ഇഷാന്റെ ഇരട്ട സെഞ്ചുറി, കോലിയുടെ സെഞ്ചുറി; ബംഗ്ലാദേശിനെതിരെ മൂന്നാം ഏകദിനത്തില്‍ 400 കടന്ന് ടീം ഇന്ത്യ

പതിയെ തുടങ്ങിയ ഇഷാന്‍ തീയായി. കേവലം 131 പന്തിലാണ് താരം 210 റണ്‍സെടുത്തത്. 10 സിക്‌സും 24 ഫോറും ഇഷാന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു.  ഇതോടെ ചില റെക്കോര്‍ഡുകളും താരത്തെ തേടിയെത്തി. ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററെന്ന റെക്കോര്‍ഡ് ഇന്ന് സ്വന്തം പേരിലാക്കി.

Ishan Kishan double century and Kohli ton helped India to huge total against Bangladesh

ചിറ്റഗോങ്: ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തില്‍ ബംഗ്ലാദേശിന് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇഷാന്‍ കിഷന്‍ (131 പന്തില്‍ 210), വിരാട് കോലി (91 പന്തില്‍ 113) എന്നിവരുടെ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 409 റണ്‍സാണ് നേടിയത്. ടസ്‌കിന്‍ അഹമ്മദ്, ഇബാദത്ത് ഹുസൈന്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് വീതമെടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ബംഗ്ലാദേശ് ജയിക്കുയായിരുന്നു.

ശിഖര്‍ ധവാന്റെ (3) വിക്കറ്റ് ഇന്ത്യക്ക് നേരത്തെ നഷ്ടമായിരുന്നു. മെഹ്ദി ഹസന്‍ മിറാസിനായിരുന്നു വിക്കറ്റ്. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഇഷാന്‍- കോലി സഖ്യം വേഗത്തില്‍ റണ്‍ കണ്ടെത്തി. പതിയെ തുടങ്ങിയ ഇഷാന്‍ തീയായി. കേവലം 131 പന്തിലാണ് താരം 210 റണ്‍സെടുത്തത്. 10 സിക്‌സും 24 ഫോറും ഇഷാന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു.  ഇതോടെ ചില റെക്കോര്‍ഡുകളും താരത്തെ തേടിയെത്തി. ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററെന്ന റെക്കോര്‍ഡ് ഇന്ന് സ്വന്തം പേരിലാക്കി. 2020നുശേഷം ഏകദിന ക്രിക്കറ്റില്‍ സെഞ്ചുറി തികക്കുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണറായ ഇഷാന്‍ കിഷന്‍ 24 വയസും 145 ദിവസവും പ്രായമുള്ളപ്പോഴാണ് ഡബിള്‍ സെഞ്ചുറിയെന്ന നേട്ടം കൈക്കലാക്കിയത്. 26 വയസും 186 ദിവസവും പ്രായമുള്ളപ്പോഴാണ് രോഹിത് ശര്‍മ ഡബിള്‍ സെഞ്ചുറി നേട്ടം സ്വന്തമാക്കിയത്.

Ishan Kishan double century and Kohli ton helped India to huge total against Bangladesh

ഏകദിന ക്രിക്കറ്റിലെ അതിവേഗ ഡബിള്‍ സെഞ്ചുറിയെന്ന നേട്ടവും കിഷന്‍ ഇന്ന് സ്വന്തം പേരിലാക്കി. 85 പന്തില്‍ സെഞ്ചുറിയും 126 പന്തില്‍ ഡബിള്‍ സെഞ്ചുറിയും തികച്ച കിഷന്‍ 138 പന്തില്‍ ഡബിള്‍ സെഞ്ചുറി തികച്ച വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിന്റെ റെക്കോര്‍ഡാണ് കിഷന്‍ ഇന്ന് മറികടന്നത്. ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ ബാറ്ററാണ് കിഷന്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(200), വീരേന്ദര്‍ സെവാഗ്(219), രോഹിത് ശര്‍മ(മൂന്ന് തവണ 208, 209, 264) എന്നിവരാണ് കിഷന് മുമ്പ് ഏകദിന ഡബിള്‍ നേടിയിട്ടുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍. ഇഷാന്‍ പുറത്താവുമ്പോള്‍ കോലിക്കൊപ്പം 290 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു.

വൈകാതെ കോലിയും സെഞ്ചുറി പൂര്‍ത്തിയാക്കി. 91 പന്തില്‍ രണ്ട് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെന്നിംഗ്‌സ്. അന്താരാഷ്ട്ര കരിയറില്‍ കോലിയുടെ 72-ാം സെഞ്ചുറി കൂടിയാണിത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോലി ഏകദിനത്തില്‍ സെഞ്ചുറി നേടുന്നത്. മൊത്തം സെഞ്ചുറികളുടെ എണ്ണത്തില്‍ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിനെ പിന്തള്ളാനും കോലിക്കായി. ഏകദിനത്തില്‍ കോലിയുടെ 44-ാം സെഞ്ചുറിയാണിത്. ഏകദിനത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഇനി കോലിയുടെ മുന്നിലുള്ളത്. 49 ഏകദിന സെഞ്ചുറികളാണ് സച്ചിന്റെ അക്കൗണ്ടിലുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒന്നാകെ 28 സെഞ്ചുറികള്‍ കൂടി നേടിയാല്‍ സച്ചിനെ മറികടക്കാനും കോലിക്കാവും. 100 സെഞ്ചുറികളാണ് സച്ചിന്റെ അക്കൗണ്ടില്‍. ഏകദിനത്തില്‍ ബംഗ്ലാദേശിനെതിരെ കോലിയുടെ മൂന്നാം സെഞ്ചുറിയാണിത്. മാത്രമല്ല, ബംഗ്ലാദേശില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനും കോലിക്ക് സാധിച്ചു.

സെഞ്ചുറി വേട്ടയില്‍ റിക്കി പോണ്ടിംഗിനേയും മറികടന്ന് കോലി; മുന്നില്‍ ഇനി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രം

ഇരുവരും പുറത്തായ ശേഷമെത്തിയ ശ്രേയസ് അയ്യര്‍ (3), കെ എല്‍ രാഹുല്‍ (8) എന്നിവര്‍ക്ക് തിളങ്ങാനായില്ല.എന്നാല്‍ വാഷിംഗ്ടണ്‍ സുന്ദര്‍ (37)- അക്‌സര്‍ പട്ടേല്‍ (20) സഖ്യം സ്‌കോര്‍ 400 കടത്തി. ഷാര്‍ദുല്‍ ഠാക്കൂറാണ് (3) പുറത്തായ മറ്റുതാരങ്ങള്‍.  കുല്‍ദീപ് യാദവ് (3), മുഹമ്മദ് സിറാജ് (0) പുറത്താവാതെ നിന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios