1 മിനിറ്റിൽ 10000 ലിറ്റർ വെള്ളം വലിച്ചെടുക്കും; ജീവൻമരണപ്പോരിൽ ചെന്നൈയെ മഴ തുണച്ചാൽ ആർസിബിയുടെ തുരുപ്പ് ചീട്ട്
സാധാരണ ഗ്രൗണ്ടുകളിലെ ഡ്രെയിനേജ് സംവിധാനത്തേക്കാള്‍ 36 ഇരട്ടി വേഗത്തില്‍ വെള്ളം വലിച്ചെടുക്കുന്ന സംവിധാനമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലുള്ളത്.
ബെംഗലൂരു: ഐപിഎല്ലില്‍ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമിനെ നിശ്ചയിക്കാനുള്ള അതി നിര്‍ണായക പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു നാളെ ഹോം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടാനിറങ്ങുകയാണ്. തെക്കേ ഇന്ത്യയില്‍ മുഴുവന്‍ കനത്ത മഴ തുടരുന്നതിനാല്‍ നാളത്തെ നിര്‍ണായക പോരാട്ടത്തിനും മഴ ഭീഷണിയുണ്ട്. നാളെ മത്സരത്തിനിടെ മഴ പെയ്യാനുള്ള സാധ്യത 75 ശതമാനമാണ്. മഴമൂലം കളി മുടങ്ങി ഇരു ടീമുകളും പോയന്‍റ് പങ്കുവെച്ചാല്‍ 15 പോയന്‍റുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫിലെത്തും. എന്നാല്‍ ഇവിടെയാണ് ആര്‍സിബിക്ക് ഹോം ഗ്രൗണ്ടിലെ മത്സരസാഹചര്യങ്ങള്‍ അനുകൂലമാകുന്നത്.
മത്സര സമയമായ രാത്രി എട്ട് മുതല്‍ 11 വരെ 75 ശതമാനം മഴ സാധ്യതയുള്ളതിനാല്‍ ഓവറുകള്‍ വെട്ടിക്കുറച്ചിട്ടായാലും പരമാവധി മത്സരം നടത്താനുള്ള സാധ്യതയാണ് ചിന്നസ്വാമിയിയില്‍ ഉള്ളത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡ്രെയിനേജ് സിസ്റ്റമുള്ള ഗ്രൗണ്ടുകളിലൊന്നാണ് ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയം. 2017ലാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സബ്എയർ സബ് സര്‍ഫേസ് വാക്വം പവർഡ് ഡ്രെയിനേജ് സംവിധാനം ഏര്‍പ്പെടുത്തിയത്.
ഇത് എത്ര വലിയ മഴപെയ്താലും ഗ്രൗണ്ടില്‍ വെള്ളം കെട്ടി നിന്ന് മത്സരം തടസപ്പെടാനുള്ള സാധ്യത ഇത് ഗണ്യമായി കുറക്കുന്നു. സാധാരണ ഗ്രൗണ്ടുകളിലെ ഡ്രെയിനേജ് സംവിധാനത്തേക്കാള്‍ 36 ഇരട്ടി വേഗത്തില്‍ വെള്ളം വലിച്ചെടുക്കുന്ന സംവിധാനമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലുള്ളത്. ഒരു മിനിറ്റില്‍ 10000 ലിറ്റര്‍ വെള്ളം ഈ ഡ്രെയിനേജ് സംവിധാനത്തിലൂടെ ഗ്രൗണ്ടില്‍ നിന്ന് വലിച്ചെടുത്ത് ഒഴുക്കി കളയാനാവും. അതായത്, കനത്ത മഴ പെയ്താലും മത്സരം തുടങ്ങാന്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരില്ല. 15-20 മിനിറ്റിനുള്ളില്‍ ഗ്രൗണ്ട് മത്സരസജ്ജമാക്കാന്‍ കഴിയുമെന്നതാണ് ചെന്നൈയുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്.
ഇതൊക്കെയാണെങ്കിലും 14 പോയന്‍റുള്ള ചെന്നൈക്ക് തന്നെയാണ് ആര്‍സിബിയെക്കാള്‍ പ്ലേ ഓഫ് സാധ്യത. കാരണം, ആര്‍സിബിക്കെതിരെ തോറ്റാല്‍ പോലും ചെന്നൈക്ക് പ്ലേ ഓഫ് കളിക്കാനാവും എന്നത് തന്നെ. ആര്‍സിബി ജയിച്ചാലും ചെന്നൈക്കും ആര്‍സിബിക്കും 14 പോയന്‍റ് വീതമാകും. ഇതോടെ നെറ്റ് റണ്‍റേറ്റാവും പിന്നീട് പ്ലേ ഓഫിലെ അവസാന സ്ഥാനക്കാരെ നിര്‍ണയിക്കുക.
ആദ്യം ബാറ്റ് ചെയ്താല്‍ ആര്‍സിബി 18 റണ്‍സിന് തോല്‍പ്പിച്ചാല്‍ മാത്രമെ നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബിക്ക് ചെന്നൈയെ മറികടക്കാനാകു. രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില്‍ 11 പന്തുകള്‍ ബാക്കി നിര്‍ത്തി ആര്‍സിബിക്ക് ജയിക്കണം. 17 റണ്‍സില്‍ താഴെയുള്ള വിജയമാണെങ്കിലും 10 പന്ത് ബാക്കി നിര്‍ത്തിയുള്ള വിജയമാണെങ്കിലും ആര്‍സിബി പുറത്താവും. നേരിയ മാര്‍ജിനില്‍ തോറ്റാല്‍ പോലും ചെന്നൈ പ്ലേ ഓഫ് കളിക്കുമെന്ന് ചുരുക്കം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക