ഐപിഎൽ പ്ലേ ഓഫ്: ഇതുവരെ പുറത്തായത് 2 ടീമുകള്‍, ചെന്നൈ തോറ്റതോടെ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാനും ഹൈദരാബാദും
ഐപിഎല്ലില്‍ ഓരോ ടീമുകളുടെയും പ്ലേ ഓഫ് പ്രതീക്ഷകള്‍ എങ്ങനെയെന്ന് നോക്കാം.
അഹമ്മദാബാദ്: മുംബൈ: ഐപിഎല്‍ പ്ലേ ഓഫ് പോരാട്ടം അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സിന് പിന്നാലെ പ്ലേ ഓഫിലെത്താതെ പുറത്താവുന്ന രണ്ടാമത്തെ ടീമായി പഞ്ചാബ് കിംഗ്സ്. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍വി വഴങ്ങിയതോടെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കും കനത്ത തിരിച്ചടിയേറ്റു. അവശേഷിക്കുന്ന എട്ട് ടീമുകളുടെ പ്ലേ ഓഫിലെത്താനുള്ള സാധ്യതകള്‍ എങ്ങനെയെന്ന് നോക്കാം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: 11 മത്സരങ്ങളില്‍ 16 പോയന്‍റും 1.453 നെറ്റ് റണ്‍റേറ്റുമുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് 99 ശതമാനം പ്ലേ ഓഫ് ഉറപ്പിച്ചുവെന്ന് പറയാവുന്ന ആദ്യ ടീം. ഇന്ന് മുംബൈ ഇന്ത്യൻസിനെതിരെ അടക്കം മൂന്ന് മത്സരങ്ങളാണ് ഇനി കൊല്‍ക്കത്തക്ക് ബാക്കിയുള്ളത്. ഇന്ന് മുംബൈയെ തോല്‍പ്പിച്ചാല്‍ കൊല്‍ക്കത്ത പ്ലേ ഓഫിലെത്തും. മുംബൈക്ക് പുറമെ നേരിയ പ്ലേ ഓഫ് പ്രതീക്ഷയുള്ള ഗുജറാത്ത് ടൈറ്റന്‍സും രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സുമാണ് കൊല്‍ക്കത്തയുടെ എതിരാളികള്‍. കൊല്‍ക്കത്ത-രാജസ്ഥാന്‍ മത്സരത്തിലെ വിജയികളായിരിക്കും പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുക എന്നാണ് കരുതുന്നത്.
രാജസ്ഥാന്‍ റോയല്‍സ്:
കൊല്‍ക്കത്തയുടേതുപോലെ 11 കളികളില്‍ 16 പോയന്‍റുള്ള രാജസ്ഥാന്‍ നെറ്റ് റണ്‍റേറ്റിലാണ്(0.476) കൊല്‍ക്കത്തക്ക് പിന്നിലായത്. മൂന്ന് മത്സരങ്ങള്‍ ബാക്കിയുള്ള രാജസ്ഥാന്‍ 98 ശതമാനം പ്ലേ ഓഫ് ഉറപ്പിച്ചുവെന്ന് പറയാം. പ്ലേ ഓഫ് പ്രതീക്ഷയുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്നലെ ഗുജറാത്തിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയത് രാജസ്ഥാന് ഗുണകരമായി. പ്ലേ ഓഫിലെത്താതെ പുറത്തായ പഞ്ചാബ് കിംഗ്സ്, ഒന്നാമതുള്ള കൊല്‍ക്കത്ത പ്ലോ ഓഫിലെത്താന്‍ പൊരുതുന്ന ചെന്നൈ ടീമുകളാണ് രാജസ്ഥാന്‍റെ ഇനിയുള്ള എതിരാളികള്‍. ഇതില്‍ ഒരു മത്സരം ജയിച്ചാലും രാജസ്ഥാന്‍ പ്ലേ ഓഫിലെത്തും. രണ്ട് മത്സരങ്ങള്‍ രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലും ഒരു മത്സരം ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലുമാണ്.
സണ്‍റൈസേഴ്സ് ഹൈദരാബാദ്: ലഖ്നൗവിനെ തകര്‍ത്തതോടെ ചെന്നൈയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തിയ ഹൈദരാബാദാണ് പ്ലേ ഓഫിന് അടുത്തെത്തിയ മറ്റൊരു ടീം. 12 കളികളില്‍ 14 പോയന്‍റുള്ള ഹൈദരാബാദിന് ഇന്നലെ ചെന്നൈ ഗുജറാത്തിനോട് തോറ്റതോടെ പ്ലേ ഓഫിലെത്താന്‍ 85 ശതമാനം സാധ്യതയാണുള്ളത്. ലഖ്നൗവിനെ 10 ഓവറിനുള്ളില്‍ തകര്‍ത്ത ഹൈരദാബാദ് നെറ്റ് റണ്‍റേറ്റിൽ(+0.406) ഇപ്പോഴും ചെന്നൈക്ക്(0.491) പിന്നിലാണെന്നത് മാത്രമാണ് ഏക തിരിച്ചടി. അവസാന രണ്ട് മത്സരങ്ങളില്‍ പ്ലേ ഓഫിലെത്താതെ പുറത്തായ പഞ്ചാബ് കിംഗ്സും നേരിയ പ്ലേ ഓഫ് പ്രതീക്ഷയുള്ള ഗുജറാത്തുമാണ് എതിരാളികള്‍ എന്നതും ഹൈദരാബാദിന് അനുകൂല ഘടകമാണ്.
ചെന്നൈ സൂപ്പര്‍ കിംഗ്സ്: ആദ്യ മൂന്ന് സ്ഥാനക്കാര്‍ കഴിഞ്ഞാല്‍ പ്ലേ ഓഫിലെത്താന്‍ സാധ്യത കൂടുതലുള്ള ടീം ഇപ്പോഴും നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സാണ്. പക്ഷെ ഇന്നലെ ഗുജറാത്തിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയത് പ്ലേ ഓഫിലെത്താനുള്ള ചെന്നൈയുടെ സാധ്യതകള്‍ 40 ശതമാനമായി കുറച്ചു. 12 മത്സരങ്ങളില്‍ 12 പോയന്‍റുമായി നാലാം സ്ഥാനത്തുള്ള ചെന്നൈക്ക് മുന്നിലുള്ള ഹൈദരാബാദിനെക്കാളും പിന്നിലുള്ള ഡല്‍ഹി, ലഖ്നൗ ടീമുകളെക്കാളും മികച്ച നെറ്റ് റണ്‍റേറ്റുണ്ടെന്നത് അനുകൂല ഘടകമാണ്. പ്ലേ ഓഫിലെത്താന്‍ ജീവന്‍മരണ പോരാട്ടം നടത്തുന്ന ആര്‍സിബിയും രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സുമാണ് ചെന്നൈയുടെ ഇനിയുള്ള എതിരാളികള്‍. രണ്ട് കളികളും ജയിച്ചാല്‍ മാത്രമെ ചെന്നൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാവു.
ഡല്‍ഹി ക്യാപിറ്റല്‍സ്: കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചതോടെ 12 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറിയ ഡല്‍ഹി ക്യാപിറ്റല്‍സിന് ഇന്നലെ ചെന്നൈ തോറ്റതോടെ പ്ലേ ഓഫിലെത്താന്‍ 34 ശതമാനം സാധ്യതയായി. അവസാന രണ്ട് മത്സരങ്ങളും ജയിച്ചാല്‍ ഡല്‍ഹിക്ക് പ്ലേ ഓഫിൽ കണ്ണുവെക്കാം. ഇതില്‍ ആര്‍സിബിയും ലഖ്നൗവുമാണ് ഡല്‍ഹിയുടെ എതിരാളികള്‍. ആര്‍സിബിക്കെതിരെ എവേ മത്സരവും ലഖ്നൗവിനെതിരെ ഹോം മത്സരവുമാണ് ഡല്‍ഹിക്കുള്ളത്. ഈ രണ്ട് കളികള്‍ ജയിച്ചാല്‍ മാത്രം പോരാ, ചെന്നൈ സൂപ്പര്‍ കിംഗ്സും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സും ഇനിയുള്ള മത്സരങ്ങള്‍ തോല്‍ക്കുകയും ചെയ്താലെ ഡല്‍ഹിക്ക് സാധ്യതയുള്ളു.
ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്:ഹൈദരാബാദിനോട് വമ്പന്‍ തോല്‍വി വഴങ്ങിയതോടെ ലഖ്നൗവിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയേറ്റെങ്കിലും ഇന്നലെ ചെന്നൈ തോറ്റതോടെ ലഖ്നൗവിനും പ്രതീക്ഷ കൂടി 12 കളികളില്‍ 12 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ആറാമതാണ് നിലവില്‍ ലഖ്നൗ. ലഖ്നൗവിന് പ്ലേ ഓഫിലെത്താന്‍ 31ശതമാനം സാധ്യതയെ അവശേഷിക്കുന്നുള്ളു. അവസാന രണ്ട് കളികളില്‍ ജയിച്ചാല്‍ ലഖ്നൗവിന് പ്ലേ ഓഫില്‍ പ്രതീക്ഷ വെക്കാമെങ്കിലും അതിനൊപ്പം ചെന്നൈ സൂപ്പര്‍ കിംഗ്സ് തോല്‍ക്കുകയും വേണം. ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സുമാണ് ലഖ്നൗവിന്‍റെ അവസാന രണ്ട് മത്സരങ്ങളിലെ എതിരാളികള്‍. രണ്ടും എവേ മത്സരങ്ങളാണെന്നതും തിരിച്ചടിയാകും.
ആര്‍സിബി: ആദ്യ ആറ് ടീമുകള്‍ കഴിഞ്ഞാല്‍ അത്ഭുതം സംഭവിച്ചാല്‍ മാത്രം പ്ലേ ഓഫ് സാധ്യതയുള്ള ടീമാണ് ആര്‍സിബി. 12 കളികളില്‍ 10 പോയന്‍റുള്ള ആര്‍സിബിക്ക് ഒമ്പത് ശതമാനം പ്ലേ ഓഫ് സാധ്യതയാണ് അവശേഷിക്കുന്നത്. അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കുകയും എതിരാളികളുടെ മത്സരഫലം അനുകൂലമാകുകയും ചെയ്താല്‍ മാത്രമെ ആര്‍സിബിക്ക് എന്തെങ്കിലും സാധ്യതയുള്ളു. പ്ലേ ഓഫ് പ്രതീക്ഷയുള്ള ഡല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്നിവരാണ് ആര്‍സിബിയുടെ അവസാന രണ്ട് മത്സരങ്ങളിലെ എതിരാളികള്‍. ഇതില്‍ ചെന്നൈക്കും ഡല്‍ഹിക്കുമെതിരെ ഹോം മാച്ചുകളാണെന്ന ആനുകൂല്യമുണ്ട്.
ഗുജറാത്ത് ടൈറ്റന്‍സ്: ആര്‍സിബിയുടെ സമാന അവസ്ഥയിലാണ് 12 കളികളില്‍ 10 പോയന്‍റുള്ള ഗുജറാത്ത് ടൈറ്റന്‍സും. ഇന്നലെ ചെന്നൈയെ വീഴ്ത്തിയതോടെ ഗുജറാത്തിന്‍റെ പ്ലേ ഓഫ് സാധ്യത നാല് ശതമാനമായി ഉയര്‍ന്നെങ്കിലും അവസാന രണ്ട് കളികളില്‍ ജയിക്കുകയും എതിരാളികളുടെ മത്സരഫലവും അനുകൂലമാകുകയും ചെയ്താലെ ഗുജറാത്ത് പ്ലേ ഓഫിലെത്തു. കരുത്തരായ കൊല്‍ക്കത്തയും ഹൈദരാബാദുമാണ് ഗുജറാത്തിന്‍റെ അവസാന മത്സരങ്ങളിലെ എതിരാളികള്‍. മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിംഗ്സുമാണ് ഓദ്യോഗികമായി പ്ലേ ഓഫിലെത്താതെ പുറത്തായ രണ്ട് ടീമുകള്‍.
IPL 2024 Playoffs chances:
— Mufaddal Vohra (@mufaddal_vohra) May 11, 2024
KKR - 99%.
RR - 98%.
SRH - 85%.
CSK - 40%.
DC - 34%.
LSG - 31%.
RCB - 9%.
GT - 4%.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക