2008 മുതല്‍ 2023 വരെ; ക്യാപ്റ്റനായി അന്നുമിന്നും ഒരേയൊരു 'തല', പഴയ ചിത്രം വൈറലാക്കി ആരാധകര്‍

ഐപിഎല്ലിന്‍റെ പ്രഥമ സീസണ്‍ മുതല്‍ നായകനായ ധോണി പതിനാറാം സീസണിലും സിഎസ്‌കെയെ നയിക്കുകയാണ്

IPL 2023 The longevity of MS Dhoni Photo from 2008 goes viral jje

ചെന്നൈ: ലോക ക്രിക്കറ്റിലെ മാത്രമല്ല, ഐപിഎല്ലിലേയും ഇതിഹാസങ്ങളുടെ കൂട്ടത്തിലുള്ള താരമാണ് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണി. ഐപിഎല്‍ പതിനാറാം സീസണിന് മുന്നോടിയായി ക്യാപ്റ്റന്‍മാര്‍ ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തപ്പോള്‍ സിഎസ്‌കെയുടെ കുപ്പായത്തില്‍ 'തല'യുണ്ടായിരുന്നു. ഇതിന് പിന്നാലെ തലയുടെ 2008ലെ ഒരു ചിത്രം ആരാധകര്‍ വൈറലാക്കി. 2008ല്‍ ഐപിഎല്ലിന്‍റെ ആദ്യ സീസണില്‍ ആദം ഗില്‍ക്രിസ്റ്റ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, കുമാര്‍ സംഗക്കാര, ഷെയ്‌ന്‍ വോണ്‍, ഗൗതം ഗംഭീര്‍, സൗരവ് ഗാംഗുലി എന്നീ ഇതിഹാസങ്ങള്‍ക്കൊപ്പം ധോണി ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്ത ചിത്രമാണ് വൈറലായിരിക്കുന്നത്. അന്ന് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ക്യാപ്റ്റനായിരുന്നു. 

എന്നാല്‍ 2008ലെ ചിത്രത്തിലുള്ള എല്ലാവരും അന്നത്തെ ക്യാപ്റ്റന്‍മാരായിരുന്നില്ല. വിവിഎസ് ലക്ഷ്‌മണ്‍(ഡെക്കാന്‍ ചാര്‍ജേഴ്‌സ്), ഷെയ്‌ന്‍ വോണ്‍(രാജസ്ഥാന്‍ റോയല്‍സ്), എം എസ് ധോണി(ചെന്നൈ സൂപ്പര്‍ കിംഗ്‌സ്), സൗരവ് ഗാംഗുലി(കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്), രാഹുല്‍ ദ്രാവിഡ്(റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), യുവ്‌രാജ് സിംഗ്(കിംഗ്‌സ് ഇലവന്‍ പഞ്ചാബ്), വീരേന്ദര്‍ സെവാഗ്(ഡല്‍ഹി ഡെയര്‍ഡെവിള്‍സ്), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(മുംബൈ ഇന്ത്യന്‍സ്) എന്നിവരായിരുന്നു ഐപിഎല്ലിന്‍റെ പ്രഥമ സീസണിലെ ക്യാപ്റ്റന്‍മാര്‍. 

ഐപിഎല്ലിന്‍റെ പ്രഥമ സീസണ്‍ മുതല്‍ നായകനായ ധോണി പതിനാറാം സീസണിലും സിഎസ്‌കെയെ നയിക്കുകയാണ്. ഇത്തവണ ഭുവനേശ്വര്‍ കുമാര്‍, സ‌ഞ്ജു സാംസണ്‍, ഡേവിഡ‍് വാര്‍ണര്‍, ഹാര്‍ദിക് പാണ്ഡ്യ, കെ രാഹുല്‍, ശിഖര്‍ ധവാന്‍, നിതീഷ് റാണ, ഫാഫ് ഡുപ്ലസിസ് എന്നിവര്‍ക്കൊപ്പമാണ് ധോണി ട്രോഫിക്കൊപ്പം പോസ് ചെയ്‌തത്. ധോണിയുടെ കരിയറിന്‍റെ ദൈര്‍ഘ്യവും ധാരാളിത്തവും ചര്‍ച്ചയാക്കുകയാണ് ആരാധകര്‍. 

എന്നാല്‍ ഐപിഎല്‍ 2023ല്‍ ട്രോഫിക്കൊപ്പമുള്ള ക്യാപ്റ്റന്‍മാരുടെ രണ്ട് ചിത്രം പുറത്തുവന്നപ്പോള്‍ രണ്ടിലും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയുണ്ടായിരുന്നില്ല. 10 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ 9 ക്യാപ്റ്റന്‍മാരേ ഫോട്ടോ ഷൂട്ടിന് എത്തിയുള്ളൂ. മുംബൈ ഇന്ത്യന്‍സിന്‍റെ സ്റ്റാര്‍ ക്യാപ്റ്റനായ രോഹിത് ശര്‍മ്മ നായകന്‍മാരുടെ ഫോട്ടോയില്‍ ഇല്ലാതെ പോയത് ആരാധകരെ അമ്പരപ്പിച്ചു. രോഹിത് എവിടെയെന്ന ചോദ്യവുമായി നിരവധി ആരാധകരാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. അസുഖം കാരണം യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നതിനാല്‍ രോഹിത് അഹമ്മദാബാദില്‍ എത്താതിരുന്നത് എന്നാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്‌തത്. 

Latest Videos
Follow Us:
Download App:
  • android
  • ios