അസറുദ്ദീന് അര്‍ധ സെഞ്ചുറി! സല്‍മാനും അഖിലും തിളങ്ങി; കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം, എന്നിട്ടും പുറത്ത്
കേരളത്തിന്റെ തുടക്കം നന്നായിരുന്നില്ല. 33 റണ്‍സിനെ മൂന്ന് വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി.
ഹൈദരാബാദ്: വിജയ് ഹസാരെയില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് ബിഹാറിനെ 133 റണ്‍സിനാണ് കേരളം പരാജയപ്പെടുത്തിയത്. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് നേടിയത്. 88 റണ്‍സ് നേടിയ അസറുദ്ദീനാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ സല്‍മാന്‍ നിസാര്‍ (52), അഖില്‍ സ്‌കറിയ (45 പന്തില്‍ പുറത്താവാതെ 54) നിര്‍ണായക പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗിനെത്തിയ ബിഹാര്‍ 41.2 ഓവറില്‍ 133ന് എല്ലാവരും പുറത്തായി. ആദിത്യ സര്‍വാതെ, അബ്ദുള്‍ ബാസിത് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
ഗ്രൂപ്പ് ഇയില്‍ കേരളത്തിന്റെ അവസാന മത്സരമായിരുന്നു ഇത്. അഞ്ചാം സ്ഥാനത്താണ് കേരളം. ആറ് മത്സരങ്ങളില്‍ രണ്ടാം ജയം മാത്രം സ്വന്തമാക്കിയ കേരളം ടൂര്‍ണമെന്റിന്റെ അടുത്ത റൗണ്ട് കാണാതെ പുറത്താവുകയും ചെയ്തു. വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ബിഹാറിന് മോശം തുടക്കമായിരുന്നു. ക്യാപ്റ്റന്‍ സാക്കിബുള്‍ ഗനിയാണ് (31) ടോപ് സ്‌കോറര്‍. വൈഭവ് സൂര്യവന്‍ഷി (18), പിയൂഷ് സിംഗ് (14), രഘുവേന്ദ്ര പ്രതാപ് സിംഗ് (12), റിഷവ് രാജ് (20), സൂരജ് കശ്യപ് (15) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. സര്‍വാതെ, ബാസിത് എന്നിവര്‍ക്ക് പുറമെ എം ഡി നിധീഷ്, ബേസില്‍ തമ്പി, അഖില്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, കേരളത്തിന്റെ തുടക്കം നന്നായിരുന്നില്ല. 33 റണ്‍സിനെ മൂന്ന് വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി. രോഹന്‍ കുന്നുമ്മല്‍ (0) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ആനന്ദ് കൃഷ്ണന്‍ (6) ഗനിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിക്കാന്‍ കൃഷ്ണ പ്രസാദിന് 13 പന്ത് മാത്രമായിരുന്നു ആയുസ്. രണ്ട് റണ്‍സെടുത്ത കൃഷ്ണ പ്രസാദിനെ ഗനി ബൗള്‍ഡാക്കി. ഇതോടെ മൂന്നിന് 33 എന്ന നിലയിലായി കേരളം. തുടര്‍ന്ന് അസറുദ്ദീന്‍ - സര്‍വാതെ സഖ്യം 39 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സര്‍വാതെ റണ്ണൗട്ടായത് തിരിച്ചടിയായി. പിന്നീട് ബാസിതിനൊപ്പം 57 റണ്‍സ് കൂട്ടിചര്‍ക്കാന്‍ അസറിനായി. എന്നാല്‍ ബാസിത്, ഹിമാന്‍ഷു സിംഗിന്റെ പന്തില്‍ ഗനിക്ക് ക്യാച്ച് നല്‍കി മടങ്ങി.
തുടര്‍ന്ന് സല്‍മാനൊപ്പം 35 റണ്‍സ് കൂടി കൂട്ടിചേര്‍ത്താണ് അസര്‍ മടങ്ങുന്നത്. 98 പന്തുകള്‍ നേരിട്ട കേരള വിക്കറ്റ് കീപ്പര്‍ രണ്ട് സിക്‌സും 11 ഫോറും നേടിയിരുന്നു. 58 പന്തുകള്‍ നേരിട്ട സല്‍മാന്‍ മൂന്ന് സിക്‌സും ഒരു ഫോറും നേടി. അഖിലിനൊപ്പം സല്‍മാന്‍ കൂട്ടിചേര്‍ത്ത 76 റണ്‍സ് കേരളത്തിന്റെ ഇന്നിംഗ്‌സില്‍ നിര്‍ണായകമായത്. ഇതിനിടെ ഷറഫുദ്ദീന്‍ (0) ഗോള്‍ഡന്‍ ഡക്കായി. നിധീഷ് (1) അഖിലിനൊപ്പം പുറത്താവാതെ നിന്നു. 45 പന്തുകള്‍ നേരിട്ട അഖില്‍ മൂന്ന് വീതം സിക്‌സും ഫോറും നേടി.