'വിരമിക്കാന്‍ സമയമായെന്ന്' ലാബുഷെയ്ന്‍; ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ഹൃദയം തകർത്ത ബാറ്റ് ഉപേക്ഷിച്ച് ഓസീസ് താരം
110 പന്തില്‍ 58 റണ്‍സെടുത്ത ലാബുഷെയ്നും സെഞ്ചുറി നേടിയ ട്രാവിസ് ഹെഡും ചേര്‍ന്നായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ത്ത സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയത്.
മെല്‍ബണ്‍: ഓസ്ട്രേലിയൻ യുവതാരം മാര്‍നസ് ലാബുഷെയ്ന്‍ നടത്തിയ ഒരു വിരമിക്കല്‍ പ്രഖ്യാപനം ആരാധകരെ ആദ്യമൊന്ന് ഞെട്ടിച്ചു കളഞ്ഞു. എക്സ് പോസ്റ്റിലൂടെയാണ് ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ അര്‍ധസെഞ്ചുറിയ നേടിയ ബാറ്റിന് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കിയത്. ബാറ്റിന്‍റെ നിലവിലെ പരിതാപകരമായ അവസ്ഥയും പോസ്റ്റിലെ ചിത്രത്തിലൂടെ ലാബുഷെയ്ന്‍ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ തുടക്കത്തിലെ മൂന്ന് വിക്കറ്റ് നഷ്ടമായി പതറിയപ്പോള്‍ ട്രാവിസ് ഹെഡിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ലാബുഷെയ്ന്‍ ഓസീസിന്‍റെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. 110 പന്തില്‍ 58 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ലാബുഷെയ്നും സെഞ്ചുറി നേടിയ ട്രാവിസ് ഹെഡും ചേര്‍ന്നായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ത്ത സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയത്.
കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ അപരാജിതരായി ഫൈനലിലെത്തിയ ഇന്ത്യയെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഓസീസ് 240 റണ്‍സില്‍ എറിഞ്ഞൊതുക്കുകയായിരുന്നു. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ കെ എല്‍ രാഹുലും(66), വിരാട് കോലിയും(54) മാത്രമാണ് ഇന്ത്യക്കായി ബാറ്റിംഗില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത് എന്നിവരെ 47 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായെങ്കിലും ലാബുഷെയ്നും ട്രാവിസ് ഹെഡും ചേര്‍ന്ന് 192 റണ്‍സിന്‍റെ കൂട്ടുകെട്ടിലൂടെ ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിവിട്ടു. ഹെഡ് 120 പന്തില്‍ 137 റണ്‍സടിച്ച് വിജയത്തിനരികെ പുറത്തായപ്പോള്‍ ലാബുഷെയ്ന്‍ 58 റണ്‍സുമായും ഗ്ലെന്‍ മാക്സ്‌വെല്‍ രണ്ട് റണ്‍സോടെയും പുറത്താകാതെ നിന്നു.
Think it’s finally time to retire the World Cup final bat 🥲 pic.twitter.com/X7123Vt8vT
— Marnus Labuschagne (@marnus3cricket) August 12, 2024
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക