IPL 2022 : റണ്ണൗട്ടായതിന് പരാഗിന്‍റെ കലിപ്പ് മൊത്തം അശ്വിനോട്- വീഡിയോ
അശ്വിനോട് കൈകള്‍ കാട്ടി തന്‍റെ വിയോജിപ്പ് ഉടനടി പരസ്യമാക്കി റിയാന്‍ പരാഗ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു
കൊല്‍ക്കത്ത: ഐപിഎല്‍ പതിനഞ്ചാം സീസണിലെ(IPL 2022) ആദ്യ ക്വാളിഫയറില്‍(GT vs RR Qualifier 1) രാജസ്ഥാന്‍ റോയല്‍സ് ഇന്നിംഗ്‌സിലെ അവസാന ഓവര്‍ നാടകീയമായിരുന്നു. രാജസ്ഥാന്‍(Rajasthan Royals) ഹിറ്റര്‍ റിയാന്‍ പരാഗ്(Riyan Parag) റണ്ണൗട്ടിയതായിരുന്നു ഇതില്‍ ശ്രദ്ധേയം. പുറത്തായതിന് പിന്നാലെ സഹതാരം രവിചന്ദ്ര അശ്വിനോട്(Ravichandran Ashwin) പരാഗ് ദേഷ്യം പ്രകടിപ്പിക്കുന്നത് മൈതാനത്ത് കാണാനായി.
നാടകീയതകളുടെ അയ്യരുകളിയായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ഇന്നിംഗ്‌സിലെ അവസാന ഓവര്‍. പന്ത് എറിഞ്ഞത് യാഷ് ദയാല്‍. അവസാന പന്തില്‍ അര്‍ധ സെഞ്ചുറിവീരന്‍ ജോസ് ബട്‌ലര്‍ റണ്ണൗട്ടായെങ്കിലും അംപയര്‍ നോബോള്‍ വിളിച്ചു. ഇതോടെ പുതിയ ബാറ്റര്‍ ആര്‍ അശ്വിന്‍ ഫ്രീ ഹിറ്റ് പന്ത് നേരിട്ടു. റിയാന്‍ പരാഗായിരുന്നു നോണ്‍സ്‌ട്രൈക്ക് എന്‍ഡില്‍. ദയാലിന്‍റെ പന്ത് വൈഡായപ്പോള്‍ പരാഗ് വീണ്ടും ലഭിക്കുന്ന ഫ്രീഹിറ്റ് മുതലാക്കാന്‍ റണ്ണിനായി ഓടി. എന്നാല്‍ അശ്വിന്‍ ക്രീസ് വിട്ടിറങ്ങിയിരുന്നില്ല. ഇതോടെ പരാഗ് റണ്ണൗട്ടായി. കൈകള്‍ കാട്ടി തന്‍റെ വിയോജിപ്പ് ഉടനടി പരസ്യമാക്കി പരാഗ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു. അവശ്യഘട്ടത്തില്‍ വമ്പന്‍ ഷോട്ടുകള്‍ കളിക്കുന്ന താരമാണ് അശ്വിനും എന്നിരിക്കേയാണ് പരാഗ് തന്‍റെ ദേഷ്യമെല്ലാം താരത്തോട് പ്രകടിപ്പിച്ചത്.
രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ആടിത്തിമിര്‍ത്തെങ്കിലും മത്സരത്തില്‍ കില്ലര്‍ മില്ലറുടെ വെടിക്കെട്ടില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഏഴ് വിക്കറ്റിന്‍റെ ജയവുമായി ഫൈനലില്‍ പ്രവേശിച്ചു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (27 പന്തില്‍ 40), ഡേവിഡ് മില്ലര്‍ (38 പന്തില്‍ 68) എന്നിവരാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. തുടര്‍ച്ചയായി മൂന്ന് സിക്‌സറുകളുമായാണ് മില്ലര്‍ ഫൈനല്‍ ടിക്കറ്റുറപ്പിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന് ജോസ് ബട്‌ലര്‍ (56 പന്തില്‍ 89), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (26 പന്തില്‍ 47) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രണ്ടാം ഓവറിലെ അവസാന പന്തില്‍ മൂന്ന് റണ്‍സുമായി ജയ്‌സ്വാള്‍ പുറത്തായ ശേഷമെത്തിയ സാംസണ്‍ ബട്‌ലര്‍ക്കൊപ്പം രാജസ്ഥാനെ കരകയറ്റുകയായിരുന്നു. യഷ് ദയാലിനെതിരെ സിക്‌സടിച്ചാണ് സഞ്ജു തുടങ്ങിയത്. മൂന്നാം വിക്കറ്റില്‍ ബട്‌ലര്‍ക്കൊപ്പം 68 റണ്‍സ് മലയാളി താരം കൂട്ടിച്ചേര്‍ത്തു. ഫൈനലിലെത്താന്‍ രാജസ്ഥാന് ഇനിയും ഒരവസരം കൂടിയുണ്ട്. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തില്‍ ജയിക്കുന്ന ടീമിനെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന് നേരിടാം. അതില്‍ ജയിക്കുന്ന ടീം ഫൈനലിലെത്തും.
IPL 2022 : മലയാളി പൊളിയാടാ... വീണ്ടും സഞ്ജു സാംസണെ വാഴ്‌ത്തിപ്പാടി ഇര്‍ഫാന്‍ പത്താന്‍