IPL 2022: ജയിച്ചത് മുംബൈ; എന്നിട്ടും ആഘോഷിച്ച് മതിവരാതെ കോലിയും ഡൂപ്ലെസിയും മാക്സ്‌വെല്ലും
നിര്‍ണായക ഘടത്തത്തില്‍ ഡെവാള്‍ഡ് ബ്രെവിസിനെ നഷ്ടമായ മുംബൈ പതറിയപ്പോള്‍ ബാംഗ്ലൂര്‍ താരങ്ങളും മുംബൈയെക്കാള്‍ സമ്മര്‍ദ്ദത്തിലായി.
മുംബൈ: ഐപിഎല്ലില്‍(IPL 2022) മുംബൈ ഇന്ത്യന്‍സിന്‍റെ(Mumbai Indians) ജയത്തിനായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍(RCB) ഇതിന് മുമ്പ് ഇത്രമാത്രം ആഗ്രഹിച്ചിട്ടുണ്ടാവില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ(Delhi Capitals) മുംബൈ ഇന്ത്യന്‍സിന്‍റെ നിര്‍ണായ പോരാട്ടത്തില്‍ മുംബൈയുടെ ഓരോ റണ്ണിനും കൈയടിച്ചത് മുഴുവന്‍ ആര്‍സിബി താരങ്ങളായിരുന്നു.
മത്സരത്തില്‍ ഡല്‍ഹി ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈക്ക് തുടക്കത്തിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായതോടെ വിരാട് കോലി അടക്കമുള്ള ബാംഗ്ലൂര്‍ താരങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലായി. എന്നാല്‍ ഇഷാന്‍ കിഷന്‍ തകര്‍ത്തടിച്ചതോടെ അവര്‍ പ്രതീക്ഷ തിരിച്ചുപിടിച്ചു.
നിര്‍ണായക ഘടത്തത്തില്‍ ഡെവാള്‍ഡ് ബ്രെവിസിനെ നഷ്ടമായ മുംബൈ പതറിയപ്പോള്‍ ബാംഗ്ലൂര്‍ താരങ്ങളും മുംബൈയെക്കാള്‍ സമ്മര്‍ദ്ദത്തിലായി. എന്നാല്‍ ടിം ഡേവിഡിന്‍റെ ആറാട്ടില്‍ മുംബൈ വിജയത്തോട് അടുത്തപ്പോള്‍ ഐപിഎല്ലില്‍ കിരീടം അടുത്തത്തെത്തിയ ആവേശത്തിലായിരുന്നു വിരാട് കോലിയും ഗ്ലെന്‍ മാക്സ്‌വെല്ലും ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയും അടക്കമുള്ള ബാംഗ്ലൂര്‍ താരങ്ങള്‍.
ഒടുവില്‍ മുംബൈ ജയിച്ചുകയറിയപ്പോള്‍ ബാംഗ്ലൂര്‍ താരങ്ങളുടെ ആവേശം അണപൊട്ടി. ഇന്നലെ ഡല്‍ഹി ജയിച്ചിരുന്നെങ്കില്‍ നെറ്റ് റണ്‍റേറ്റില്‍ പിന്നിലായ ബാംഗ്ലൂര്‍ പ്ലേ ഓഫ് കാണാതെ പുറത്താവുമായിരുന്നു. ഇന്നലെ ഡല്‍ഹി തോറ്റതോടെ നാലാം സ്ഥാനക്കാരായി ബാംഗ്ലൂര്‍ പ്ലേ ഓഫിലെത്തി. മൂന്നാം സ്ഥാനക്കാരായ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സാണ് പ്ലേ ഓഫില്‍ ബാംഗ്ലൂരിന്‍റെ എതിരാളികള്‍.
മുംബൈയുടെ ജയത്തിന് പിന്നാലെ മുന്‍ നായകന്‍ വിരാട് കോലി മുംബൈക്ക് നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്തതും കൗതുകമായി.