ലോക ഒന്നാം നമ്പറാണെങ്കില്‍ പാകിസ്ഥാനെതിരെ നന്നായി കളിക്കട്ടെ! സൂര്യകുമാറിനെ വെല്ലുവിളിച്ച് മുന്‍ പാക് താരം
ഐസിസി ടൂര്‍ണമെന്റുകളില്‍ സൂര്യമായ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടില്ല. അതിനെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ മുന്‍ പാകിസ്ഥാന്‍ താരം കമ്രാന്‍ അക്മല്‍.
ന്യൂയോര്‍ക്ക്: 2021 അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വന്ന താരമാണ് സൂര്യകുമാര്‍ യാദവ്. നിലവില്‍ ടി20 ക്രിക്കറ്റ് റാങ്കിംഗില്‍ ഒന്നാ സ്ഥാനത്തുണ്ട്. വിവിധ പരമ്പരകളില്‍ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട്. 360 ഡിഗ്രി ഗെയിമിലൂടെ ധാരാളം സിക്സുകളും ബൗണ്ടറികളും അടിച്ചുകൂട്ടുന്ന പലപ്പോഴും ബൗളര്‍മാര്‍ക്ക് പേടിസ്വപ്‌നമാണ്. ഇന്ന് പാകിസ്ഥാനെതിരെ കളിക്കാനെത്തുമ്പോള്‍ ഇന്ത്യയുടെ പ്രധാന ആയുധങ്ങളിലൊന്ന് സൂര്യ തന്നെയെന്നതില്‍ സംശയമില്ല.
എന്നാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ സൂര്യമായ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടില്ല. അതിനെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ മുന്‍ പാകിസ്ഥാന്‍ താരം കമ്രാന്‍ അക്മല്‍. ''വിരാട് കോലി എന്താണെന്ന് അദ്ദേഹം തെളിയിച്ച് കഴിഞ്ഞു. രോഹിത് ശര്‍മയും ഐസിസി ഇവന്റുകളില്‍ പാകിസ്ഥാനെതിരെ റണ്‍സ് നേടിയിട്ടുണ്ട്. ഇനി സൂര്യയുടെ ഊഴമാണ്. ഐസിസി റാങ്കിംഗില്‍ ഒന്നാമതാണെങ്കില്‍ അവന്‍ റണ്‍സ് സ്‌കോര്‍ ചെയ്യട്ടെ. ബാറ്റ് ചെയ്യാന്‍ വന്നപ്പോഴെല്ലാം പാക്കിസ്ഥാനെതിരെ അദ്ദേഹം വലിയ റണ്‍സ് നേടിയിട്ടില്ല. മറ്റു ടീമുകള്‍ക്കെതിരെ നന്നായി കളിക്കുന്നത് കാണാം. അവന്‍ ബാറ്റ് ചെയ്യുന്നത് കാണുന്നത് തന്നെ ആസ്വദ്യകരമാണ്.'' അക്മല്‍ പറഞ്ഞു.
ന്യയോര്‍ക്ക്, നാസൗ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്ക് മത്സരം ആരംഭിക്കും. പിച്ചിനെ കുറിച്ച് തന്നെയാണ് ഇന്ത്യയുടെയും പാകിസ്ഥാന്റേയും ആശങ്ക. 150ന് മുകളിലുള്ള സ്‌കോര്‍ നേടുക എന്നത് ഈ ഗ്രൗണ്ടില്‍ അസാധ്യമാകുമെന്നാണ് വിലയിരുത്തുന്നത്. ആദ്യ രണ്ട് കളികളിലും 100 റണ്‍സ് പോലും പിറക്കാതിരുന്ന ഗ്രൗണ്ടില്‍ ഇന്നലെ കാനഡ നേടിയ 137 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.