നമ്പര്‍ 1 ടെസ്റ്റ് ബൗളറായതിന് പിന്നാലെ നിഗൂഢ പോസ്റ്റ്; വിമര്‍ശകരുടെ വായ പൂട്ടിച്ച് ജസ്പ്രീത് ബുമ്ര
മുകളില്‍ ഒഴിഞ്ഞ ഗാലറിയില്‍ ഏകനായിരിക്കുന്ന ഒരാളുടെയും താഴെ നിറഞ്ഞ ഗ്യാലറിയുടെയും ചിത്രങ്ങളുടെ കൊളാഷാണ് ജസ്പ്രീത് ബുമ്ര ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്
വിശാഖപട്ടണം: ക്രിക്കറ്റിലെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റായ ടെസ്റ്റിലെ നമ്പര്‍ 1 ബൗളറായതിന് പിന്നാലെ നിഗൂഢ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര. വിമര്‍ശകരുടെ നാവടപ്പിക്കുന്ന സ്റ്റോറിയാണ് ഇന്‍സ്റ്റയില്‍ ബുമ്ര പോസ്റ്റ് ചെയ്തത്.
മുകളില്‍ ഒഴിഞ്ഞ ഗാലറിയില്‍ ഏകനായിരിക്കുന്ന ഒരാളുടെയും താഴെ നിറഞ്ഞ ഗ്യാലറിയുടെയും ചിത്രങ്ങളുടെ കൊളാഷാണ് ജസ്പ്രീത് ബുമ്ര ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. 'പിന്തുണ vs അഭിനന്ദനങ്ങള്‍' എന്ന തലക്കെട്ടും ബുമ്ര ഇതിന് നല്‍കി. മോശം കാലത്ത് പിന്തുണയ്ക്കാന്‍ ആരുമില്ലെങ്കിലും അഭിനന്ദിക്കാന്‍ ആരാധകരുടെ തിക്കുംതിരക്കുമാണ് എന്നാണ് ഈ പോസ്റ്റിലൂടെ ബുമ്ര ലോകത്തോട് പറയുന്നതെന്നാണ് വിലയിരുത്തലുകള്‍. ഇംഗ്ലണ്ടിനെതിരായ വിശാഖപട്ടണം ടെസ്റ്റില്‍ ഒന്‍പത് വിക്കറ്റ് പ്രകടനത്തോടെ ലോക നമ്പര്‍ 1 ടെസ്റ്റ് ബൗളറായി മാറിയതിന് തൊട്ടുപിന്നാലെയായിരുന്നു ബുമ്രയുടെ പോസ്റ്റ്.
മുമ്പ് പരിക്ക് കാരണം 2022ല്‍ ഏഷ്യാ കപ്പും ട്വന്‍റി 20 ലോകകപ്പും നിര്‍ണായക പരമ്പരകളും ബുമ്രക്ക് നഷ്ടമായപ്പോള്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നീണ്ട 11 മാസമാണ് മത്സരക്രിക്കറ്റില്‍ നിന്ന് അന്ന് ബുമ്രക്ക് മാറിനില്‍ക്കേണ്ടി വന്നത്. ഇന്ത്യന്‍ ടീമില്‍ ശ്രദ്ധിക്കാതെ ഐപിഎല്ലില്‍ കളിക്കുന്നതിനാണ് ബുമ്ര പ്രാധാന്യം നല്‍കുന്നത് എന്ന പഴിയും അന്നുണ്ടായിരുന്നു.
ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യന്‍ പേസര്‍ എന്ന നേട്ടം ജസ്പ്രീത് ബുമ്ര അടുത്തിടെ സ്വന്തമാക്കിയിരുന്നു. ബിഷന്‍ സിംഗ് ബേദിയും രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും മുമ്പ് ടെസ്റ്റില്‍ നമ്പര്‍ 1 ബൗളര്‍മാരായിട്ടുണ്ടെങ്കിലും മൂവരും സ്പിന്നര്‍മാരായിരുന്നു. ടെസ്റ്റിനൊപ്പം ഏകദിനത്തിലും ട്വന്‍റി 20യിലും ഒന്നാം റാങ്ക് ബുമ്രക്കുണ്ട്. മൂന്ന് ഫോര്‍മാറ്റിലും നമ്പര്‍ വണ്‍ ആകുന്ന ആദ്യ ബൗളര്‍ കൂടിയാണ് ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര. 30 വയസുകാരനായ ബുമ്ര 34 ടെസ്റ്റില്‍ 155 ഉം 89 ഏകദിനങ്ങളില്‍ 149 ഉം 62 രാജ്യാന്തര ട്വന്‍റി 20കളില്‍ 74 ഉം വിക്കറ്റുകള്‍ ഇതിനകം നേടി. ടെസ്റ്റില്‍ 20.19 ബൗളിംഗ് ശരാശരിയിലാണ് ബുമ്ര പന്തെറിയുന്നത്.
Read more: ജസ്പ്രീത് ബുമ്ര 'ദി കംപ്ലീറ്റ് ബൗളര്‍'; വാഴ്ത്തിപ്പാടി മുന്‍ പേസര്‍, മുഹമ്മദ് ഷമിക്കും പ്രശംസ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം