Asianet News MalayalamAsianet News Malayalam

കെസിഎൽ: അസ്ഹറുദ്ദീന്‍റെ വെടിക്കെട്ട് ഫിഫ്റ്റി പാഴായി; ആലപ്പി റിപ്പിൾസിനെതിരെ കൊല്ലം സെയ്‌ലേഴ്‌സിനു ആവേശജയം

ജയത്തോടെ ആറ് കളികളില്‍ അഞ്ച് ജയത്തോടെ 10 പോയന്‍റുമായി കൊല്ലം പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചു.

Kerala Cricket League Aries Kollam Sailors vs Alleppey Ripples live updates: KCL: Kollam Sailors beat Alleppey Ripples by 2 runs
Author
First Published Sep 10, 2024, 7:28 PM IST | Last Updated Sep 10, 2024, 7:28 PM IST

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെതിരേ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനു രണ്ടു റണ്‍സ് ജയം.  164 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിള്‍സിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. നേരത്തെ ആദ്യം ബാറ്റു ചെയ്ത കൊല്ലം അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 163 റണ്‍സ് അടിച്ചത്. ജയത്തോടെ ആറ് കളികളില്‍ അഞ്ച് ജയത്തോടെ 10 പോയന്‍റുമായി കൊല്ലം പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ആറ് മത്സരങ്ങളില്‍ നാലാം തോല്‍വി വഴങ്ങിയ റിപ്പിള്‍സ് നാലു പോയന്‍റുമായി അവസാന സ്ഥാനത്താണ്. കൊല്ലത്തിനു വേണ്ടി നാല് ഓവറില്‍  29 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തിയ ബിജു നാരായണൻ ആണ് പ്ലെയർ ഓഫ് ദ മാച്ച്.

164 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിള്‍സിന് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും കൃഷ്ണപ്രസാദും ചേര്‍ന്ന മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് ആറ് ഓവറില്‍ സ്‌കോര്‍ 50 കടത്തി. സ്‌കോര്‍ 68ലെത്തിയപ്പോള്‍ കൃഷ്ണപ്രസാദിന്‍റെ വിക്കറ്റ് ആലപ്പുഴയ്ക്ക് നഷ്ടമായി. 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 84 എന്ന ശക്തമായ നിലയിലായിരുന്നു ആലപ്പുഴ. രണ്ട് സിക്‌സും അഞ്ച് ബൗണ്ടറിയും പറത്തിയ മുഹമ്മദ് അസറുദ്ദീന്‍ . 30 പന്തില്‍  അര്‍ധ സെഞ്ചുറി കുറിച്ചപ്പോള്‍ ആലപ്പി സ്‌കോര്‍ 100 പിന്നിട്ടു. എന്നാല്‍ 38 പന്തില്‍ നിന്നും 56 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദീനെ ബിജു നാരായണന്‍ പുറത്താക്കിയത് കളിയുടെ വഴിത്തിരിവായി.

ആറ്റിറ്റ്യൂഡിന് ഒരു കുറവുമില്ല, സെല്‍ഫി എടുക്കാനെത്തിയ ആരാധകന്‍ തോളില്‍ കൈയിട്ടപ്പോള്‍ തട്ടിമാറ്റി ബാബർ അസം

പിന്നീട് തുടർച്ചയായി വിക്കറ്റ് വീഴ്ത്താൻ ആയത് കൊല്ലത്തിന് നേട്ടമായി. അവസാന ഓവറില്‍ വിജയിക്കാന്‍ ആലപ്പുഴയ്ക്ക് 11 റണ്‍സ് വേണ്ടിയിരുന്നു. അവസാന ഓവറില്‍ ഫൈസല്‍ ഫാനൂസ് സിക്‌സ് അടിച്ച് വിജയപ്രതീക്ഷ സമ്മാനിച്ചുവെങ്കിലും അവസാന പന്തില്‍ വിജയിക്കാന്‍ മൂന്നു റണ്‍സ് വേണ്ടിയിരുന്നു. ആലപ്പുഴയുടെ നീല്‍ സണ്ണി ആസിഫിന്‍റെ പന്ത് ബൗണ്ടറി പായിക്കാന്‍ ശ്രമിച്ചുവെങ്കിലും മിഥുന് ക്യാച്ച് നൽകി പുറത്തായതോടെ കൊല്ലം രണ്ട് റണ്‍സിന്‍റെ ആവേശ ജയം സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഏരീസ് കൊല്ലത്തിനായി അഭിഷേക് നായര്‍-അരുണ്‍ പൗലോസ് ഓപ്പണിംഗ് കൂട്ടുകെട്ട് 49 റണ്‍സ് സ്വന്തമാക്കി. 27 പന്തില്‍നിന്നും 26 റണ്‍സെടുത്ത അഭിഷേകിനെ വിശ്വേശ്വര്‍ സുരേഷ് എല്‍ബിഡബ്ല്യുവില്‍ കുടുക്കി.  ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും രാഹുല്‍ ശര്‍മയുമായി ചേര്‍ന്നുള്ള മികച്ച കൂട്ടുകെട്ടാണ് കൊല്ലത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.  29 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (33 പന്തില്‍ 55) ആനന്ദ് ജോസഫിന്‍റെ പന്ത് ബൗണ്ടറിയിലേക്ക് പായിക്കാനുള്ള ശ്രമത്തിനിടെ കൃഷ്ണപ്രസാദിന് ക്യാച്ച് നൽകി മടങ്ങി. 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ കൊല്ലം സെയ്‌ലേഴ്‌സ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സിലെത്തി. ആലപ്പുഴയ്ക്കു വേണ്ടി വിശ്വേശ്വര്‍ സുരേഷ് നാല് ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് നേടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios