റോക്കി ഭായി പോലും തോറ്റുപോകുന്ന മാസ് എന്‍ട്രി; ബാറ്റുമെടുത്ത് ക്രീസിലേക്കിറങ്ങിയ 'തല'യെ വരവേറ്റ് ആരാധകര്‍
വൈകിട്ട് അഞ്ച് മുതല്‍ പരിശീലനം നേരില്‍ കാണാന്‍ ആരാധകരെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുമെന്ന് ചെന്നൈ നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിച്ചിരുന്നു.
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ക്ക് അത് ശരിക്കുമൊരു വിരുന്നായിരുന്നു. അവരുടെ നായകനും ചെന്നൈയുടെ തലയുമായ എം എസ് ധോണി ബാറ്റുമെടുത്ത് ക്രീസിലേക്ക് നടക്കുന്നത് കാണാന്‍ അവര്‍ കാത്തിരുന്നത് നീണ്ട മൂന്ന് വര്‍ഷമാണ്. ഒടുവില്‍ അത് യാഥാര്‍ത്ഥ്യമായപ്പോള്‍ അവര്‍ക്ക് ആവേശം അടക്കാനായില്ല. ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങള്‍ നടത്തുന്ന പരിശീലനം കാണാന്‍ ഇന്ന് ചെപ്പോക്ക് സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിച്ചിരുന്നു.
വൈകിട്ട് അഞ്ച് മുതല്‍ പരിശീലനം നേരില്‍ കാണാന്‍ ആരാധകരെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുമെന്ന് ചെന്നൈ നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിച്ചിരുന്നു. യഥാര്‍ത്ഥ മത്സരത്തിനുള്ള ആളുകളാണ് ചെന്നൈയുടെ പരിശീലനം കാണാന്‍ പോലും ചെപ്പോക്കിലേക്ക് ഇന്ന് ഒഴുകിയെത്തിയത്. താരങ്ങള്‍ ഓരോരുത്തരായി ബാറ്റിംഗ് പരിശീലനം നടത്തി മടങ്ങുമ്പോഴും അവര്‍ കാത്തിരുന്നത് തങ്ങളുടെ 'തല'യുടെ വരവിനായിട്ടായിരുന്നു. ഒടുവില്‍ ധോണി ബാറ്റുമെടുത്ത് ക്രീസിലേക്ക് നടന്നടുത്തപ്പോള്‍ അവര്‍ക്ക് ആവേശം അടക്കാനായില്ല. ആര്‍പ്പുവിളികളോടെയും വിസിലടികളോടെയുമാണ് ആരാധകര്‍ ധോണിയെ വരവേറ്റത്.
മാര്‍ച്ച് 31ന് തുടങ്ങുന്ന ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സുമായാണ് ചെന്നൈയുടെ ആദ്യ മത്സരം. കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്തായി പോയതിന്‍റെ ക്ഷീണം തീര്‍ക്കാനാണ് ധോണിയും സംഘവം ആരാധകര്‍ക്ക് മുമ്പില്‍ കളിക്കാനിറങ്ങുന്നത്. കൊവിഡ് മൂലം കഴിഞ്ഞ മൂന്ന് സീസണുകളിലും ഹോം ഗ്രൗണ്ടില്‍ കളിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോ ധോണിക്കോ ആയിട്ടില്ല. ഇത്തവണ ചെന്നൈയിലെ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കളിച്ച് ഐപിഎല്ലില്‍ നിന്ന് വിരമിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ധോണി കഴിഞ്ഞ സീസണില്‍ പറഞ്ഞിരുന്നു. എന്നാല്‍ 40 കാരനായ ധോണി അടുത്ത സീസണിലും ടീമിനൊപ്പം തുടരുമെന്നാണ് ടീം വൃത്തങ്ങള്‍ പറയുന്നത്.