ഐപിഎല്‍ താരലേലം ഇസ്താംബൂളിലെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍
അടുത്തകാലത്ത് ഇന്ത്യ, തുര്‍ക്കിയുമായി നല്ല ബന്ധത്തിലല്ല. ഈയിടെ ലുഫ്താന്‍സ ബംഗളൂരു വിമാനം ഇസ്താംബൂളിലേക്ക് വഴിത്തിരിച്ച് വിട്ടപ്പോള്‍ അധികൃതര്‍ മോശമായിട്ടാണ് ഇന്ത്യക്കാരോട് പെരുമാറിയത്.
ദില്ലി: ഐപിഎല്‍ താരലേലത്തിന് ഇസ്താംബുള്‍ വേദിയാകുമെന്നുള്ള വാര്‍ത്ത നിഷേധിച്ച് ഐപിഎല്‍ ചെയര്‍മാര്‍ അരുണ്‍ ധുമാല്‍. ഡിസംബര്‍ 16നാണ് താര ലേലം. ബംഗളൂരുവിന് പുറമെ തുര്‍ക്കി നഗരമായ ഇസ്താംബൂളിനേയും വേദിയായി പരിഗണിക്കുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ധുമാല്‍ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുന്നതെന്ന് അറിയില്ലെന്നും ധുമാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇത്തരം വാര്‍ത്തകളുടെ ഉറവിടം എവിടെ നിന്നാണെന്ന് പോലും എനിക്കറിയില്ല. പൂര്‍ണമായും അസംബന്ധമായ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. താരലേലം എന്ന് നടത്തണമെന്ന് കാര്യം മാത്രമാണ് ചര്‍ച്ചയായത്. വേദിയുടെ കാര്യം തീരുമാനിച്ചിട്ട് പോലുമില്ല. ഇസ്താംബൂള്‍ ചര്‍ച്ചയ്ക്ക് പോലും വന്നിട്ടില്ല.'' ധുമാല്‍ വ്യക്തമാക്കി.
അടുത്തകാലത്ത് ഇന്ത്യ, തുര്‍ക്കിയുമായി നല്ല ബന്ധത്തിലല്ല. ഈയിടെ ലുഫ്താന്‍സ ബംഗളൂരു വിമാനം ഇസ്താംബൂളിലേക്ക് വഴിത്തിരിച്ച് വിട്ടപ്പോള്‍ അധികൃതര്‍ മോശമായിട്ടാണ് ഇന്ത്യക്കാരോട് പെരുമാറിയത്. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരെ ഹോട്ടലില്‍ വിശ്രമിക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇന്ത്യക്കാരെ അവഗണിക്കുകയായിരുന്നു.
മുന്‍പ് ലണ്ടനില്‍ താര ലേലം നടത്താന്‍ ബിസിസിഐ ആലോചിച്ചിരുന്നു. എന്നാല്‍ ഫ്രാഞ്ചൈസികള്‍ എതിര്‍ത്തതോടെ ബിസിസിഐ പിന്മാറി. ഈ വര്‍ഷം ആദ്യം നടന്ന ഐപിഎല്‍ മെഗാ താര ലേലം ബെംഗളൂരുവിലാണ് നടന്നത്. നവംബര്‍ 15നുള്ളില്‍ ടീമില്‍ നിന്ന് ഒഴിവാക്കുന്ന കളിക്കാരുടെ ലിസ്റ്റ് ഫ്രാഞ്ചൈസികള്‍ നല്‍കണം എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഫ്രാഞ്ചൈസി റിലീസ് ചെയ്യുന്നവരാണ് മിനി താര ലേലത്തിലേക്ക് എത്തുക.
ഓരോ ടീമിനുമുള്ള സാലറി പഴ്സ് 95 കോടി രൂപയായി ഉയര്‍ത്തിയതിനാല്‍ മിനി താരലേലത്തിലും കോടിപതികള്‍ക്ക് ക്ഷാമമുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. നിലവിലെ ധാരണ അനുസരിച്ച് ഈ വര്‍ഷം ഇത് 95 കോടിയായും അടുത്ത വര്‍ഷം 100 കോടിയായും ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.