കപ്പുള്ളവരെല്ലാം മാറി നില്‍ക്കണം; ഐപിഎല്ലില്‍ പുതിയ ജേതാക്കള്‍ വരുമെന്ന് കാലിസ്

എല്ലാ സീസണിലും കപ്പുയര്‍ത്താന്‍ സാധ്യത കല്‍പിക്കപ്പെട്ടിട്ടുള്ള ടീമുകളാണ് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും

Jacques Kallis Predicts this team win IPL 2023 title for first time jje

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണ്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ വിജയിയെ പ്രവചിച്ചുള്ള ട്വീറ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ്. ആവേശപ്പോരാട്ടം നാളെ ആരംഭിക്കാനിരിക്കേ തന്‍റെ ഫേവറൈറ്റ് ടീം ഏതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസ്. എല്ലാത്തവണയും ഫേവറൈറ്റുകളായി ടൂര്‍ണമെന്‍റിന് എത്തുന്ന മുംബൈ ഇന്ത്യന്‍സിന്‍റെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റേയും പേരല്ല കാലിസ് പറയുന്നത്. 

എല്ലാ സീസണിലും കപ്പുയര്‍ത്താന്‍ സാധ്യത കല്‍പിക്കപ്പെട്ടിട്ടുള്ള ടീമുകളാണ് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും. എന്നാല്‍ ജാക്ക് കാലിസ് ഈ രണ്ട് ടീമുകളെ ഇത്തവണ കിരീടധാരണത്തിന് തെരഞ്ഞെടുക്കുന്നില്ല. 'കടുത്ത മത്സരം നിലനില്‍ക്കുന്നതിനാല്‍ ഐപിഎല്‍ പ്ലേ ഓഫിലെത്തുന്ന ടീമുകളെ പ്രവചിക്കുക പ്രയാസമാണ്. ഇത്തവണ കിരീട പോരാട്ടം മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ് കിരീടം ഉയര്‍ത്തും' എന്നും കാലിസ് പറഞ്ഞു. ഇതുവരെ ഐപിഎല്‍ കിരീടം നേടാത്ത ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. 2020 സീസണില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റ് റണ്ണേഴ്‌സ് അപ്പായതാണ് ഡല്‍ഹിയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. കഴിഞ്ഞ സീസണില്‍ അഞ്ചാമതാണ് ഫിനിഷ് ചെയ്തത്. അതേസമയം മുംബൈ ഇന്ത്യന്‍സ് അഞ്ചും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നാലും കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 

ഐപിഎല്ലില്‍ 98 മത്സരങ്ങള്‍ കളിച്ച് പരിചയമുള്ളയാളാണ് ജാക്ക് കാലിസ്, 2008 മുതല്‍ 2010 വരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലും ഇതിന് ശേഷം മൂന്ന് സീസണുകളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലും കളിച്ചു. 2012ലും 2014ലും കിരീടം നേടിയ കെകെആര്‍ ടീമില്‍ അംഗമായിരുന്നു. 98 ഐപിഎല്‍ മത്സരങ്ങളില്‍ 28.55 ശരാശരിയിലും 109.23 സ്ട്രൈക്ക് റേറ്റിലും 17 ഫിഫ്റ്റുകളോടെ കാലിസ് 2427 റണ്‍സ് നേടി. ഇതിനൊപ്പം 7.90 ഇക്കോണമിയില്‍ 65 വിക്കറ്റും സ്വന്തമാക്കി. 13 റണ്‍സിന് മൂന്ന് പേരെ പുറത്താക്കിയതാണ് മികച്ച പ്രകടനം. 

ഐപിഎൽ സീസണ് വെള്ളിയാഴ്‌ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തുടക്കമാവും. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മത്സരങ്ങൾ ഹോം-ആൻഡ്‌ എവേ രീതിയിലേക്ക്‌ തിരിച്ചുവരുന്നതാണ് ഏറ്റവും വലിയ സവിശേഷത. പത്ത് ടീമുകൾ 12 വേദികളിലായി 74 മത്സരങ്ങളിൽ ഏറ്റുമുട്ടും. മേയ് ഇരുപത്തിയെട്ടിനാണ് ഫൈനല്‍. ടോസിന് ശേഷം ഇലവനെ പ്രഖ്യാപിക്കുന്നതും ഇംപാക്‌ട് പ്ലെയറും വൈഡും നോബോളും ഡിആർഎസ് പരിധിയിൽ വരുന്നതുമാണ് ഇത്തവണത്തെ പ്രത്യേകത. കളിയുടെ ഗതിക്കനുസരിച്ച് ഒരു കളിക്കാരനെ മാറ്റി ഇറക്കുന്നതാണ് ഇംപാക്‌ട് പ്ലെയർ നിയമം. ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സാണ് നിലവിലെ ജേതാക്കള്‍. മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ് റണ്ണേഴ്‌സ് അപ്പ്. 

ഐപിഎല്‍ ഉദ്‌ഘാടനം വര്‍ണാഭമാക്കാന്‍ രശ്‌മിക മന്ദാന, തമന്ന ഭാട്ടിയ; താരപ്പട്ടിക ശ്രദ്ധേയം

Latest Videos
Follow Us:
Download App:
  • android
  • ios