ഐപിഎല്‍ ഓറഞ്ച് ക്യാപ്: സഞ്ജുവിന്‍റെ മൂന്നാം സ്ഥാനം അടിച്ചെടുത്ത് 'അഞ്ഞൂറാനായി' ട്രാവിസ് ഹെഡ്; ലീഡുയർത്താൻ കോലി
ആദ്യ പത്തിലുള്ള താരങ്ങളില്‍ 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റുള്ള ഒരേയൊരു ബാറ്ററും ട്രാവിസ് ഹെഡാണ്. 53.30 ശരാശരിയും 201.89 സ്ട്രൈക്ക് റേറ്റുമാണ് ഹെഡിനുള്ളത്.
ഹൈദരാബാദ്: ഐപിഎല്ലില്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് പോരാട്ടം മുറുകുന്നു. ഡല്‍ഹിക്കെതിരെ 46 പന്തില്‍ 86 റണ്‍സടിച്ച് മൂന്നാം സ്ഥാനത്തെത്തിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ(471) പിന്തള്ളി സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ട്രാവിസ് ഹെഡ് 500 റണ്‍സും പിന്നിട്ട് മൂന്നാം സ്ഥാനത്തേക്ക് കയറി. സീസണില്‍ 500 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ മാത്രം ബാറ്ററാണ് ട്രാവിസ് ഹെഡ്. ഒന്നാം സ്ഥാനത്തുള്ള വിരാട് കോലി(542), രണ്ടാം സ്ഥാനത്തുള്ള റുതുരാജ് ഗെയ്ക്‌വാദ്(541) എന്നിവരാണ് സീസണില്‍ ഹെഡിന് മുമ്പ് അഞ്ഞൂറാനായത്.
ആദ്യ പത്തിലുള്ള താരങ്ങളില്‍ 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റുള്ള ഒരേയൊരു ബാറ്ററും ട്രാവിസ് ഹെഡാണ്. 53.30 ശരാശരിയും 201.89 സ്ട്രൈക്ക് റേറ്റുമാണ് ഹെഡിനുള്ളത്. റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്തുള്ള സുനില്‍ നരെയ്നും(183.67), എട്ടാം സ്ഥാനത്തുള്ള ഫില്‍ സാള്‍ട്ടും(183.33) ആണ് ഹെഡിന് പിന്നില്‍ സ്ട്രൈക്ക് റേറ്റില്‍ ഹെഡിന് പിന്നിലുള്ളവര്‍.
എന്നാല്‍ സ്ട്രൈക്ക് റേറ്റില്‍ ഹെഡിനെപ്പോലും പിന്നിലാക്കുന്ന ഇന്ത്യന്‍ താരവും റണ്‍വേട്ടക്കാരുടെ പട്ടികയിലുണ്ട്. ഇന്ത്യന്‍ യുവതാര അഭിഷേക് ശര്‍മയാണത്. ഇന്നലെ ലഖ്നൗവിനെതിരെ 28 പന്തില്‍ 75 റണ്‍സടിച്ച അഭിഷേക് ശര്‍മ 400 റണ്‍സ് പിന്നിട്ടിരുന്നു. 401 റണ്‍സുമായി റണ്‍വേട്ടക്കാരില്‍11-ാം സ്ഥാനത്തുള്ള അഭിഷേക് ശര്‍മയുടെ സ്ട്രൈക്ക് റേറ്റ് 205.64 ആണ്. സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സ്(35) അടിച്ച താരവും അഭിഷേകാണ്. 32 സിക്സ് അടിച്ച സുനില്‍ നരെയ്ന്‍ രണ്ടാമതും 31 സിക്സ് അടിച്ച ട്രാവിസ് ഹെഡ് മൂന്നാമതുമാണ്.
Travis turning it on, again 🙌#SRHvLSG #TATAIPL #IPLonJioCinema #IPLinTelugu pic.twitter.com/rNMgQ2V1Y9
— JioCinema (@JioCinema) May 8, 2024
ഹൈദരാബാദിനെതിരെ 33 പന്തില്‍ 29 റണ്‍സടിച്ച ലഖ്നൗ നായകൻ കെ എല്‍ രാഹുലാണ് 460 റണ്‍സുമായി റണ്‍വേട്ടക്കരില്‍ ആറാമത്. റിയാന്‍ പരാഗ്(436), ഫില്‍ സാള്‍ട്ട്(429), സായ് സുദര്‍ശന്‍(424), റിഷഭ് പന്ത്(413) എന്നിവരാണ് ആദ്യ പത്തിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക