ഐപിഎല്‍: ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടില്‍ രോഹിത് ശര്‍മ്മ ഔട്ട്! ഹിറ്റ്‌മാന്‍ എവിടെയെന്ന് ആരാധകര്‍

ട്രോഫിക്കൊപ്പമുള്ള ക്യാപ്റ്റന്‍മാരുടെ രണ്ട് ചിത്രം ഐപിഎല്‍ പുറത്തുവിട്ടപ്പോള്‍ രണ്ടിലും രോഹിത് ശര്‍മ്മയുണ്ടായിരുന്നില്ല

IPL 2023 Captains pose with trophy but fans wonder as Rohit Sharma is missing in photo jje

അഹമ്മദാബാദ്: ഐപിഎല്‍ 2023 സീസണിന് മുന്നോടിയായി ക്യാപ്റ്റന്‍മാര്‍ ട്രോഫിക്കൊപ്പം പോസ് ചെയ്‌തപ്പോള്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയുടെ അഭാവം ശ്രദ്ധേയമായിരുന്നു. വിവിധ ടീമുകളുടെ നായകന്‍മാരായി ഭുവനേശ്വര്‍ കുമാറും ഡേവിഡ് വാര്‍ണറും സഞ്ജു സാംസണും ഹാര്‍ദിക് പാണ്ഡ്യയും എം എസ് ധോണിയും കെ എല്‍ രാഹുലും ശിഖര്‍ ധവാനും നിതീഷ് റാണയും ഫാഫ് ഡുപ്ലസിസും അണിനിരന്നപ്പോള്‍ രോഹിത്തിനെ മാത്രം ഫോട്ടോ ഷൂട്ടിലെവിടെയും കണ്ടില്ല. ഐപിഎല്‍ അധികൃതര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ട്രോഫിക്കൊപ്പമുള്ള ക്യാപ്റ്റന്‍മാരുടെ രണ്ട് ചിത്രം പുറത്തുവിട്ടപ്പോള്‍ രണ്ടിലും രോഹിത് ശര്‍മ്മയുണ്ടായിരുന്നില്ല. 10 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ 9 ക്യാപ്റ്റന്‍മാരേ ഫോട്ടോ ഷൂട്ടിന് എത്തിയുള്ളൂ. 

മുംബൈ ഇന്ത്യന്‍സിന്‍റെ സ്റ്റാര്‍ ക്യാപ്റ്റനായ രോഹിത് ശര്‍മ്മ നായകന്‍മാരുടെ ഫോട്ടോയില്‍ ഇല്ലാതെ പോയത് ആരാധകരെ അമ്പരപ്പിച്ചു. രോഹിത് എവിടെയെന്ന ചോദ്യവുമായി നിരവധി ആരാധകരാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. രോഹിത് ശര്‍മ്മയ്ക്ക് എന്ത് സംഭവിച്ചു എന്ന് ചോദിക്കുന്ന ആരാധകരുണ്ടായിരുന്നു ഇതില്‍. രോഹിത് ശര്‍മ്മയുടെ അഭാവം പല ആരാധകരേയും ആശങ്കയിലാക്കി. അതേസമയം ടൂര്‍ണമെന്‍റിന് മുന്നോടിയായുള്ള ഫോട്ടോ ഷൂട്ടില്‍ ഇടംപിടിച്ചില്ലെങ്കിലും ഐപിഎല്‍ അവസാനിക്കുമ്പോള്‍ കപ്പുമായി രോഹിത്തിനെ കാണാം എന്നായിരുന്നു ഒരു ആരാധകന്‍റെ പ്രതികരണം. രോഹിത് ശര്‍മ്മ എന്തുകൊണ്ട് ഐപിഎല്‍ ട്രോഫി ഷൂട്ടൗട്ട് മിസ് ചെയ്‌തു എന്നതിന് വിശദീകരണമൊന്നും മുംബൈ ഇന്ത്യന്‍സോ ഐപിഎല്‍ അധികൃതരോ നല്‍കിയിട്ടില്ല. 

ഐപിഎൽ പതിനാറാം സീസണിന് വെള്ളിയാഴ്‌ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തുടക്കമാവും. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മത്സരങ്ങൾ ഹോം-ആൻഡ്‌ എവേ രീതിയിലേക്ക്‌ തിരിച്ചുവരികയാണ്. പത്ത് ടീമുകൾ 12 വേദികളിലായി 74 മത്സരങ്ങളിൽ ഏറ്റുമുട്ടും. മേയ് ഇരുപത്തിയെട്ടിനാണ് ഫൈനല്‍. ടോസിന് ശേഷം ഇലവനെ പ്രഖ്യാപിക്കുന്നതും ഇംപാക്‌ട് പ്ലെയറും വൈഡും നോബോളും ഡിആർഎസ് പരിധിയിൽ വരുന്നതുമാണ് ഇത്തവണത്തെ പ്രത്യേകത. കളിയുടെ ഗതിക്കനുസരിച്ച് ഒരു കളിക്കാരനെ മാറ്റി ഇറക്കുന്നതാണ് ഇംപാക്‌ട് പ്ലെയർ നിയമം. ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സാണ് നിലവിലെ ജേതാക്കള്‍. മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ് റണ്ണേഴ്‌സ് അപ്പ്. 

കപ്പുള്ളവരെല്ലാം മാറി നില്‍ക്കണം; ഐപിഎല്ലില്‍ പുതിയ ജേതാക്കള്‍ വരുമെന്ന് കാലിസ് 

Latest Videos
Follow Us:
Download App:
  • android
  • ios