അടിയോടടി! തല്ലുമാല സിനിമ പോലെ സിക്‌സര്‍മാല ക്രിക്കറ്റ്; റുതുരാജിനെ പ്രശംസിച്ച് ആരാധകര്‍
ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ മത്സരത്തില്‍ സിക്‌സര്‍ മഴയുമായി സിഎസ്‌കെ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദ്
അഹമ്മദാബാദ്: സഹ ഓപ്പണറും മൂന്നാമനും പവര്‍പ്ലേയ്‌ക്കിടെ മടങ്ങിയിട്ടും ഒരു കൂസലുമില്ലാതെ മറുതലയ്‌ക്കല്‍ അടിയോടടി. ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആത്മവിശ്വാസത്തോടെ ബാറ്റേന്തുകയായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ റുതുരാജ് ഗെയ്‌ക്‌വാദ്. സിക്‌സറുകള്‍ പാറിപ്പറന്ന ഇന്നിംഗ്‌സില്‍ 23 പന്തില്‍ താരം ഫിഫ്റ്റി തികച്ചപ്പോള്‍ സീസണിലെ കന്നി സെഞ്ചുറി തലനാരിഴയ്‌ക്ക് നഷ്‌ടമായി.
നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കിയുള്ള റുതുരാജ് ഗെയ്‌ക്‌വാദ് വെടിക്കെട്ടിനെ പ്രശംസ കൊണ്ട് മൂടുകയാണ് ആരാധകര്‍. ഓപ്പണര്‍ ദേവോണ്‍ കോണ്‍വേയും(1) മൂന്നാം നമ്പറുകാരന്‍ മൊയീന്‍ അലിയും(23) പവര്‍പ്ലേയ്‌ക്കിടെ പുറത്തായി. പിന്നാലെ ബെന്‍ സ്റ്റോക്‌സ്(7) അതിവേഗവും അമ്പാട്ടി റായുഡു 12 പന്ത് നേരിട്ട് 12 റണ്‍സുമായും മടങ്ങിയതൊന്നും കൂസാതെ സിക്‌സര്‍ മാലയുമായി ഗുജറാത്ത് ടൈറ്റന്‍സ് ബൗളര്‍മാരെ തലങ്ങുംവിലങ്ങും പറത്തുകയായിരുന്നു റുതുരാജ് ഗെയ്‌ക്‌വാദ്. ക്ലാസിക്കും ആക്രമണോത്സുകതയും ഒന്നിച്ച ഇന്നിംഗ്‌സിന് കയ്യടിക്കുകയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍.
ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ മത്സരത്തില്‍ സിക്‌സര്‍ മഴയുമായി ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദ് വിസ്‌മയിപ്പിച്ചപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിന് 178 റണ്‍സെടുത്തു. റുതുരാജ് 50 പന്തില്‍ 92 റണ്ണെടുത്ത് സെഞ്ചുറിക്കരികെ പുറത്തായി. നാല് ഫോറും 9 സിക്‌സും താരം പറത്തി. ഓപ്പണറായെത്തി 18-ാം ഓവറിലെ ആദ്യ പന്തിലാണ് റുതു മടങ്ങിയത്. അല്‍സാരി ജോസഫിന്‍റെ പന്തില്‍ ശുഭ്‌മാന്‍ ഗില്ലിനായിരുന്നു ക്യാച്ച്. ഗുജറാത്തിനായി മുഹമ്മദ് ഷമിയും റാഷിദ് ഖാനും അല്‍സാരി ജോസഫും രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി.
റുതുരാജിന്‍റെ മിന്നലടി, ധോണി ഫിനിഷിംഗ്; ഗുജറാത്തിനെതിരെ ചെന്നൈക്ക് മികച്ച സ്‌കോര്‍