തോൽക്കാൻ മനസില്ലാത്തവർ, വാശിക്കളി! കിംഗും ഹിറ്റ്‍മാനും നേർക്കുനേർ, പേര് കാക്കാൻ മുംബൈ, പെരുമ കൂട്ടാൻ ആർസിബി
ബൗളിംഗിലാണ് രോഹിത്തിന് ആശങ്കയുള്ളത്. ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റതോടെ ദുർബലമായ പേസ് ബൗളിംഗ് യൂണിറ്റിൽ ജോഫ്രാ ആർച്ചറിനൊപ്പം ജേസൺ ബെഹ്റൻഡോർഫിനെ കൂടി മുംബൈ പരിഗണിച്ചേക്കും
ബംഗളൂരു: ആദ്യ കപ്പ് എന്ന ലക്ഷ്യത്തിലേക്ക് തുഴയെറിയുന്ന ആർസിബിയുമായി സീസണിലെ ആദ്യ പോരിനുള്ള അങ്കം കുറിച്ച് മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ സീസണിലെ തിരിച്ചടി മറക്കുന്ന മികച്ച ജയം തേടിയാണ് മുംബൈ ചിന്നസ്വാമിയിൽ എത്തിയിരിക്കുന്നത്. വൈകീട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. തോറ്റ് തോറ്റ് തലകുനിച്ചാണ് പേരും പെരുമയും ഏറെയുള്ള മുംബൈ കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്.
ആകെ ജയിച്ചത് നാല് കളികളിൽ മാത്രം.
അവസാന സ്ഥാനത്ത് ഒതുങ്ങിയ മുംബൈക്ക്, കരുത്ത് കൂട്ടിയെത്തുന്ന ആർസിബി വെല്ലുവിളിയാകുമെന്നുറപ്പ്. ബൗളിംഗിലാണ് രോഹിത്തിന് ആശങ്കയുള്ളത്. ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റതോടെ ദുർബലമായ പേസ് ബൗളിംഗ് യൂണിറ്റിൽ ജോഫ്രാ ആർച്ചറിനൊപ്പം ജേസൺ ബെഹ്റൻഡോർഫിനെ കൂടി മുംബൈ പരിഗണിച്ചേക്കും. ടിം ഡേവിഡ് കൂടി സ്ഥാനം ഉറപ്പാക്കിയാൽ വമ്പനടിക്കാരായ ഡെവാൾഡ് ബ്രെവിസ്, ട്രിസ്റ്റാൻ സ്റ്റബ്സ് എന്നിവർക്ക് ഇംപാക്റ്റ് പ്ലെയർ അവസരത്തിനായി കാത്തിരിക്കേണ്ടിവരും.
മലയാളി പേസർ സന്ദീപ് വാര്യരും ടീമിനൊപ്പമുണ്ട്. സ്പിൻ യൂണിറ്റിൽ വമ്പൻ പേരുകാരില്ല. ബാറ്റിംഗിൽ രോഹിത്തിനൊപ്പം ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ എന്നിവർ കൂടി ചേരുമ്പോൾ പ്രതിസന്ധി മറികടക്കാമെന്നാണ് മുംബൈയുടെ പ്രതീക്ഷ. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരമായ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിന്റെ പ്രകടനമാണ് മുംബൈ ഉറ്റുനോക്കുന്നത്.
ഫാഫ് ഡുപ്ലസി ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്ത ആദ്യ സീസണിൽ തന്നെ പ്ലേഓഫ് ഉറപ്പിച്ച ആർസിബി ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണയിറങ്ങുന്നത്.
ഫോമിലേക്ക് തിരിച്ചെത്തിയ വിരാട് കോലിക്കൊപ്പം ക്യാപ്റ്റൻ ഫാഫ് ഡുപ്ലസി, ഗ്ലെൻ മാക്സ്‍വെൽ, ഫിൻ അലൻ, ദിനേശ് കാർത്തിക് തുടങ്ങി ടി 20യിൽ മത്സരം തിരിക്കാൻ ശേഷിയുള്ളവരുടെ നീണ്ട നിര തന്നെ ആർസിബിയിലുണ്ട്. ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ് സഖ്യം നയിക്കുന്ന പേസ് ബൗളിംഗ് യൂണിറ്റും ശക്തമാണ്. പരിശീലന മത്സരത്തിൽ അതിവേഗ സെഞ്ചുറി നേടിയ മിച്ചൽ ബ്രേസ്‍വെല്ലും അവസരം പ്രതീക്ഷിക്കുന്നു.
നേർക്കുനേർ പോരിൽ 30 മത്സരത്തിൽ 17ൽ ജയിച്ച മുംബൈക്കാണ് മേൽക്കൈ. ബംഗളൂരു 13 കളിയിലും ജയിച്ചു. പ്ലേ ഓഫ് കാണാതെ പുറത്തായ സീസണുകൾക്ക് തൊട്ടടുത്ത വർഷം കിരീടവുമായി തിരിച്ചെത്തുന്നതാണ് മുംബൈയുടെ പതിവ്. 2017ലും 19ലും കിരീടം നേടിയ മുംബൈ തൊട്ട് മുമ്പുള്ള സീസണിൽ പ്ലേഓഫ് കണ്ടിരുന്നില്ല. ആരാധകർ ഈ കണക്കിലും പ്രതീക്ഷ വയ്ക്കുന്നുണ്ട്.