ഇന്ത്യക്ക് പ്രതീക്ഷ, ജസ്പ്രിത് ബുമ്ര തിരിച്ചെത്തി! സിഡ്നിയില്‍ പന്തെറിയുമോ ഇല്ലയോ എന്നുള്ള ആശങ്ക ബാക്കി
രണ്ടാം സെഷന്റെ തുടക്കത്തിലാണ് താരം ഡ്രസിംഗ് റൂമിലേക്ക് മടങ്ങുന്നത്.
സിഡ്നി: ഓസീസിനെതിരെ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്ക് പ്രതീക്ഷയായി ജസ്പ്രിത് ബുമ്ര തിരിച്ചെത്തി. സിഡ്നിയില്‍ മത്സരം നടക്കുന്നതിനിടെ താരം ഗ്രൗണ്ട് വിട്ടിരുന്നു. പിന്നാലെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിനൊപ്പം സ്കാനിംഗിനായി ആശുപത്രിയിലേക്ക് പോവുകയും ചെയ്തിരുന്നു. എന്താണ് പരിക്കെന്നോ, താരം തുടര്‍ന്ന് കളിക്കുമോ എന്നുള്ള കാര്യം ഉറപ്പായിട്ടില്ല. നിര്‍ണായക മത്സരമായതിനാല്‍ താരം പന്തെറിയാന്‍ സാധ്യത ഏറെയാണ്. മാത്രമല്ല, ആത്മവിശ്വാസത്തോടെയാണ് താരം ഡ്രസിംഗ് റൂമിലേക്ക് കയറി പോകുന്നതും.
രണ്ടാം സെഷന്റെ തുടക്കത്തിലാണ് താരം ഡ്രസിംഗ് റൂമിലേക്ക് മടങ്ങുന്നത്. അതിന് മുമ്പും മത്സരത്തിനിടെ പല സമയങ്ങളിലായി താരം ഡ്രസിംഗ് റൂമിലേക്ക് പോയിരുന്നു. കുറച്ച് സമയങ്ങള്‍ക്ക് ശേഷം ട്രെയ്നിംഗ് കിറ്റ് ധരിച്ച് താരം കാറില്‍ കയറി ആശുപത്രിയിലേക്ക് നീങ്ങുകയായിരുന്നു. കോച്ചിംഗ് സ്റ്റാഫുകളിലെ ഒരാളും ബുമ്രയ്ക്കൊപ്പമുണ്ടായിരുന്നു. ബുമ്രയുടെ അഭാവത്തില്‍ വിരാട് കോലിയാണ് ഇന്ത്യയെ നയിച്ചിരുന്നത്. പരമ്പരയിലുടനീളം തകര്‍പ്പന്‍ ഫോമിലാണ് ബുമ്ര. ഇതുവരെ 32 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഓസ്ട്രേലിയക്കെതിരെ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ താരവും ബുമ്ര തന്നെ. 31 വിക്കറ്റ് നേടിയിട്ടുള്ള ബിഷന്‍ സിംഗ് ബേദിയുടെ റെക്കോഡാണ് ബുമ്ര മറികടന്നത്.
രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ശേഷമാണ് താരം ഗ്രൗണ്ട് വിട്ടിരുന്നത്. ബുമ്രയക്ക് പുറമെ പ്രസിദ്ധ കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി. നിതീഷ് കുമാര്‍ റെഡ്ഡിക്ക് രണ്ട് വിക്കറ്റുണ്ട്. ഇന്ത്യന്‍ പേസര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 181ന് അവസാനിച്ചിരുന്നു. നാല് റണ്‍സ് ലീഡ് ഇന്ത്യക്ക്. 57 റണ്‍സ് നേടിയ ബ്യൂ വെബ്സ്റ്ററാണ് ടോപ് സ്കോറര്‍. സ്റ്റീവന്‍ സ്മിത്ത് (33), സാം കോണ്‍സ്റ്റാസ് (23), അലക്സ് ക്യാരി (21), പാറ്റ് കമ്മിന്‍സ് (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.
പിന്നാലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ നാലിന് 117 എന്ന നിലയിലാണ്. റിഷഭ് പന്ത് (54), രവീന്ദ്ര ജഡേജ (2) എന്നിവരാണ് ക്രീസില്‍. യശസ്വി ജയ്സ്വാള്‍ (22), കെ എല്‍ രാഹുല്‍ (13), ശുഭ്മാന്‍ ഗില്‍ (13), വിരാട് കോലി (6) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. സ്കോട്ട് ബോളണ്ട് മുന്ന് വിക്കറ്റെടുത്തു.