സഞ്ജുവിനെയും പന്തിനെയും മറികടന്ന് ധോണിയോ കാര്‍ത്തിക്കോ ടി20 ലോകകപ്പ് ടീമിലെത്തുമോ?; മറുപടി നല്‍കി രോഹിത് ശര്‍മ
മുംബൈ-ആര്‍സിബി മത്സരത്തിനിടെ 22 പന്തില്‍ അര്‍ധസെഞ്ചറി നേടിയ കാര്‍ത്തിക്കിന് അടുത്തെത്തി രോഹിത് ലോകകപ്പ് ടീമിലേക്ക് പരിഗണിക്കേണ്ടിവരുമോയെന്ന് തമാശ പറയുകയും ചെയ്തിരുന്നു.
മുംബൈ: ഐപിഎല്ലിന് പിന്നാലെ നടക്കുന്ന ടി20 ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് യുവതാരങ്ങള്‍ക്കിടയില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. റണ്‍വേട്ടയില്‍ മുന്നിലുള്ള രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണും ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തും മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും പഞ്ചാബ് കിംഗ്സ് വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മയുമെല്ലാം ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനം സ്വപ്നം കാണുന്നവരാണ്. ഇവര്‍ക്കെല്ലാം പുറമെ ലഖ്നൗ നായകന്‍ കെ എല്‍ രാഹുലിനെയും വിക്കറ്റ് കീപ്പര്‍ ബാറ്ററായി പരിഗണിക്കുന്നുണ്ട്.
ഇതിനിടെ ഐപിഎല്ലിലെ മിന്നും പ്രകടനങ്ങളോടെ വെറ്ററന്‍ താരങ്ങളായ ആര്‍സിബിയുടെ ദിനേശ് കാര്‍ത്തിക്കും ചെന്നൈ മുന്‍ നായകന്‍ എം എസ് ധോണിയും ആരാധകരെ അമ്പപ്പിക്കുകയും ചെയ്തു. മുംബൈ-ആര്‍സിബി മത്സരത്തിനിടെ 22 പന്തില്‍ അര്‍ധസെഞ്ചറി നേടിയ കാര്‍ത്തിക്കിന് അടുത്തെത്തി രോഹിത് ലോകകപ്പ് ടീമിലേക്ക് പരിഗണിക്കേണ്ടിവരുമോയെന്ന് തമാശ പറയുകയും ചെയ്തിരുന്നു. മുംബൈ-ചെന്നൈ മത്സരത്തിലാകട്ടെ ചെന്നൈ ഇന്നിംഗ്സിലെ അവസാന നാലു പന്തില്‍ ബാറ്റ് ചെയ്യാനെത്തി ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെ മൂന്ന് സിക്സ് അടക്കം 20 റണ്‍സടിച്ച എം എസ് ധോണി ചെന്നൈയുടെ ജയത്തില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു. 20 റണ്‍സിനായിരുന്നു മുംബൈ തോറ്റത്. പിന്നാലെ ഹൈദരാബാദിനെതിരായ മത്സരത്തില്‍ ദിനേശ് കാര്‍ത്തിക് 35 പന്തില്‍ 83 റണ്‍സടിച്ച് ഞെട്ടിച്ചു. ഇതോടെ ഇരവരെയും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമോ എന്ന ചോദ്യവും ശക്തമായി.
കഴിഞ്ഞ ദിവസം ഇന്ത്യൻ നായകന്‍ രോഹിത് ശര്‍മ തന്നെ ഇതിന് ഉത്തരവുമായി എത്തി. ക്ലബ്ബ് പ്രൈയറി ഫയറില്‍ ആദം ഗില്‍ക്രിസ്റ്റിന്‍റെ ചോദ്യത്തിനാണ് രോഹിത് മറുപടി നല്‍കിയത്. ഹൈദരാബാദിനെതിരെ ദിനേശ് കാര്‍ത്തിക്കിന്‍റെ ബാറ്റിംഗ് കണ്ട് താന്‍ ശരിക്കും അമ്പരന്നുവെന്ന് രോഹിത് പറഞ്ഞു. ധോണിയും ഞങ്ങള്‍ക്കെതിരെ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ധോണി നേടിയ 20 റണ്‍സായിരുന്നു ചെന്നൈക്കെതിരാ ഞങ്ങളുടെ തോല്‍വിയില്‍ നിര്‍ണായകമായത്.
Rohit Sharma (on Club Prairie Fire):
— Mufaddal Vohra (@mufaddal_vohra) April 18, 2024
"It'll be hard to convince MS Dhoni for the World Cup, DK will be easier to convince". 😂👌 pic.twitter.com/O5ozBqayYN
എന്നാല്‍ ലോകകപ്പിൽ കളിക്കണമെന്ന് ധോണിയെ ബോധ്യപ്പെടുത്തുക ഏറെ ബുദ്ധിമുട്ടാണെന്ന് രോഹിത് പറഞ്ഞു. അത് മാത്രമല്ല, അദ്ദേഹം ക്ഷീണിതനുമാണ്. ഇനി അദ്ദേഹം അമേരിക്കയിലേക്ക് വരികയാണെങ്കില്‍ തന്നെ അത് ഗോള്‍ഫ് കളിക്കാനായിട്ടായിരിക്കും. എന്നാല്‍ ദിനേശ് കാര്‍ത്തിക്കിനോട് ലോകകപ്പ് കളിക്കണം എന്ന് പറഞ്ഞ് ബോധ്യപ്പെടുത്തുക കുറച്ചു കൂടി എളുപ്പമാണെന്നും രോഹിത് ഗില്‍ക്രിസ്റ്റിനോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക