യുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ കരുതി.'' സഞ്ജു പറഞ്ഞു.
റിയാന്‍ പരാഗ് മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങിയിരുന്നത്. 35 പന്തില്‍ 47 റണ്‍സാണ് താരം അടിച്ചെടുത്തത്. യശസ്വി ജയ്സ്വാള്‍ (24), ജോസ് ബട്ലര്‍ (31), സഞ്ജു സാംസണ്‍ (15) എന്നിവര്‍ നിരാശപ്പെടുത്തിയിരുന്നു. സിമാര്‍ജീത് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ 41 പന്തില്‍ 42 റണ്‍സുമായി പുറത്താവാതെ നിന്ന് റുതുരാജ് ഗെയ്കവാദാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്.