ഐപിഎല്‍: കൊല്‍ക്കത്തക്കും ടീം ഇന്ത്യക്കും ആശ്വാസ വാര്‍ത്ത; സൂപ്പര്‍ താരം തിരിച്ചെത്തും
എന്നാല്‍ ശസ്ത്രക്രിയക്ക് വിധേയനാവില്ലെന്ന് തീരുമാനിച്ചതോടെ ഐപിഎല്ലിന്‍റെ അവസാന മത്സരങ്ങളില്‍ കൊല്‍ക്കത്തക്കായികളിക്കാന്‍ ശ്രേയസിന് ആയേക്കുമെന്നാണ് സൂചന. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ശ്രേയസ് ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചേക്കും.
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ആദ്യ പന്തെറിയും മുമ്പെ നായകനെ നഷ്ടമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആശ്വാസവാര്‍ത്ത. ഓസ്ട്രേലിയക്കതിരായ ടെസ്റ്റ് പരമ്പരക്കിടെ പുറത്തേറ്റ പരിക്കുമൂലം ചികിത്സതേടിയ ശ്രേയസ് അയ്യര്‍ ശസ്ത്രക്രിയക്ക് വിധേയനവേണ്ടെന്ന് തീരുമാനിച്ചു. പരിക്കില്‍ നിന്ന് മോചിതനാവാനും കായിക്ഷമത വീണ്ടെടുക്കാനുമായി ശ്രേയസ് ഇന്നലെ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി.
നേരത്തെ പുറത്തേറ്റ പരിക്കിന് ഡോക്ടര്‍മാര്‍ ശ്രേയസിന് ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു. ശസ്ത്രക്രിയക്ക് വിധേയനാവുകയാമെങ്കില്‍ ശ്രേയസിന് ഐപിഎല്‍ പൂര്‍ണമായും ജൂണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നഷ്ടമാവുമായിരുന്നു. കുറഞ്ഞത് ആറു മാസമെങ്കിലും വിശ്രമം വേണ്ടി വരുമായിരുന്ന ശ്രേയസിന് ഒരുപക്ഷെ ഏകദിന ലോകകപ്പും നഷ്ടമാവുമെന്ന ആശങ്കയുണ്ടായിരുന്നു.
എന്നാല്‍ ശസ്ത്രക്രിയക്ക് വിധേയനാവില്ലെന്ന് തീരുമാനിച്ചതോടെ ഐപിഎല്ലിന്‍റെ അവസാന മത്സരങ്ങളില്‍ കൊല്‍ക്കത്തക്കായികളിക്കാന്‍ ശ്രേയസിന് ആയേക്കുമെന്നാണ് സൂചന. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ശ്രേയസ് ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചേക്കും. നായകന്‍ കൂടിയായ ശ്രേയസിന് പകരം സീസണിന്‍റെ തുടക്കത്തില്‍ നിതീഷ് റാണയെ കൊല്‍ക്കത്ത നായകനായി തെരഞ്ഞെടുത്തിരുന്നു.
ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനിടെ പരിക്കേറ്റ ശ്രേയസ് ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. ശ്രേയസിന്‍റെ അഭാവത്തില്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നാലാം നമ്പറില്‍ ഇറങ്ങിയ സൂര്യകുമാര്‍ യാദവ് മൂന്ന് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കായിരുന്നു. ശ്രേയസ് ഇല്ലാത്തത് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വലിയ തിരിച്ചടിയാണ്. ശ്രേയസിന്‍റെ പകരക്കാരനെ കൊല്‍ക്കത്ത ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ശ്രേയസ് ഐപിഎല്ലിന്‍റെ അവസാന ഘട്ടത്തിലെങ്കിലും ടീമില്‍ തിരിച്ചെത്തുമെന്നാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ.
ജൂണ്‍ ഏഴ് മുതല്‍ ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഓസ്ട്രേലിയയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ഫൈനലിലെത്തുന്നത്.