രാഹുല്‍ ആര്‍സിബിയിലേക്കെന്ന് വാര്‍ത്ത! പിന്നാലെ താരത്തെ പിന്തുണച്ച് ലഖ്‌നൗ ഫീല്‍ഡിംഗ് കോച്ച് ജോണ്ടി റോഡ്സ്
രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ലഖ്‌നൗ ഫീല്‍ഡിംഗ് കോച്ച് ജോണ്ടി റോഡ്‌സ്.
മുംബൈ: വരുന്ന ഐപിഎല്‍ മെഗാ ലേലത്തിന് മുന്നോടിയായി കെ എല്‍ രാഹുല്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് വിട്ടേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ സീസണിനിടെ ടീം ഉടമ സഞ്ജീവ് ഗോയങ്ക, ലഖ്നൗ ക്യാപ്റ്റന്‍ രാഹുലുമായുള്ള അഭിപ്രായ വ്യത്യാസം പരസ്യമായി കാണിച്ചിരുന്നു. രാഹുല്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള തന്റെ മൂന്ന് വര്‍ഷത്തെ കരാര്‍ അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ രാഹുലിനെ തിരിച്ചെത്തിക്കാന്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ശ്രമവും നടത്തുന്നുണ്ട്. ഒരു ഇന്ത്യന്‍ താരത്തെയാണ് ആര്‍സിബി ക്യാപ്റ്റനായ ലക്ഷ്യമിടുന്നത്. രാഹുലാവട്ടെ കര്‍ണാകടക്കാരനും ആയതിനാല്‍ ആര്‍സിബി തിരികെ കൊണ്ടുവന്നേക്കും.
ഇതിനിടെ രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ലഖ്‌നൗ ഫീല്‍ഡിംഗ് കോച്ച് ജോണ്ടി റോഡ്‌സ്. രാഹുലിന് വലിയ നേട്ടങ്ങള്‍ എടുത്തുപറയാനുണ്ടെന്നാണ് റോഡ്‌സ് പറയുന്നത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ വാക്കുകള്‍... ''ഐപിഎല്ലിലെ പുതിയൊരു ടീമിന്റെ നായകനാവുകയും ആ ടീമിനെ ഓരോ സീസണിലും പ്ലേ ഓഫിലെത്തുകയും ചെയ്യുന്നത് വലിയ നേട്ടമാണ്. നായക മികവുള്ള ഒരു താരത്തിന് മാത്രമെ ഇത്തരമൊരു നേട്ടം സ്വന്തമാക്കാനാകൂ. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ രാഹുല്‍ നയിക്കുന്ന രീതിയും താരങ്ങളോടുള്ള സമീപനവും ഏറെ അഭിനന്ദനമര്‍ഹിക്കുന്നു.'' റോഡ്‌സ് വ്യക്തമാക്കി.
ഇതിനിടെ രോഹിത്തിനായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 50 കോടി മുടക്കാന്‍ തയാറായി രംഗത്തുവന്നതായ റിപ്പോര്‍ട്ടുകളും വന്നത്. രോഹിത്തിനെ സ്വന്തമാക്കാന്‍ 50 കോടി മുടക്കുമോ എന്ന ചോദ്യത്തിന് ലഖ്‌നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക തന്നെ മറുപടി നല്‍കി. സ്‌പോര്‍ട്‌സ് ടോക്കിന് നല്‍കിയ അഭിമുഖത്തിലാണ് രോഹിത്തിനായി ലഖ്‌നൗ 50 കോടി മുടക്കുമെന്ന അഭ്യൂഹമുണ്ടല്ലോ എന്ന ചോദ്യത്തിന് ഗോയങ്ക മറുപടി നല്‍കിയത്.
നിങ്ങളാദ്യം എന്നോട് ഒരു കാര്യം പറയു, രോഹിത് ശര്‍മ ലേലത്തിനെത്തുന്നുണ്ടെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടോ, മുംബൈ ഇന്ത്യന്‍സ് രോഹിത്തിനെ റിലീസ് ചെയ്യുമെന്ന് ആര്‍ക്കെങ്കിലും ഉറപ്പുണ്ടോ, അഥവാ ലേലത്തിനെത്തിയാല്‍ തന്നെ ഒരു കളിക്കാരനുവേണ്ടി ലേലത്തിലെ ആകെതുകയുടെ 50 ശതമാനവും ഒരു ടീം മുടക്കുമോ, അപ്പോള്‍ ബാക്കി 22 കളിക്കാരെ എങ്ങനെ സ്വന്തമാക്കും. അതുകൊണ്ട് ഇതെല്ലാം യാതൊരു അടിസ്ഥാനവുമില്ലാത്ത അഭ്യൂഹങ്ങള്‍ മാത്രമാണെന്നും സഞ്ജീവ് ഗോയങ്ക പറഞ്ഞു.