ഫ്യൂസൂരിയത് നാണക്കേടായി, പിന്നില്‍ ചില സ്‍മാർട്ട് ഉദ്യോഗസ്ഥർ; കെഎസ്‌ഇബിക്കെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ
വെദ്യുതി ബിൽ കുടിശ്ശികയായെങ്കിൽ കെ എസ് ഇ ബി നേരത്തെ നടപടി എടുക്കണമായിരുന്നു. ചില സ്‍മാർട്ട് ഉദ്യോഗസ്ഥർ പ്രതിസന്ധി സൃഷ്ടിക്കാനാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ നടപടിയെടുത്തതെന്നും ശ്രീജിത്ത് വി നായർ പറഞ്ഞു.
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ രംഗത്ത്. വൈദ്യുതി കുടിശ്ശിക തീർക്കാത്തതിന്‍റെ പേരില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചത് ദേശീയ തലത്തിൽ നാണക്കേടുണ്ടാക്കിയെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായർ പറഞ്ഞു.
വെദ്യുതി ബിൽ കുടിശ്ശികയായെങ്കിൽ കെ എസ് ഇ ബി നേരത്തെ നടപടി എടുക്കണമായിരുന്നു. ചില സ്‍മാർട്ട് ഉദ്യോഗസ്ഥർ പ്രതിസന്ധി സൃഷ്ടിക്കാനാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ വൈദ്യുതി വിച്ഛേദിച്ചതെന്നും ശ്രീജിത്ത് വി നായർ പറഞ്ഞു.
ഈ മാസം 30 ന് കുടിശ്ശിക മുഴുവൻ അടയ്ക്കാമെന്ന കെസിഎയുടെ ഉറപ്പിനെ തുടര്‍ന്നാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കണക്ഷൻ കെഎസ്ഇബി ഇന്ന് പുനഃസ്ഥാപിച്ചത്. ഈ മാസം 13 നാണ് കെഎസ്ഇബി കഴക്കൂട്ടം സെക്ഷൻ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ ഫ്യൂസ് ഊരിയത്. 2.36 കോടി രൂപയുടേതാണ് വൈദ്യുതി കുടിശ്ശിക.
പലവട്ടം നോട്ടീസ് നൽകിയിട്ടും പണം അടയ്ക്കാത്തതിനെ തുടര്‍ന്നായിരുന്നു നടപടിയെന്നായിരുന്നു കെ എസ് ഇ ബിയുടെ വിശദീകരണം. വൈദ്യുതി ബന്ധം വിഛേദിച്ചതോടെ ജനറേറ്റര്‍ വാടകക്ക് എടുത്താണ് 28ന് നടക്കുന്ന ഇന്ത്-ദക്ഷിണാഫ്രിക്ക മത്സരത്തിനായി സ്റ്റേഡിയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ കെസിഎ നടത്തിയത്. മത്സരത്തിന് മുന്നോടിയായി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ സുരക്ഷാ അവലോകന യോഗം ചേര്‍ന്നതും ജനറേറ്റര്‍ ഉപയോഗിച്ചുള്ള വൈദ്യുതിയിലാണ്.
സ്റ്റേഡിയത്തിന്‍റെ മേൽനോട്ട, നടത്തിപ്പ് ചുമതലയുള്ള കാര്യവട്ടം സ്പോര്‍ട്സ് ഫെസിലിറ്റി ലിമിറ്റഡാണ് മൂന്ന് വര്‍ഷത്തെ വൈദ്യുതി, കുടിവെള്ള കുടിശ്ശിക വരുത്തിയത്. സര്‍ക്കാര്‍ വര്‍ഷാവര്‍ഷം നൽകുന്ന ആന്വിറ്റി ഫണ്ട് നൽകാതെ കുടിശ്ശിക നൽകാനാകില്ലെന്നായിരുന്നു കെ എസ് എഫ് എലിന്‍റെ നിലപാട്. പേരിന് പോലും പ്രവര്‍ത്തിക്കാത്ത കെ എസ് എഫ് എല്ലിനുമേല്‍ പഴി ചാരി തടിയൂരുകയായിരുന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ. നികുതിയിനത്തിൽ കെ എസ് എഫ് എല്‍ തിരുവനന്തപുരം കോര്‍പ്പറേഷന് രണ്ട് കോടി 85 ലക്ഷം രൂപ നൽകാനുണ്ട്. കുടിശ്ശിക നൽകിയില്ലെങ്കിൽ കണക്ഷൻ റദ്ദാക്കുമെന്ന് വാട്ടര്‍ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.