ഒടുവില്‍ ബംഗ്ലാ കടുവകളെ കൂട്ടിലടച്ച് അയര്‍ലന്‍ഡ്, മൂന്നാം ടി20യില്‍ 7 വിക്കറ്റ് ജയവുമായി ചരിത്രനേട്ടം
നേരത്തെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ബംഗ്ലാദേശ് ടി20 പരമ്പര നേടിയിരുന്നു. മൂന്നാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19.2 ഓവറില്‍ 124 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 14 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അയര്‍ലന്‍ഡ് ലക്ഷ്യത്തിലെത്തി.
ചിറ്റഗോറം: സ്വന്തം നാട്ടില്‍ ബംഗ്ലാദേശിന്‍റെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച് അയര്‍ലന്‍ഡ്. ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെപോലും ടി20 പരമ്പരയില്‍ 3-0ന് തൂത്തുവാരിയ ബംഗ്ലാദേശിനെ മൂന്നാം ടി20യില്‍ ഏഴ് വിക്കറ്റിന് തകര്‍ത്ത് അയര്‍ലന്‍ഡ് പരമ്പരയില്‍ ആശ്വാസ ജയം നേടി. നേരത്തെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ബംഗ്ലാദേശ് ടി20 പരമ്പര നേടിയിരുന്നു. മൂന്നാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19.2 ഓവറില്‍ 124 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 14 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അയര്‍ലന്‍ഡ് ലക്ഷ്യത്തിലെത്തി. സ്കോര്‍ ബംഗ്ലാദേശ് 19.2 ഓവറില്‍ 124ന് ഓള്‍ ഔട്ട്, അയര്‍ലന്‍ഡ് 14 ഓവറില്‍ 126-3. ടി20യില്‍ ഇതാദ്യമായാണ് അയര്‍ലന്‍ഡ് ബംഗ്ലാദേശിനെ തോല്‍പ്പിക്കുന്നത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് പവര്‍ പ്ലേയില്‍ തന്നെ തകര്‍ന്നടിഞ്ഞു. രണ്ടാം ഓവറില്‍ തന്നെ കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി റെക്കോര്‍ഡിട്ട ലിറ്റണ്‍ ദാസിനെ(5) നഷ്ടമായ ബംഗ്ലാദേശിന് പിന്നാലെ ഷാന്‍റോ(4), ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍(6), റോണി തലുദ്കര്‍(14), തൗഹിദ് ഹൃദോയ്(12) എന്നിവരെയും നഷ്ടമാവുമ്പോല്‍ സ്കോര്‍ ബോര്‍ഡില്‍ 6.3 ഓവറില്‍ 41 റണ്‍സെ ഉണ്ടായിരുന്നുള്ളു. ഷമീം ഹൊസൈന്‍(42 പന്തില്‍ 51) ഒറ്റക്ക് പൊരുതിയെങ്കിലും നാസും അഹമ്മദ്(12) ഒഴികെ മറ്റാരും പിന്തുണക്കാനുണ്ടായില്ല. അയര്‍ലന്‍ഡിനായി മാര്‍ക്ക് അഡയര്‍ മൂന്നും മാത്യു ഹംഫ്രൈസ് രണ്ടും വിക്കറ്റെടുത്തു.
ജസ്പ്രീത് ബുമ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്, പന്തെറിയാനെത്തുന്നത് മലയാളി പേസര്‍
മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ റോസ് അഡയറിനെ(7) തുടക്കത്തിലെ മടക്കി ടസ്കിന്‍ അഹമ്മദ് ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കി. എന്നാല്‍ ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിംഗ് ഒരറ്റത്ത് തകര്‍ത്തടിച്ചതോടെ ബംഗ്ലാദേശിന്‍റെ പിടി അയഞ്ഞു. ലോര്‍ക്കാന്‍ ടക്കര്‍(4) പെട്ടെന്ന് മടങ്ങിയെങ്കിലും 41 പന്തില്‍ 77 റണ്‍സടിച്ച സ്റ്റിര്‍ലിംഗ് അയര്‍ലന്‍ഡിന്‍റെ വിജയം അനായാസമാക്കി. 10 ഫോറും നാലു സിക്സും പറത്തിയാണ് സ്റ്റിര്‍ലിംഗ് 77 റണ്‍സടിച്ചത്. ഹാരി ടെക്ടര്‍(14), കര്‍ടിസ് കാംഫെര്‍(16) എന്നിവര്‍ പുറത്താകാതെ നിന്നു. നേരത്തെ ഏകദിന പരമ്പര 2-0ന് നേടിയ ബംഗ്ലാദേശ് ടി20 പരമ്പര 2-1ന് സ്വന്തമാക്കി. പര്യടനത്തിലെ ഏക ടെസ്റ്റ് നാലിന് ധാക്കയില്‍ ആരംഭിക്കും.