ദ്രാവിഡിന്‍റെ വാക്കുകൾക്ക് പുല്ലുവില, രഞ്ജി ട്രോഫിയിൽ കളിക്കാതെ വീണ്ടും ഇഷാൻ കിഷൻ; തിരിച്ചുവരവ് സാധ്യത മങ്ങി

വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനം വരെ ഇഷാന്‍ കിഷന്‍ ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലെയും ആദ്യത്തെയോ രണ്ടാമത്തെയോ ചോയ്സായിരുന്നു.

Ishan Kishan's absence from Ranji Trophy continues

പാലം: രഞ്ജി ട്രോഫിയില്‍ കളിക്കാതെ വിട്ടു നിന്ന് വീണ്ടും ഇഷാന്‍ കിഷന്‍. ഇന്ന് തുടങ്ങിയ സര്‍വീസസിനെതിരായ രഞ്ജി മത്സരത്തിലും ജാര്‍ഖണ്ഡ് ടീമില്‍ ഇഷാന്‍ കിഷനില്ല. ഇഷാന്‍ കിഷന് പകരം ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയ കുമാര്‍ കുശാഗ്രയാണ് വിക്കറ്റ് കീപ്പറായി ജാര്‍ഖണ്ഡിനായി കളിക്കുന്നത്.

സര്‍വീസസിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ജാര്‍ഖണ്ഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 49-3 എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. 16 റണ്‍സോടെ ക്യാപ്റ്റന്‍ വിരാട് സിംഗും 15 റണ്‍സോടെ സൗരഭ് തിവാരിയുമാണ് ക്രീസിലുള്ളത്. കുമാര്‍ ദിയോബ്രാത്(0), എം ഡി നസീം(1), കുമാര്‍ സൂരജ്(0) എന്നിവരുടെ വിക്കറ്റുകളാണ് ജാര്‍ഖണ്ഡിന് നഷ്ടമായത്.

ദ്രാവിഡ് പറഞ്ഞത് പെരുംനുണയോ; ഇഷാന്‍ കിഷനെതിരെ അച്ചടക്ക നടപടി തന്നെ? അതൃപ്തി പുകഞ്ഞ് ബിസിസിഐ

വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനം വരെ ഇഷാന്‍ കിഷന്‍ ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലെയും ആദ്യത്തെയോ രണ്ടാമത്തെയോ ചോയ്സായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ വ്യക്തിപരമയാ കാരണങ്ങള്‍ പറഞ്ഞ് കിഷന്‍ ഇന്ത്യയിലേക്ക് മടങ്ങിയതോടെ താരത്തിന്‍റെ ഇന്ത്യൻ ടീമിലെ ഭാവി തന്നെ വലിയ ചോദ്യചിഹ്നമായി. പരമ്പരക്കിടെ കിഷന്‍ ടീം വിട്ടതോടെ കെ എസ് ഭരതിനെ വിക്കറ്റ് കീപ്പറായി ദക്ഷിണാഫ്രിക്കയിലേക്ക് അയക്കാൻ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായി.

തുടര്‍ച്ചയായ യാത്രകളും പ്ലേയിംഗ് ഇലവനില്‍ സ്ഥിരമാകാന്‍ കഴിയാത്തതിലെ മാനസികപ്രശ്നങ്ങളുമാണ് കിഷനെ അലട്ടുന്നതെന്ന് സൂചനയുണ്ടായിരുന്നു. ടീം വിട്ട കിഷന്‍ നേരെ ദുബായില്‍ സഹോദരന്‍റെ ബര്‍ത്ത് ഡേ പാര്‍ട്ടി ആഘോഷിക്കാന്‍ പോയതും സെലക്ടര്‍മാരെ ചൊടിപ്പിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നാലെ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ടീമിലേക്ക് സെലക്ടര്‍മാര്‍ കിഷനെ പരിഗണിച്ചില്ല. ജിതേഷ് ശര്‍മയും സഞ്ജു സാംസണുമാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിലെത്തിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴാകട്ടെ കെ എസ് ഭരത്തും ധ്രുവ് ജുറെലുമാണ് വിക്കറ്റ് കീപ്പര്‍മാരായി സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തത്.

രഞ്ജി ട്രോഫി: കേരളത്തിനെതിരെ മുംബൈക്ക് കൂട്ടത്തകര്‍ച്ച, അവസാന പ്രതീക്ഷ ശിവം ദുബെയില്‍, രഹാനെക്ക് വീണ്ടും നിരാശ

കിഷനെ പുറത്ത് നിര്‍ത്തിയിരിക്കുകയാണോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇന്ത്യൻ കോച്ച് രാഹുല്‍ ദ്രാവിഡ് ഇത് നിഷേധിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോമും ഫിറ്റ്നെസും തെളിയിച്ചാല്‍ കിഷന് ഇന്ത്യൻ ടീമില്‍ തിരിച്ചെത്താമെന്ന് ദ്രാവിഡ് പറഞ്ഞിരുന്നു. എന്നാല്‍ ദ്രാവിഡ് പറഞ്ഞശേഷം നടന്ന സീസണിലെ ആദ്യ രഞ്ജി മത്സരത്തിലും രണ്ടാം മത്സരത്തിലും കളിക്കാതിരുന്ന കിഷന്‍ ഇപ്പോള്‍ സീസണിലെ മൂന്നാം മത്സരത്തിലും ജാര്‍ഖണ്ഡ് ടീമിലില്ല.

ആഭ്യന്തര മത്സരങ്ങളില്‍ കളിക്കാതെ ടീമിലെടുക്കില്ലെന്ന് കോച്ച് നിലപാട് വ്യക്തമാക്കിയിട്ടും കിഷന്‍ അതിന് തയാറാവാത്തത് സഹതാരങ്ങളെപ്പോലും അമ്പരപ്പിക്കുന്നുമുണ്ട്. ടി20 ലോകകപ്പ് ടീമില്‍ ഇടം നേടണമെങ്കില്‍ കിഷന് ഇനി ഐപിഎല്ലില്‍ അവഗണിക്കാനാവാത്ത പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios