വിജയ് ഹസാരെ ട്രോഫി: ആന്ധ്രയ്‌ക്കെതിരെ വിജയലക്ഷ്യം പിന്തുടരുന്ന കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടം
മോശമല്ലാത്ത തുടക്കമായിരുന്നു ആന്ധ്രയ്ക്ക്. ഓപ്പണിംഗ് വിക്കറ്റില്‍ അഭിഷേക് റെഡ്ഡി (31)- അശ്വിന്‍ ഹെബ്ബാര്‍ (26) സഖ്യം 57 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരുവരേയും പുറത്താക്കി സിജോമോന്‍ കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി.
ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ആന്ധ്ര പ്രദേശിനെതിരെ കേരളത്തിന് 260 റണ്‍സ് വിജയലക്ഷ്യം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആന്ധ്രയ്ക്ക് റിക്കി ബുയി (46) ഒഴികെ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. മൂന്ന് വിക്കറ്റ് വീതം നേടിയ എഫ് ഫനൂസ്, സിജോമോന്‍ ജോസഫ് എന്നിവരാണ് ആന്ധ്രയെ തകര്‍ത്തത്. മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളം തകര്‍ച്ച നേരിടുകയാണ്. ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ മൂന്നിന് മൂന്നിന് 21 എന്ന നിലയിലാണ് കേരളം. ഓപ്പണര്‍മാരായ പി രാഹുല്‍ (1), രോഹന്‍ കുന്നുമ്മല്‍ (7), മൂന്നാമനായെത്തിയ വത്സല്‍ ഗോവിന്ദ് (6) എന്നിവരാണ് പുറത്തായത്.
മോശമല്ലാത്ത തുടക്കമായിരുന്നു ആന്ധ്രയ്ക്ക്. ഓപ്പണിംഗ് വിക്കറ്റില്‍ അഭിഷേക് റെഡ്ഡി (31)- അശ്വിന്‍ ഹെബ്ബാര്‍ (26) സഖ്യം 57 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരുവരേയും പുറത്താക്കി സിജോമോന്‍ കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. മധ്യനിരയിലെ കരുത്തരായ കെ എസ് ഭരത് (24), ഹനുമ വിഹാരി (16) എന്നിവര്‍ക്കും തിളങ്ങാനായില്ല. പിന്നീടാണ് ആന്ധ്രാ ഇന്നിംഗ്‌സിന്റെ നട്ടെല്ലായ റിക്കിയുടെ ഇന്നിംഗ്‌സ് പിറന്നത്. എന്നാല്‍ അക്ഷയ് ചന്ദ്രന്റെ പന്തില്‍ താരം ബൗള്‍ഡായി. പിന്നീടെത്തിയ കരണ്‍ ഷിന്‍ഡെ (28), നിതീഷ് കുമാര്‍ (31) എന്നിവരാണ് സ്‌കോര്‍ 250 കടത്തിയത്. മനീഷ് ഗോലമാരു (13), അയ്യപ്പ ഭണ്ഡാരു (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷൊയ്ബ് മുഹമ്മദ് ഖാന്‍ (11), ഹരിശങ്കര്‍ റെഡ്ഡി (15) എന്നിവര്‍ പുറത്താവാതെ നിന്നു.
കേരളത്തിന്റെ അഞ്ചാം മത്സരമാണിത്. ഹരിയാനക്കെതിരായ ആദ്യ മത്സരം മഴ മുടക്കിയിരുന്നു. അരുണാചല്‍ പ്രദേശ്, ഗോവ, ഛത്തീസ്ഗഡ് എന്നീ ടീമുകളെ തോല്‍പ്പിക്കാനും കേരളത്തിനായി. ഛത്തീസ്ഗഡിനെതിരെ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് കേരളം എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. 92 റണ്‍സുമായി പുറത്താവാതെ നിന്ന ഓപ്പണര്‍ രാഹുലാണ് കേരളത്തിന് വിജയത്തിലേക്ക് നയിച്ചത്. സച്ചിന്‍ ബേബിയും (21) പുറത്താവാതെ നിന്നു. രോഹന്‍ കുന്നുമ്മല്‍ (22), വത്സല്‍ ഗോവിന്ദ് (35) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.