ചെന്നൈക്കെതിരെ അവസാന മത്സരം ജയിച്ചാലും ആര്‍സിബി പ്ലേ ഓഫ് എത്തുമെന്നുറപ്പില്ല, സാധ്യതകള്‍ ഇങ്ങനെ
14 പോയന്‍റുള്ള ചെന്നൈയും 12 പോയന്‍റുള്ള ആര്‍സിബിയും 18ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഏറ്റു മുട്ടുമ്പോള്‍ പ്ലേ ഓഫ് സാധ്യത ചെന്നൈക്ക് തന്നെയാണ്.
ബെംഗലൂരു: ഇന്നലെ സണ്‍റൈസ്ഴ്സ് ഹൈദരാബാദ്- ഗുജറാത്ത് ടൈറ്റന്‍സ് മത്സരം മഴ മുടക്കിയതോടെ പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി ഹൈദരാബാദ്. ഇതോടെ പ്ലേ ഓഫിലെ അവസാന സ്ഥാനത്തിനായുള്ള ആര്‍സിബി-ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടം നിര്‍ണായകമായി.
14 പോയന്‍റുള്ള ചെന്നൈയും 12 പോയന്‍റുള്ള ആര്‍സിബിയും 18ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഏറ്റു മുട്ടുമ്പോള്‍ പ്ലേ ഓഫ് സാധ്യത ചെന്നൈക്ക് തന്നെയാണ്. കാരണം, ആര്‍സിബിക്കെതിരെ തോറ്റാല്‍ പോലും ചെന്നൈക്ക് പ്ലേ ഓഫ് കളിക്കാനാവും എന്നത് തന്നെ. ആര്‍സിബി ജയിച്ചാലും ചെന്നൈക്കും ആര്‍സിബിക്കും 14 പോയന്‍റ് വീതമാകും. ഇതോടെ നെറ്റ് റണ്‍റേറ്റാവും പിന്നീട് പ്ലേ ഓഫിലെ അവസാന സ്ഥാനക്കാരെ നിര്‍ണയിക്കുക.
അതുകൊണ്ടുതന്നെ ചെന്നൈയ്ക്കെതിരെ വെറുമൊരു ജയം കൊണ്ട് ആര്‍ സി ബിക്ക് പ്ലേ ഓഫിലെത്താനാവില്ല. ആദ്യം ബാറ്റ് ചെയ്താല്‍ ആര്‍സിബി 18 റണ്‍സിന് തോല്‍പ്പിച്ചാല്‍ മാത്രമെ നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബിക്ക് ചെന്നൈയെ മറികടക്കാനാകു. രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില്‍ 11 പന്തുകള്‍ ബാക്കി നിര്‍ത്തി ആര്‍സിബിക്ക് ജയിക്കണം. 17 റണ്‍സില്‍ താഴെയുള്ള വിജയമാണെങ്കിലും 10 പന്ത് ബാക്കി നിര്‍ത്തിയുള്ള വിജയമാണെങ്കിലും ആര്‍സിബി പുറത്താവും. നേരിയ മാര്‍ജിനില്‍ തോറ്റാല്‍ പോലും ചെന്നൈ പ്ലേ ഓഫ് കളിക്കുമെന്ന് ചുരുക്കം.
അവസാന മത്സരം ജയിച്ചിട്ടും ആര്‍സിബി പുറത്താവാനുള്ള മറ്റൊരു സാധ്യത കൂടിയുണ്ട്. ചെന്നൈയെ വീഴ്ത്തിയാല്‍ ആര്‍സിബിക്കും ചെന്നൈക്കും 14 പോയന്‍റ് വീതമാകും. ലഖ്നൗ-കൊല്‍ക്കത്ത മത്സരത്തില്‍ ചെന്നൈയുടെയും ആര്‍സിബിയുടെയും നെറ്റ് റണ്‍റേറ്റിനെ മറികടക്കുന്ന വലിയൊരു വിജയം ലഖ്നൗ നേടിയാലും ആര്‍സിബി പ്ലേ ഓഫിലെത്താതെ പുറത്താവും. അതിനുള്ള സാധ്യത പക്ഷെ വിദൂരമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക