ഒടുവില്‍ സ്ഥിരീകരണം, ഐപിഎല്ലിന്‍റെ ടിവി, ഡിജിറ്റല്‍ സംപ്രേഷണാവകാശം സ്റ്റാറിനും വയാകോമിനും

23,575 കോടി രൂപക്കാണ് സ്റ്റാര്‍ ഇന്ത്യ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ടെലിവിഷന്‍ സംപ്രേഷണവകാശം സ്വന്തമാക്കിയത്. 20,500 കോടി രൂപക്ക് വയാകോം ഡിജിറ്റല്‍ സംപ്രേഷണവകാശം സ്വന്തമാക്കി.

IPL media rights: BCCI confirms record-breaking deals with Star, Viacom18

മുംബൈ: അടുത്ത അഞ്ചു വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങളുടെ സംപ്രേഷണവകാശം(IPL media rights) സ്റ്റാര്‍ സ്പോര്‍ട്സും(ടിവി) റിലയന്‍സ് ഗ്രൂപ്പിനു കീഴിലുള്ള വയാകോമും (ഡിജിറ്റല്‍) സ്വന്തമാക്കിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ബിസിസിഐ(BCCI). 2023-2027 കാലയളവിലേക്കുള്ള സംപ്രേഷണവകാശമാണ് സ്റ്റാറും വയാകോമും ടൈംസ് ഇന്‍റര്‍നെറ്റും(ഓവര്‍സീസ്) ചേര്‍ന്ന് സ്വന്തമാക്കിയത്.  മൂന്ന് ദിവസങ്ങളിലായി നടത്തിയ ഇ-ലേലത്തിലൂടെ ആകെ 48,390.52 കോടി രൂപയാണ് ടിവി, ഡിജിറ്റല്‍ സംപ്രേഷണാവകാശം വിറ്റതിലൂടെ ബിസിസിഐക്ക് ലഭിക്കുക.

23,575 കോടി രൂപക്കാണ് സ്റ്റാര്‍ ഇന്ത്യ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ടെലിവിഷന്‍ സംപ്രേഷണവകാശം സ്വന്തമാക്കിയത്. 20,500 കോടി രൂപക്ക് വയാകോം ഡിജിറ്റല്‍ സംപ്രേഷണവകാശം സ്വന്തമാക്കി. 18 നോണ്‍ എസ്ക്ലൂസിവ് മത്സരങ്ങളുടെ ഡിജിറ്റല്‍ സംപ്രേഷണവകാശത്തിനായി വയാകോം 3, 258 കോടി രൂപ കൂടി നല്‍കണം. ഓവര്‍സീസ് സംപ്രേഷണ അവകാശത്തിനായി 1057 കോടി രൂപ വയാകോമും ടൈംസ് ഇന്‍റര്‍നെറ്റും കൂടി മുടക്കി.

ടെലിവിഷന്‍ സംപ്രേഷണവകാശം നേടിയ സ്റ്റാര്‍ സ്പോര്‍ട്സ് ഓരോ മത്സരത്തിനും 57.5 കോടി രൂപ ബിസിസിഐക്ക് നല്‍കണം. ഡിജിറ്റല്‍, സംപ്രേഷണാവകാശം സ്വന്തമാക്കിയ വയാകോം ഓരോ മത്സരത്തിനും 50 കോടി രൂപയാണ് ബിസിസിഐക്ക് നല്‍കേണ്ടത്.കഴിഞ്ഞ സീസണ്‍ വരെ ഡിസ്നി ഗ്രൂപ്പിന്‍റെ കീഴിലുള്ള സ്റ്റാറിനും ഹോട് സ്റ്റാറിനുമായിരുന്നു ടിവി, ഡിജിറ്റല്‍ സംപ്രേഷണവകാശം.

റെക്കോര്‍ഡ് തുകക്ക് സംപ്രേഷണവകാശം വിറ്റതിലൂടെ ലോകത്തിലെ ഏറ്റവും സംപ്രേഷണമൂല്യമുള്ള രണ്ടാമത്തെ ടൂര്‍ണമെന്‍റായി ഐപിഎല്‍ മാറി. ഒരോ മത്സരത്തിനും 132 കോടി സംപ്രേഷണമൂല്യമുള്ള അമേരിക്കയിലെ നാഷണല്‍ ഫുട്ബോള്‍ ലീഗാണ് നിലവില്‍ ലോകത്തില്‍ ഏറ്റവും സംപ്രേഷണമൂല്യമുള്ള ടൂര്‍ണമെന്‍റ്. റെക്കോര്‍ഡ് ലേലത്തിലൂടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്(ഒരു മത്സരത്തിന് 82 കോടി രൂപ), മേജര്‍ ലീഗ് ബേസ് ബോള്‍(75 കോടി രൂപ) എന്നിവയെയാണ് ഐപിഎല്‍ മറികടന്നത്.

2008ലെ കന്നി സീസണ്‍ മുതല്‍ 10 വര്‍ഷം ഐപിഎല്‍ മല്‍സരങ്ങള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്തിരുന്നത് സോണിയായിരുന്നു. അതിനു ശേഷമാണ് സ്റ്റാര്‍ സംപ്രേക്ഷണാവകാശം കൈക്കലാക്കിയത്. 2008ലെ പ്രഥമ സീസണിലെ സംപ്രേക്ഷണ അവകാശത്തിനു വേണ്ടി സോണി മുടക്കിയതിനേക്കാള്‍(8200 കോടി രൂപ) മൂന്ന് മടങ്ങ് അധികമാണ് ഇപ്പോള്‍ ടെലിവിഷന്‍ സംപ്രേഷണവകാശത്തിന് മാത്രമായി സ്റ്റാര്‍ മുടക്കിയിരിക്കുന്നത്.

2017 മുതല്‍  2022 വരെ സ്റ്റാര്‍ ടിവി, ഡിജിറ്റല്‍ സംപ്രേഷണവകാശം സ്വന്തമാക്കിയത് 16,348 കോടി രൂപക്കായിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനിടെ ഏകദേശം 410 മത്സരങ്ങളുണ്ടാകുമെന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടല്‍. സോണി, റിലയന്‍സ് എന്നിവര്‍ക്ക് പുറമെ ഡിസ്‌നി, സീ എന്‍റര്‍ടെയ്‌ന്‍മെന്‍റ് എന്നീ പ്രമുഖരും സംപ്രേഷണവകാശം സ്വന്തമാക്കാന്‍ രംഗത്തുണ്ടായിരുന്നു. ഇന്ത്യയിലെ ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണത്തിനായി രണ്ട് വ്യത്യസ്ത കമ്പനികള്‍ വരുന്നു എന്നതും പ്രത്യേകതയാണ്. 2108ലും ടിവിയും ഡിജിറ്റലും വ്യത്യസ്തമായാണ് ലേലം ചെയ്തതെങ്കിലും രണ്ടും സ്റ്റാര്‍ സ്പോര്‍ട്സ് ആണ് സ്വന്തമാക്കിയത്.

Latest Videos
Follow Us:
Download App:
  • android
  • ios