രണ്ട് വാക്ക് മാത്രം! വിമര്‍ശകരുടെ വായടപ്പിച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഇഷാന്‍ കിഷന്‍
ബാറ്റ് ചെയ്യുന്ന ചിത്രത്തിനൊപ്പം 'പൂര്‍ത്തിയാകാത്ത ബിസിനസ്സ്' എന്ന കുറിപ്പാണ് താരം പോസ്റ്റ് ചെയ്തത്.
മുംബൈ: പരിക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ ഇഷാന്‍ കിഷന്‍ ദുലീപ് ട്രോഫിയില്‍ സെഞ്ചുറി നേടിയിരുന്നു. അനന്തപൂരില്‍ ഇന്ത്യ ബിക്കെതിരായ മത്സരത്തിലാണ് ഇന്ത്യ സി താരമായ ഇഷാന്‍ സെഞ്ചുറി നേടിയത്. ഏകദിന ശൈലിയില്‍ ബാറ്റ് ചെയ്ത താരം 126 പന്തില്‍ 111 റണ്‍സുമായി പുറത്തായി. രണ്ടിന് 97 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ഇഷാന്‍ ക്രീസിലെത്തുന്നത്. മൂന്ന് സിക്സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. ഇപ്പോള്‍ ഇഷാന്‍ കിഷന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ബാറ്റ് ചെയ്യുന്ന ചിത്രത്തിനൊപ്പം 'പൂര്‍ത്തിയാകാത്ത ബിസിനസ്സ്' എന്ന കുറിപ്പാണ് താരം പോസ്റ്റ് ചെയ്തത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ താരം കളിക്കുന്നില്ലെങ്കിലും ടി20 പരമ്പരയില്‍ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് താരം. കിഷന്റെ പോസ്റ്റ് കാണാം...
അവസാന നിമിഷമാണ് ഇന്ത്യ സിയുടെ പ്ലേയിംഗ് ഇലവനില്‍ ഇഷാന് ഇടം ലഭിക്കുന്നത്. ദുലീപ് ട്രോഫി ആദ്യ റൗണ്ട് മത്സരങ്ങളില്‍ നിന്ന് പരിക്കുമൂലം ഇഷാന്‍ കിഷന്‍ വിട്ടുനിന്നിരുന്നു. പകരം സഞ്ജു സാംസണെ ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡി ടീമിലുള്‍പ്പെടുത്തുകയും ചെയ്തു. ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെയും ഇടപെടലിനെ തുടര്‍ന്നാണ് ഇഷാന്‍ ഇന്ത്യ സി ടീമിലെത്തുന്നത്.
ബംഗ്ലാദേശിനെിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് പിന്നാലെ നിരവധി താരങ്ങള്‍ ദുലീപ് ട്രോഫിയില്‍ നിന്ന് വിട്ടുനിന്നതോടെ കഴിഞ്ഞ ദിവസം ബിസിസിഐ ദുലീപ് ട്രോഫി രണ്ടാം റൗണ്ട് മത്സരത്തിനുള്ള പുതുക്കിയ ടീം ലിസ്റ്റ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതില്‍ ഏതിലും ഇഷാന്‍ കിഷന്റെ പേരുണ്ടായിരുന്നില്ല. ഇതോടെയാണ് സമൂഹമാധ്യമങ്ങളില്‍ കിഷനെ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് 'Bring back Ishan Kishan' ക്യാംപെയിന്‍ ആരാധകര്‍ തുടങ്ങിയത്.