ഇനിയെങ്കിലും അവന് തുടര്‍ച്ചയായി അവസരം നല്‍കൂ, സഞ്ജു ടീമിന് മുതല്‍ക്കൂട്ടാകുമെന്ന ഉറപ്പുമായി ഇര്‍ഫാന്‍ പത്താന്‍
റിഷഭ് പന്ത് പരിക്കില്‍ നിന്ന് മോചിതനാകുന്നതേയുള്ളൂവെന്നതിനാല്‍ ഈ സമയം സഞ്ജു സാംസണ് ഏകദിന ക്രിക്കറ്റില്‍ അവസര തുടര്‍ച്ച ഉണ്ടാവേണ്ടതുണ്ട്. പേസും സ്പിന്നും ഒരുപോലെ കളിക്കാന്‍ കഴിയുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയില്‍ സഞ്ജു മധ്യനിരയില്‍ ടീമിന് മുതല്‍ക്കൂട്ടാകും
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണ് ഏകദിന ലോകകപ്പിന് മുമ്പ് ടീമില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കണമെന്ന് മുന്‍ ഇന്ത്യന് താരം ഇര്‍ഫാന്‍ പത്താന്‍. സ്പിന്നിനെയും പേസിനെയും ഒരുപോലെ കളിക്കുന്ന സഞ്ജുവിന്‍റെ സാന്നിധ്യം ഇന്ത്യന്‍ ടീമിന് ഗുണകരമാകുമെന്നും ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററില്‍ കുറിച്ചു.
റിഷഭ് പന്ത് പരിക്കില്‍ നിന്ന് മോചിതനാകുന്നതേയുള്ളൂവെന്നതിനാല്‍ ഈ സമയം സഞ്ജു സാംസണ് ഏകദിന ക്രിക്കറ്റില്‍ അവസര തുടര്‍ച്ച ഉണ്ടാവേണ്ടതുണ്ട്. പേസും സ്പിന്നും ഒരുപോലെ കളിക്കാന്‍ കഴിയുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയില്‍ സഞ്ജു മധ്യനിരയില്‍ ടീമിന് മുതല്‍ക്കൂട്ടാകും-ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററില്‍ കുറിച്ചു. നേരത്തെ, സഞ്ജുവിനെ ടെസ്റ്റ് ടീമിലും ഉള്‍പ്പെടുത്താമായിരുന്നുവെന്ന് മുന്‍ നായകന്‍ സുനില്‍ ഗവാസ്കറും അഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം സഞ്ജുവിന്‍റെ പ്രകടനത്തെ അഭിനന്ദിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും രംഗത്തെത്തിയിരുന്നു. ബാക് ഫൂട്ടില്‍ സഞ്ജു കളിക്കുന്ന പുള്‍ ഷോട്ടുകളും, കട്ട് ഷോട്ടുകളും അസാമാന്യമാണെന്നും നിന്ന നില്‍പ്പില്‍ ബൗളര്‍മാരുടെ തലക്ക് മേലെ ഷോട്ടുകള്‍ പായിക്കുക എന്നത് എളുപ്പമല്ലെന്നും രോഹിത് പറഞ്ഞിരുന്നു. ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പായിരുന്നു രോഹിത് ഇത് പറഞ്ഞത്. ഓസ്ട്രേലിയന്‍ പിച്ചുകളില്‍ സഞ്ജുവിന്‍റേതുപോലുള്ള പ്രകടനം നിര്‍ണായകമാകുമെന്നും തന്‍റെ കഴിവിന്‍റെ പരമാവധി പ്രയോജനപ്പെടുത്താന്‍ സഞ്ജുവിനാവട്ടെയെന്നും രോഹിത് അന്ന് പറഞ്ഞെങ്കിലും സഞ്ജുവിന് ടി20 ലോകകപ്പ് ടീമില്‍ ഇടം കിട്ടിയില്ല.
'അവനെ ടെസ്റ്റ് ടീമിലും ഉള്‍പ്പെടുത്താമായിരുന്നു', സഞ്ജുവിനുവേണ്ടി വാദിച്ച് സുനില്‍ ഗവാസ്കര്‍
പിന്നീട് ഈ വര്‍ഷം ആദ്യം ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ ടീമിലെത്തിയ സഞ്ജു ഫീല്‍ഡിംഗിനിടെ പരിക്കേറ്റ് പുറത്താവുകയായിരുന്നു. ഇതിനുശേഷം ഇപ്പോഴാണ് സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമിലെത്തുന്നത്. ഐപിഎല്ലില്‍ 14 ഇന്നിംഗ്സുകളില്‍ 362 റണ്‍സടിച്ച സഞ്ജു ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു.
വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോഹ്‌ലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ , ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ഷാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്കട്ട്, മുഹമ്മദ്. സിറാജ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.