ക്രിക്കറ്റിലെ രണ്ട് ഗോട്ടുകളുടെ പേരുമായി കോലി; ഹീറോ സച്ചിന്‍ എന്നും മറുപടി
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരായി പരിഗണിക്കപ്പെടുന്ന രണ്ട് താരങ്ങളാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിവിയന്‍ റിച്ചാര്‍ഡ്‌സും
ബെംഗളൂരു: ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളാര് എന്ന ചര്‍ച്ചയ്‌ക്ക് ഏറെക്കാലത്തെ പഴക്കമുണ്ട്. വിരാട് കോലിയുടെ വരവോടെ ഈ ചര്‍ച്ചയ്‌ക്ക് മൂര്‍ച്ച കൂടി. ക്രിക്കറ്റിലെ ഗോട്ടുകള്‍ ആരൊക്കെയാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കുന്ന വിരാട് കോലി. ക്രിക്കറ്റ് ഗോട്ടുകളായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിവിയന്‍ റിച്ചാര്‍ഡ്‌സ് എന്നിവരുടെ പേരുകളാണ് കോലി പറയുന്നത്. എന്നാല്‍ തന്‍റെ ഹീറോ സച്ചിനാണെന്നും കോലി ആര്‍സിബിയുടെ പോഡ്‌കാസ്റ്റില്‍ പറഞ്ഞു.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരായി പരിഗണിക്കപ്പെടുന്ന രണ്ട് താരങ്ങളാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിവിയന്‍ റിച്ചാര്‍ഡ്‌സും. റിച്ചാര്‍ഡ്‌സില്‍ നിന്ന് വ്യത്യസ്‌തമായി ഏറെ മത്സരങ്ങളുടെ ധാരാളിത്തമുണ്ട് 24 വര്‍ഷം നീണ്ടുനിന്ന സച്ചിന്‍റെ രാജ്യാന്തര കരിയറിന്. 200 ടെസ്റ്റും 463 ഏകദിനങ്ങളും ഒരു രാജ്യാന്തര ടി20യും കളിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കർ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ചുറികളുമുള്ള താരമാണ്. മൂന്ന് ഫോർമാറ്റിലുമായി 34357 റണ്‍സും 100 സെഞ്ചുറികളുമാണ് സച്ചിന്‍റെ പേരിലുള്ളത്. 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമില്‍ സച്ചിന്‍ അംഗമായി. ടെസ്റ്റില്‍ ആറ് ഡബിള്‍ സെഞ്ചുറികള്‍ നേടിയ സച്ചിനാണ് ഏകദിനത്തില്‍ ആദ്യമായി ഇരട്ട സെഞ്ചുറി കണ്ടെത്തിയ ബാറ്റര്‍.
അതേസമയം വിവിയന്‍ റിച്ചാര്‍ഡ്‌സ് 121 ടെസ്റ്റുകളില്‍ 50.24 ശരാശരിയിലും 86.01 സ്ട്രൈക്ക് റേറ്റിലും 24 സെഞ്ചുറികളും മൂന്ന് ഡബിള്‍ സെഞ്ചുറികളും സഹിതം 8540 റണ്‍സെടുത്തു. 187 ഏകദിനങ്ങളില്‍ 11 സെഞ്ചുറികള്‍ സഹിതം 6721 റണ്‍സും നേടി. ഇരു ഫോര്‍മാറ്റിലും 45 വീതം അര്‍ധസെഞ്ചുറികളും അദേഹത്തിനുണ്ട്. സച്ചിനുമായി സമകാലിക ക്രിക്കറ്റില്‍ താരതമ്യം ചെയ്യപ്പെടുന്നയാളാണ് വിരാട് കോലി. രാജ്യാന്തര ക്രിക്കറ്റില്‍ 25000 റണ്‍സും 75 സെഞ്ചുറിയും കോലി അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. 108 ടെസ്റ്റില്‍ 28 സെഞ്ചുറികളും 7 ഇരട്ട സെഞ്ചുറികളും ഉള്‍പ്പട്ടെ 8416 റണ്ണും 274 ഏകദിനങ്ങളില്‍ 46 ശതകങ്ങളോടെ 12898 റണ്‍സും 115 രാജ്യാന്തര ടി20കളില്‍ ഒരു സെഞ്ചുറിയോടെ 4008 റണ്‍സും കിംഗ് കോലിക്കുണ്ട്.
പ്രായമൊരു പ്രശ്‌നമല്ല; ഏകദിന ലോകകപ്പ് താരപ്പോരിലേക്ക് ഒരു പേസര്‍ കൂടി