തീതുപ്പും ബും ബും ബുമ്രയെ അടിച്ചോടിച്ച ബാറ്റർ; ആ ക്രഡിറ്റ് ഈ ഇന്ത്യന്‍ താരത്തിന്
ബുമ്രക്കെതിരെ മികച്ച റെക്കോർഡുള്ള ഒരു ഇന്ത്യന്‍ ബാറ്ററുണ്ട്. അദേഹത്തിന്‍റെ മികച്ച റെക്കോർഡ് പരിചയപ്പെടാം.
മുംബൈ: ഐപിഎല്‍ ചരിത്രത്തില്‍ ജസ്പ്രീത് ബുമ്രയോളം ബാറ്റർമാരുടെ പേടിസ്വപ്നമായിട്ടുള്ള പേസ് ബൗളർമാർ കുറവാണ്. പവർപ്ലേയിലോ മധ്യ ഓവറുകളിലോ ഡെത്ത് ഓവറുകളിലോ എവിടെ വേണമെങ്കിലും പന്തെറിയാനും റണ്ണൊഴുക്ക് തടയാനും വിക്കറ്റ് പിഴുതെറിയാനും ബുമ്രക്ക് കഴിവുണ്ട്. പ്രത്യേകിച്ച് യോർക്കറുകള്‍ കൊണ്ട് ബാറ്റർമാരുടെ കാലുകള്‍ ഉഴുതുമറിച്ചിടാന്‍ ബുമ്ര അഗ്രകണ്യനാണ്. സാക്ഷാല്‍ ഇതേ ബുമ്രക്കെതിരെ മികച്ച റെക്കോർഡുള്ള ഒരു ഇന്ത്യന്‍ ബാറ്ററുണ്ട്. അദേഹത്തിന്‍റെ മികച്ച റെക്കോർഡ് പരിചയപ്പെടാം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ സീനിയർ താരം മനീഷ് പാണ്ഡെയ്ക്കാണ് സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസറായ ജസ്പ്രീത് ബുമ്രക്കെതിരെ ടി20യില്‍ മികച്ച റെക്കോർഡുള്ളത്. ബും ബും ബുമ്രക്ക് മുന്നില്‍ ഒരിക്കല്‍പ്പോലും പാണ്ഡെ പുറത്തായിട്ടില്ല. ബുമ്രയുടെ 42 പന്തുകളില്‍ 10 ഫോറുകളും രണ്ട് സിക്സറുകളും സഹിതം 80 റണ്‍സ് മനീഷ് പാണ്ഡെയ്ക്കുണ്ട്. 190.5 എന്ന അമ്പരപ്പിക്കുന്ന പ്രഹരശേഷിയിലാണ് താരത്തിന്‍റെ ബാറ്റിംഗ്. ഐപിഎല്‍ കരിയറിലാകെ 159 ഇന്നിംഗ്സുകളില്‍ ഒരു സെഞ്ചുറിയും 22 അർധസെഞ്ചുറികളും സഹിതം 29.17 ശരാശരിയിലും 121.11 സ്ട്രൈക്ക്റേറ്റിലും 3850 റണ്‍സ് മനീഷ് പാണ്ഡെയ്ക്കുണ്ട്.
ഇന്നലെ ഐപിഎല്‍ 2024 സീസണില്‍ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മില്‍ മുഖാമുഖം വന്നപ്പോള്‍ മനീഷ് പാണ്ഡെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 31 പന്തുകളില്‍ രണ്ടുവീതം ഫോറുകളും സിക്സറുകളും ഉള്‍പ്പടെ 42 റണ്‍സ് മനീഷ് പാണ്ഡെ നേടി. 57-5 എന്ന നിലയില്‍ ഒരുവേള തകർന്ന കെകെആറിനെ അർധസെഞ്ചുറിക്കാരന്‍ വെങ്കിടേഷ് അയ്യർക്കൊപ്പം മോശമല്ലാത്ത സ്കോറിലേക്ക് നയിച്ചത് പാണ്ഡെയുടെ ഈ ഇന്നിംഗ്സാണ്. മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 24 റണ്‍സിന് വിജയിച്ചിരുന്നു. 18 റണ്ണിന് മൂന്ന് വിക്കറ്റുമായി ബുമ്ര തിളങ്ങി.
Read more: ട്വന്‍റി 20 ലോകകപ്പില്‍ ബാറ്റ് ചെയ്യുക അഞ്ചാം നമ്പറിലോ? തന്ത്രപരമായി ഉത്തരം നല്‍കി സഞ്ജു സാംസണ്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം